| Monday, 12th February 2024, 12:18 pm

ആദ്യ ജയം കയ്യകലത്ത്; ഒത്തുപിടിച്ചാല്‍ ബംഗാളും തോല്‍ക്കും

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ ആദ്യ ജയത്തിനായുള്ള കേരളത്തിന്റെ കാത്തിരിപ്പിന് അന്ത്യമായേക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗാളിനെതിരായ മത്സരത്തില്‍ വിജയിക്കാന്‍ ഇനി അഞ്ച് വിക്കറ്റുകള്‍ കൂടിയാണ് കേരളത്തിന് ആവശ്യമുള്ളത്.

നിലവില്‍ നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ (55 ഓവര്‍ പിന്നിടുമ്പോള്‍) 217 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ബംഗാള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നത്. 58 പന്തില്‍ 32 റണ്‍സുമായി ക്യാപ്റ്റന്‍ മനോജ് തിവാരിയും 22 പന്തില്‍ 21 റണ്‍സുമായി ഷഹബാസ് അഹമ്മദുമാണ് ക്രീസില്‍. 243 റണ്‍സ് കൂടിയാണ് ഇനി വിജയിക്കാന്‍ ബംഗാളിന് ആവശ്യമുള്ളത്.

മൂന്ന് വിക്കറ്റുമായി ജലജ് സക്‌സേനയും രണ്ട് വിക്കറ്റുമായി ശ്രേയസ് ഗോപലുമാണ് കേരളത്തിനായി തിളങ്ങുന്നത്.

ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കേരളം സച്ചിന്‍ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും സെഞ്ച്വറി കരുത്തില്‍ 363 റണ്‍സ് നേടി. സച്ചിന്‍ 261 പന്തില്‍ 124 റണ്‍സ് നേടിയപ്പോള്‍ 222 പന്തില്‍ 106 റണ്‍സാണ് അക്ഷയ് ചന്ദ്രന്‍ അടിച്ചെടുത്തത്. 40 റണ്‍സ് നേടിയ ജലജ് സക്‌സേനയും നിര്‍ണായകമായി.

സൂപ്പര്‍ താരം ജലജ് സക്‌സേനയുടെ ബൗളിങ് കരുത്തില്‍ ബംഗാള്‍ ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞു. മൂന്ന് മെയ്ഡന്‍ അടക്കം 21.1 ഓവര്‍ പന്തെറിഞ്ഞ സക്‌സേന 68 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റാണ് പിഴുതെറിഞ്ഞത്. രണ്‍ജോത് സിങ്ങിന്റേതൊഴികെയുള്ള എല്ലാ വിക്കറ്റുകളും സ്വന്തമാക്കിയത് ജലജാണ്.

ജലജിന്റെ ബൗളിങ്ങിന് മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ ബംഗാള്‍ ആദ്യ ഇന്നിങ്‌സില്‍ 180ന് പുറത്തായി. 93 പന്തില്‍ 72 റണ്‍സ് നേടിയ ഇ.ആര്‍. ഈശ്വരാണ് ടോപ് സ്‌കോറര്‍.

183 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ബാറ്റിങ് ആരംഭിച്ച കേരളം രണ്ടാം ഇന്നിങ്‌സില്‍ 265ന് ആറ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. വൈസ് ക്യാപ്റ്റന്‍ രോഹന്‍ എസ്. കുന്നുമ്മല്‍, സച്ചിന്‍ ബേബി, ശ്രേയസ് ഗോപാല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് കേരളത്തിന് തുണയായത്.

കുന്നുമ്മല്‍ 68 പന്തില്‍ 51 റണ്‍സടിച്ചപ്പോള്‍ 75 പന്തില്‍ നിന്ന് 51 റണ്‍സ് നേടി സച്ചിനും പുറത്തായി. 56 പന്തില്‍ പുറത്താകാതെ 50 റണ്‍സാണ് ശ്രേയസ് ഗോപാല്‍ നേടിയത്. ഇവര്‍ക്ക് പുറമെ ജലജ് സക്‌സേന (63 പന്തില്‍ 37), അക്ഷയ് ചന്ദ്രന്‍ (72 പന്തില്‍ 36) എന്നിവരുടെ സംഭാവനകളും കേരളത്തിന് തുണയായി.

Content highlight: Ranji Trophy: Kerala vs Bengal updates

We use cookies to give you the best possible experience. Learn more