രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ അസമിനെതിരെ കേരളത്തിന് മികച്ച തുടക്കം. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപ്പണര്‍മാര്‍ ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരിക്കുകയാണ്.
സഞ്ജു സാംസണ്‍ ദേശീയ ഡ്യൂട്ടിയിലേക്ക് കളം മാറിയതോടെ രോഹന്‍ എസ്. കുന്നുമ്മലാണ് കേരളത്തെ നയിക്കുന്നത്. രണ്ട് യുവതാരങ്ങള്‍ നയിക്കുന്ന ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഹോം ടൗണ്‍ ബോയ് റിയാന്‍ പരാഗാണ് അസമിന്റെ നായകന്‍.
ആദ്യ വിക്കറ്റില്‍ 133 റണ്‍സാണ് ക്യാപ്റ്റന്‍ രോഹന്‍ എസ്. കുന്നുമ്മലും കൃഷ്ണ പ്രസാദും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. മികച്ച രീതിയില്‍ ബാറ്റ് വീശിയ രോഹനാണ് ആദ്യം അര്‍ധ സെഞ്ച്വറി തികച്ചത്.
തുടര്‍ന്നും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കവെ സിദ്ധാര്‍ത്ഥ് സമര്‍ത്ഥിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കേരള നായകനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 95 പന്ത് നേരിട്ട് 11 ഫോറിന്റെ അകമ്പടിയോടെ 83 റണ്‍സാണ് രോഹന്‍ നേടിയത്.
വൈകാതെ രണ്ടാം ഓപ്പണറായ കൃഷ്ണ പ്രദാസും അര്‍ധ സെഞ്ച്വറി തികച്ചു. നേരിട്ട 98ാം പന്തിലാണ് കൃഷ്ണ പ്രസാദിന്റെ വ്യക്തിഗത സ്‌കോര്‍ 50ലെത്തിയത്. നാല് ഫോറും രണ്ട് സിക്‌സറും അടക്കമാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഈ സീസണില്‍ കൃഷ്ണ പ്രസാദ് ആദ്യമായി അക്കൗണ്ട് തുറന്ന മത്സരം കൂടിയായിരുന്നു ഇത്. ഉത്തര്‍പ്രദേശിനെതിരായ ആദ്യ മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയ താരം രണ്ടാം ഇന്നിങ്‌സില്‍ പത്ത് പന്ത് നേരിട്ട് ഡക്കായാണ് പവലിയനിലേക്ക് തിരികെ നടന്നത്.
നിലവില്‍ 141ന് ഒന്ന് എന്ന നിലയിലാണ് കേരളം. 104 പന്തില്‍ 52 റണ്‍സുമായി കൃഷ്ണ പ്രസാദും 24 പന്തില്‍ നാല് റണ്‍സുമായി രോഹന്‍ പ്രേമുമാണ് ക്രീസില്‍.
കേരള പ്ലെയിങ് ഇലവന്‍
രോഹന്‍ എസ്. കുന്നുമ്മല്‍ (ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, രോഹന്‍ പ്രേം, ബേസില്‍ തമ്പി, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന, എം.ഡി. നിധീഷ്, സച്ചിന്‍ ബേബി, ശ്രേയസ് ഗോപാല്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), സുരേഷ് വിശ്വേശ്വര്‍.
അസം പ്ലെയിങ് ഇലവന്‍
ആകാശ് സെന്‍ഗുപ്ത, മുക്താര്‍ ഹുസൈന്‍, രാഹുല്‍ ഹസാരിക, രാഹുല്‍ സിങ്, റിഷവ് ദാസ്, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), സുമിത് ഗാതിഗോങ്കര്‍ (വിക്കറ്റ് കീപ്പര്‍), സിദ്ധാര്‍ത്ഥ് സമര്‍ത്ഥ്, സുനില്‍ ലചിത്, ഗോകുല്‍ ശര്‍മ, സാഹില്‍ ജെയ്ന്‍.
Content Highlight: Ranji Trophy, Kerala vs Assam, Krishna Prasad scored half century