| Sunday, 28th January 2024, 8:24 pm

ജയിക്കാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം; വിരാടില്ലാത്ത ഇന്ത്യക്ക് തോല്‍വി, സഞ്ജുവില്ലാത്ത കേരളത്തിന്റെ ഗതിയെന്ത്?

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ ബീഹാറിനെതിരെ കേരളം പതറന്നു. മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ കേരളം 88 റണ്‍സിന് പിറകിലാണ്. മത്സരത്തില്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ 62ന് രണ്ട് എന്ന നിലയിലാണ് കേരളം മൂന്നാം ദിനം അവസാനിപ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം 227 റണ്‍സാണ് നേടിയത്. 229 പന്തില്‍ 137 റണ്‍സ് നേടിയ ശ്രേയസ് ഗോപാലിന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് കേരളം മോശമല്ലാത്ത ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബീഹാര്‍ കേരള ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു. സെഞ്ച്വറിയുമായി സാക്കിബുല്‍ ഗാനി തിളങ്ങിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായി ബിപിന്‍ സൗരഭും പിയൂഷ് സിങ്ങും മികച്ച പിന്തുണ നല്‍കി.

ഗാനി 255 പന്തില്‍ 150 റണ്‍സ് നേടിയാണ് ക്രീസ് വിട്ടത്. രണ്ട് ഫോറും 17 സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ബിപിന്‍ സൗരഭ് 85 പന്തില്‍ 60 റണ്‍സടിച്ചപ്പോള്‍ 104 പന്തില്‍ നിന്നും 51 റണ്‍സാണ് സിങ് ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

മൂവരുടെയും പ്രകടനത്തിന്റെ ബലത്തില്‍ ബീഹാര്‍ ആദ്യ ഇന്നിങ്‌സില്‍ 377 റണ്‍സിന്റെ ടോട്ടല്‍ സ്വന്തമാക്കി.

150 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളത്തിന് ആനന്ദ് കൃഷ്ണന്റെയും ക്യാപ്റ്റന്‍ രോഹന്‍ എസ്. കുന്നുമ്മലിന്റെയും വിക്കറ്റുകള്‍ ഇതിനോടകം നഷ്ടമായി. രോഹന്‍ 47 പന്തില്‍ 37 റണ്‍സ് നേടിയപ്പോള്‍ 32 പന്തില്‍ 12 റണ്‍സാണ് ആനന്ദ് കൃഷ്ണന്‍ നേടിയത്.

16 പന്തില്‍ ആറ് റണ്‍സുമായി സച്ചിന്‍ ബേബിയും ഏഴ് പന്തില്‍ രണ്ട് റണ്‍സുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസില്‍.

മത്സരത്തില്‍ ജയിക്കുക എന്നത് കേരളത്തെ സംബന്ധിച്ച് ഏറെ പ്രയാസകരമായിരിക്കും. ഒരു ദിവസം മാത്രം മുമ്പില്‍ നില്‍ക്കെ ലീഡ് വഴങ്ങിയ റണ്‍സ് മറികടന്ന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയും അത് മറികടക്കാന്‍ അനുവദിക്കാതെ ബീഹാറിനെ പുറത്താക്കുകയും ചെയ്താല്‍ മാത്രമേ കേരളത്തിന് വിജയിക്കാന്‍ സാധിക്കൂ.

ഇനി മത്സരം സമനിലയില്‍ കലാശിക്കുകയാണെങ്കില്‍, ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയതിനാല്‍ കേരളത്തിന് ഒരു പോയിന്റ് മാത്രമാണ് ലഭിക്കുക. ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തില്‍ ബീഹാറിന് മൂന്ന് പോയിന്റും സ്വന്തമാക്കാം.

അങ്ങനെ സംഭവിച്ചാല്‍ ഗ്രൂപ്പ് ബി-യില്‍ കേരളം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. മൂന്ന് മത്സരത്തില്‍ ഒന്നുപോലും ജയിക്കാത്ത കേരളത്തിനും ബീഹാറിനും നിലവില്‍ നാല് പോയിന്റാണുള്ളത്. പോസ്റ്റീവ് റണ്‍ റേറ്റാണ് രണ്ട് ടീമിനെയും വേര്‍തിരിക്കുന്നത്.

Content Highlight: Ranji Trophy, Kerala vs Bihar, Day 3 Updates

We use cookies to give you the best possible experience. Learn more