ഒറ്റ മത്സരത്തില്‍ 13 വിക്കറ്റ്, ഇപ്പോഴും തുടരുന്നു; ആക്രമണമവസാനിപ്പിക്കാതെ സഞ്ജുവിന്റെ പടയാളി
Sports News
ഒറ്റ മത്സരത്തില്‍ 13 വിക്കറ്റ്, ഇപ്പോഴും തുടരുന്നു; ആക്രമണമവസാനിപ്പിക്കാതെ സഞ്ജുവിന്റെ പടയാളി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th February 2024, 3:16 pm

രഞ്ജി ട്രോഫിയിലെ കേരളം – ബംഗാള്‍ മത്സരത്തില്‍ തിളങ്ങി ജലജ് സക്‌സേന. മത്സരത്തിന്റെ നാലാം ദിനം ചായക്ക് പിരിയുമ്പോള്‍ 13 വിക്കറ്റുകളുമായാണ് ജലജ് പന്തെറിയുന്നത്.

നിലവില്‍ 324 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ് ബംഗാള്‍ ബാറ്റിങ് തുടരുന്നത്. 125 റണ്‍സ് കൂടിയാണ് ബംഗാളിന് വിജയിക്കാന്‍ ആവശ്യമുള്ളത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയാല്‍ കേരളത്തിനും വിജയിക്കാം.

ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ജലജ് രണ്ടാം ഇന്നിങ്‌സില്‍ ഇതിനോടകം തന്നെ നാല് വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് മെയ്ഡനുകള്‍ അടക്കം 21.1 ഓവര്‍ പന്തെറിഞ്ഞാണ് ജലജ് ഒമ്പത് വിക്കറ്റ് വീഴ്ത്തിയത്. വഴങ്ങിയതാകട്ടെ 68 റണ്‍സും.

എ.ആര്‍. ഈശ്വരന്‍, സുദീപ് കുമാര്‍ ഗരാമി, ക്യാപ്റ്റന്‍ മനോജ് തിവാരി, വിക്കറ്റ് കീപ്പര്‍ അഭിഷേക് പോരല്‍, അനുഷ്ടുപ് മജുംദാര്‍, ഷഹബാസ് അഹമ്മദ്, കരണ്‍ ലാല്‍, ആകാശ് ദീപ്, സുപജ് സിന്ധു ജെയ്‌സ്വാള്‍ എന്നിവരെയാണ് ജലജ് ആദ്യ ഇന്നിങ്‌സില്‍ മടക്കിയത്. താരത്തിന്റെ കരിയറിലെ മികച്ച പ്രകടമനമാണിത്.

രണ്ടാം ഇന്നിങ്‌സില്‍ ഇതുവരെ മൂന്ന് മെയ്ഡന്‍ അടക്കം 34 ഓവര്‍ പന്തെറിഞ്ഞ താരം നൂറ് റണ്‍സ് വഴങ്ങി നാല് വിക്കറ്റും വീഴ്ത്തി.

എ.ആര്‍. ഈശ്വരന്‍, രണ്‍ജോത് സിങ് ഖരിയ, അനുഷ്ടുപ് മജുംദാര്‍, മനോജ് തിവാരി എന്നിവരെയാണ് നാലാം ദിനം ചായക്ക് പിരിയും മുമ്പ് ജലജ് പുറത്താക്കിയത്.

മത്സരത്തില്‍ വിജയിക്കാന്‍ കേരളം കിണഞ്ഞു ശ്രമിക്കുമ്പോള്‍ സമനില നേടാനാണ് ബംഗാളിന്റെ ശ്രമം.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കേരളം സച്ചിന്‍ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും സെഞ്ച്വറി കരുത്തില്‍ 363 റണ്‍സ് നേടി. സച്ചിന്‍ 261 പന്തില്‍ 124 റണ്‍സ് നേടിയപ്പോള്‍ 222 പന്തില്‍ 106 റണ്‍സാണ് അക്ഷയ് ചന്ദ്രന്‍ അടിച്ചെടുത്തത്. 40 റണ്‍സ് നേടിയ ജലജ് സക്സേനയും നിര്‍ണായകമായി.

സൂപ്പര്‍ താരം ജലജ് സക്സേനയുടെ ബൗളിങ് കരുത്തില്‍ ബംഗാള്‍ ആദ്യ ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞു. 180 റണ്‍സിനാണ് ബംഗാള്‍ ആദ്യ ഇന്നിങ്‌സില്‍ പുറത്തായത്.

183 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റിങ് ആരംഭിച്ച കേരളം രണ്ടാം ഇന്നിങ്സില്‍ 265ന് ആറ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. വൈസ് ക്യാപ്റ്റന്‍ രോഹന്‍ എസ്. കുന്നുമ്മല്‍, സച്ചിന്‍ ബേബി, ശ്രേയസ് ഗോപാല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് കേരളത്തിന് തുണയായത്.

കുന്നുമ്മല്‍ 68 പന്തില്‍ 51 റണ്‍സടിച്ചപ്പോള്‍ 75 പന്തില്‍ നിന്ന് 51 റണ്‍സ് നേടി സച്ചിനും പുറത്തായി. 56 പന്തില്‍ പുറത്താകാതെ 50 റണ്‍സാണ് ശ്രേയസ് ഗോപാല്‍ നേടിയത്. ഇവര്‍ക്ക് പുറമെ ജലജ് സക്സേന (63 പന്തില്‍ 37), അക്ഷയ് ചന്ദ്രന്‍ (72 പന്തില്‍ 36) എന്നിവരുടെ സംഭാവനകളും കേരളത്തിന് തുണയായി.

 

 

Content highlight: Ranji Trophy, Kerala vs Bengal: Jalaj Saxena’s brilliant bowling