രഞ്ജി ട്രോഫി എലീറ്റ് സിയിലെ കേരള – ബംഗാള്‍ മത്സരത്തിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ കേരളം ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നു. ഏഴ് വിക്കറ്റിന് 267 റണ്‍സ് എന്ന നിലയിലാണ് കേരളം മൂന്നാം ദിവസം അവസാനിപ്പിച്ചത്.
സൂപ്പര്‍ താരം ജലജ് സക്‌സേനയുടെ കരുത്തിലാണ് കേരളം പൊരുതിയത്. ക്യാപ്റ്റന്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മധ്യനിരയില്‍ സക്‌സേനയുടെ ചെറുത്ത് നില്‍പാണ് കേരളത്തിന് തുണയായത്.
മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തിയ ജലജ് സക്‌സേന സോള്‍ട്ട് ലേക്കിലെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗ്രൗണ്ടില്‍ സെഞ്ച്വറിയുടെ പ്രതീതി സൃഷ്ടിച്ചിരുന്നു. 162 പന്തില്‍ 84 റണ്‍സാണ് താരം അടിച്ചുനേടിയത്. 12 ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ജലജിന് പുറമെ അര്‍ധ സെഞ്ച്വറി നേടി ബാറ്റിങ് തുടരുന്ന സല്‍മാന്‍ നിസാറാണ് കേരള ഇന്നിങ്‌സിനെ താങ്ങി നിര്‍ത്തിയത്. 205 പന്തില്‍ 64 റണ്‍സ് നേടിയാണ് സല്‍മാന്‍ ക്രീസില്‍ തുടരുന്നത്. 48 പന്തില്‍ 30 റണ്‍സുമായി മുഹമ്മദ് അസറുദ്ദീനാണ് ഒപ്പമുള്ളത്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരത്തിന്റെ ആദ്യ ദിവസം പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടാം ദിവസത്തിന്റെ മൂന്നാം സെഷനില്‍ മാത്രമാണ് ടോസ് പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.
ടോസ് നേടിയ ബംഗാള്‍ കേരളത്തെ ബാറ്റിങ്ങിനയച്ചു. എന്നാല്‍ തൊട്ടതെല്ലാം പിഴയ്ക്കുന്ന കേരളമായിരുന്നു സോള്‍ട്ട് ലേക്കിലെ കാഴ്ച. സ്‌കോര്‍ ബോര്‍ഡില്‍ 38 റണ്‍സ് കയറിയപ്പോഴേക്കും നാല് മുന്‍നിര വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
വത്സല്‍ ഗോവിന്ദ് (30 പന്തില്‍ അഞ്ച്), രോഹന്‍ എസ്. കുന്നുമ്മല്‍ (22 പന്തില്‍ 23), ബാബ അപരാജിത് (ഗോള്‍ഡന്‍ ഡക്ക്), ആദിത്യ സര്‍വാതെ (എട്ട് പന്തില്‍ അഞ്ച്) എന്നിവരുടെ വിക്കറ്റാണ് കേരളത്തിന് തുടക്കത്തിലേ നഷ്ടമായി.
ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 65 പന്ത് നേരിട്ട് 12 റണ്‍സ് നേടി മടങ്ങി. പന്തില്‍ 31 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രന്‍ തന്റേതായ സംഭവാന കേരള ഇന്നിങ്‌സിന് നല്‍കി.
ബംഗാള്‍ നിരയില്‍ ഇഷാന്‍ പോരലാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ആകെ വീണ ഏഴ് വിക്കറ്റില്‍ അഞ്ചും പോരലാണ് പിഴുതെറിഞ്ഞത്.
അഞ്ച് മെയ്ഡന്‍ അടക്കം 24 ഓവര്‍ പന്തെറിഞ്ഞ താരം 83 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്.
മൂന്നാം ദിനം അവസാനിക്കുമ്പോള്‍ പ്രദീപ്ത പ്രമാണിക്, സൂരജ് സിന്ധു ജെയ്‌സ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മത്സരത്തിന്റെ അവസാന ദിവസം ബംഗാള്‍ ആഞ്ഞടിക്കുമെന്നുറപ്പാണ്. മത്സരത്തില്‍ വിജയം സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി മൂന്ന് പോയിന്റ് കൈപ്പിടിയിലൊതുക്കാനാണ് ബംഗാളിന്റെ ശ്രമം.
വത്സല്‍ ഗോവിന്ദ്, രോഹന്‍ എസ്. കുന്നുമ്മല്‍, ബാബ അപരാജിത്, ആദിത്യ സര്‍വാതെ, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), അക്ഷയ് ചന്ദ്രന്‍, ജലജ് സക്സേന, ബേസില്‍ തമ്പി, മുഹമമ്ദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), നിധീഷ് എം.ഡി, സല്‍മാന്‍ നിസാര്‍.
ശിവം ദേ, സുദീപ് ചാറ്റര്‍ജി, സുദീപ് കുമാര്‍ ഘരാമി, അനുഷ്ടുപ് മജുംദാര്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), അവിലിന്‍ ഘോഷ്, ഷഹബാസ് അഹമ്മദ്, പ്രദീപ്ത പ്രമാണിക്, സൂരജ് സിന്ധു ജെയ്സ്വാള്‍, മുഹമ്മദ് കൈഫ്, ഇഷാന്‍ പോരല്‍.
Content Highlight: Ranji Trophy: Kerala vs Bengal: Day 3 Updates, Jalaj Saxena and Salman Nizar completed half centuries