രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരായ മത്സരത്തിന്റെ ആദ്യ ദിവസം 265 റണ്‍സ് നേടി കേരളം. സച്ചിന്‍ ബേബിയുടെ സെഞ്ച്വറി കരുത്തിലാണ് കേരളം ബംഗാളിനെതിരെ ആദ്യ ദിവസം മികച്ച രീതിയില്‍ അവസാനിപ്പിച്ചത്.
തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരള നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല കേരളത്തിന് ലഭിച്ചത്. വൈസ് ക്യാപ്റ്റന്‍ രോഹന്‍ എസ്. കുന്നുമ്മല്‍ 21 പന്തില്‍ 19 റണ്‍സ് നേടി പുറത്തായപ്പോള്‍ 15 പന്തില്‍ നിന്നും മൂന്ന് റണ്‍സുമായി രോഹന്‍ പ്രേമും പുറത്തായി.
40ന് രണ്ട് എന്ന നിലയില്‍ നില്‍ക്കവെയാണ് നാലാമനായി സച്ചിന്‍ ബേബി കേരളത്തിനായി കളത്തിലെത്തുന്നത്. ജലജ് സക്‌സേനക്കൊപ്പം ചേര്‍ന്ന് താരം സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി.
എന്നാല്‍ ടീം സ്‌കോര്‍ 82ല്‍ നില്‍ക്കവെ ജലജ് സക്‌സേനയെ പുറത്താക്കി ബംഗാള്‍ കൂട്ടുകെട്ട് പൊളിച്ചു. അങ്കിത് മിശ്രയുടെ പന്തില്‍ അഭിഷേക് പോരലിന് ക്യാച്ച് നല്‍കിയാണ് സക്‌സേന മടങ്ങിയത്. 118 പന്ത് നേരിട്ട് 40 റണ്‍സാണ് താരം നേടിയത്.
പിന്നാലെ അഞ്ചാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പാടെ നിരാശപ്പെടുത്തി. 17 പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
ആറാം നമ്പറില്‍ അക്ഷയ് ചന്ദ്രനെത്തിയതോടെ കേരളത്തിന് വീണ്ടും പ്രതീക്ഷകളുദിച്ചു. സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സച്ചിന്‍ – അക്ഷയ് ജോഡി കേരളത്തെ മികച്ച സ്‌കോറിലേക്കുയര്‍ത്തുകയാണ്.
സച്ചിന്‍ ബേബി സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ അര്‍ധ സെഞ്ച്വറി നേടിയാണ് അക്ഷയ് ചന്ദ്രന്‍ ബാറ്റിങ് തുടരുന്നത്. സച്ചിന്‍ 220 പന്തില്‍ 110 റണ്‍സുമായും അക്ഷയ് ചന്ദ്രന്‍ 150 പന്തില്‍ 76 റണ്‍സും നേടിയാണ് പുറത്താകാതെ നില്‍ക്കുന്നത്.
ബംഗാളിനായി അങ്കിത് മിശ്ര, സൂര്യ സിന്ധി ജെയ്‌സ്വാള്‍, ആകാശ് ദീപ്, ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
രഞ്ജിയില്‍ തങ്ങളുടെ സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ കേരളത്തിന് ഇന്നിങ്‌സ് ജയം അനിവാര്യമാണ്.
Content Highlight: Ranji Trophy: Kerala vs Bengal Day updates