| Tuesday, 29th October 2024, 6:26 pm

ജയിച്ചില്ല, തോറ്റുമില്ല; വിജയിച്ചെത്തിയ കര്‍ണാടകയെയും തളച്ച് കേരളം

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി എലീറ്റ് സി-യില്‍ ബംഗാളിനെതിരായ കേരളത്തിന്റെ മത്സരം സമനിലയില്‍. ആദ്യ ഇന്നിങ്‌സ് പൂര്‍ത്തിയാകാതെയാണ് മത്സരം സമനലിയില്‍ അവസാനിപ്പിക്കാന്‍ ഇരു ക്യാപ്റ്റന്‍മാരും നിര്‍ബന്ധിതരായത്. ഇതോടെ ഇരു ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു.

സ്‌കോര്‍

കേരളം: 356/9d

ബംഗാള്‍: 181/3

മഴ കളിച്ച മത്സരത്തില്‍ നടന്നതിങ്ങനെ…

മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരത്തിന്റെ ആദ്യ ദിവസം പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടാം ദിവസത്തിന്റെ മൂന്നാം സെഷനില്‍ മാത്രമാണ് ടോസ് പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

ടോസ് നേടിയ ബംഗാള്‍ കേരളത്തെ ബാറ്റിങ്ങിനയച്ചു. എന്നാല്‍ തൊട്ടതെല്ലാം പിഴയ്ക്കുന്ന കേരളമായിരുന്നു സോള്‍ട്ട് ലേക്കിലെ കാഴ്ച. സ്‌കോര്‍ ബോര്‍ഡില്‍ 38 റണ്‍സ് കയറിയപ്പോഴേക്കും നാല് മുന്‍നിര വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

വത്സല്‍ ഗോവിന്ദ് (30 പന്തില്‍ അഞ്ച്), രോഹന്‍ എസ്. കുന്നുമ്മല്‍ (22 പന്തില്‍ 23), ബാബ അപരാജിത് (ഗോള്‍ഡന്‍ ഡക്ക്), ആദിത്യ സര്‍വാതെ (എട്ട് പന്തില്‍ അഞ്ച്) എന്നിവരുടെ വിക്കറ്റാണ് കേരളത്തിന് തുടക്കത്തിലേ നഷ്ടമായി.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 65 പന്ത് നേരിട്ട് 12 റണ്‍സ് നേടി മടങ്ങി. 72 പന്തില്‍ 31 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രന്‍ തന്റേതായ സംഭവാന കേരള ഇന്നിങ്സിന് നല്‍കി.

എന്നാല്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവീണപ്പോള്‍ രക്ഷകരായി ടീമിന്റെ ലോവര്‍ മിഡില്‍ ഓര്‍ഡര്‍ അവതരിച്ചു. സെഞ്ച്വറിയോളം പോന്ന മൂന്ന് അര്‍ധ സെഞ്ച്വറികളാണ് എഴ്, എട്ട്, ഒമ്പത് നമ്പറിലിറങ്ങിയ താരങ്ങള്‍ അടിച്ചെടുത്തത്.

262 പന്ത് നേരിട്ട് പുറത്താകാതെ 95 റണ്‍സ് നേടിയ സല്‍മാന്‍ നിസാറാണ് കേരള നിരയിലെ ടോപ് സ്‌കോറര്‍. എട്ട് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ 97 പന്തില്‍ 84 റണ്‍സ് നേടി പുറത്തായപ്പോള്‍ 162 പന്തില്‍ 84 റണ്‍സാണ് ജലജ് സക്‌സേന സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്.

മത്സരത്തിന്റെ നാലാം ദിനം 89 റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്ത് കേരളം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ബംഗാളിനായി ഇഷാന്‍ പോരല്‍ ആറ് വിക്കറ്റ് വീഴ്ത്തി. ആറ് മെയ്ഡന്‍ അടക്കം 30 ഓവര്‍ പന്തെറിഞ്ഞ് 103 റണ്‍സ് വഴങ്ങിയാണ് താരം ആറ് വിക്കറ്റ് വീഴ്ത്തിയത്.

പ്രദീപ്ത പ്രമാണിക്, സൂരജ് സിന്ധു ജെയ്‌സ്വാള്‍, മുഹമ്മദ് കൈഫ് എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബംഗാളിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാര്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 101ല്‍ നില്‍ക്കവെ സുദീപ് ചാറ്റര്‍ജിയെ പുറത്താക്കി ജലജ് സക്‌സേന കേരളത്തിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 102 പന്തില്‍ 57 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അധികം വൈകാതെ ശുഭം ദേയുടെ വിക്കറ്റും ടീമിന് നഷ്ടമായി. 113 പന്തില്‍ 67 റണ്‍സ് നേടി നില്‍ക്കവെയാണ് താരം തിരിച്ചുനടന്നത്.

പിന്നാലെയെത്തിയ അവിലിന്‍ ഘോഷ് മൂന്ന് പന്തില്‍ നാല് റണ്‍സടിച്ച് പുറത്തായി.

നാലാം ദിവസത്തിന്റെ അവസാനത്തില്‍ വെളിച്ചക്കുറവും മത്സരം തടസ്സപ്പെടുത്തി. ഒടുവില്‍ ബംഗാള്‍ 181/3 എന്ന നിലയില്‍ നില്‍ക്കവെ മത്സരം അവസാനിപ്പിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

പോയിന്റ് പട്ടികയില്‍ തലവേദനയാകാന്‍ കര്‍ണാടക

ബംഗാളിനെതിരായ സമനിലയ്ക്ക് പിന്നാലെ മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമായി എട്ട് പോയിന്റാണ് കേരളത്തിനുള്ളത്. 1.583 റണ്‍സ് ക്വോഷ്യന്റോടെയാണ് കേരളം രണ്ടാമത് തുടരുന്നത്.

അതേസമയം, തങ്ങളുടെ മൂന്നാം മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കിയ കര്‍ണാടക മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആറാം സ്ഥാനത്ത് നിന്നായിരുന്നു മായങ്ക് അഗര്‍വാളിന്റെയും സംഘത്തിന്റെയും കുതിപ്പ്. ദുര്‍ബലരായ ബീഹാറിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കര്‍ണാടക സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.

എട്ട് പോയിന്റ് തന്നെയാണ് കര്‍ണാടകയ്ക്കും ഉള്ളത്. 1.325 ആണ് ടീമിന്റെ റണ്‍സ് ക്വോഷ്യന്റ്.

കളിച്ച മൂന്ന് മത്സരത്തില്‍ നിന്നും 13 പോയിന്റോടെ ഹരിയാനയാണ് എലീറ്റ് ഗ്രൂപ്പ് സി-യില്‍ ഒന്നാമത്. ആദ്യ മത്സരത്തില്‍ ബോണസ് പോയിന്റോടെ വിജയം നേടിയ ഹരിയാന, രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും ആദ്യ ഇന്നിങ്‌സ് ലീഡും സ്വന്തമാക്കി.

അടുത്ത എതിരാളികളാര്?

നവംബര്‍ ആറിനാണ് കേരളത്തിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശാണ് എതിരാളികള്‍. മൂന്ന് മത്സരത്തില്‍ നിന്നും അഞ്ച് പോയിന്റോടെ അഞ്ചാമതാണ് യു.പി

Content highlight: Ranji Trophy: Kerala vs Bengal: Match Updates

We use cookies to give you the best possible experience. Learn more