രഞ്ജി ട്രോഫിയില്‍ സീസണിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ആന്ധ്രാപ്രദേശിനെതിരെ കേരളം ആദ്യം പന്തെറിയുന്നു. മത്സരത്തില്‍ ടോസ് നേടിയ ആന്ധ്ര നായകന്‍ റിക്കി ഭുയി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
അവസാന മത്സരത്തില്‍ സച്ചിന്‍ ബേബിക്ക് കീഴിലാണ് കേരളം കളത്തിലിറങ്ങിയിരിക്കുന്നത്. സഞ്ജു സാംസണ്‍ മത്സരത്തില്‍ നിന്നും വിട്ടുനിന്നതിന് പിന്നാലെയാണ് സച്ചിന്‍ ബേബി കേരളത്തിന്റെ നായകസ്ഥാനത്തേക്കെത്തിയത്.
ഈ മത്സരത്തില്‍ ബോണസ് പോയിന്റ് നേടി വിജയിച്ചാലും കേരളത്തിന് നോക്ക് ഔട്ട് ഘട്ടത്തിലേക്ക് കടക്കാന്‍ സാധിക്കില്ല. ഇക്കാരണത്താല്‍ സ്ഥിരം നായകനായ സഞ്ജു വിട്ടുനില്‍ക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആന്ധ്രക്ക് തുടക്കം പാളിയിരുന്നു. ഓപ്പണര്‍ രേവത് റെഡ്ഡിയെ പൂജ്യത്തിന് നഷ്ടപ്പെട്ടാണ് ആന്ധ്ര പതറിയത്. ഒമ്പത് പന്ത് നേരിട്ട താരം ബേസില്‍ തമ്പിയുടെ പന്തില്‍ അക്ഷയ് ചന്ദ്രന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
പിന്നാലെയെത്തിയ അശ്വിന്‍ ഹെബ്ബാറുമായി ഓപ്പണര്‍ മഹീപ് കുമാര്‍ സ്‌കോറിങ്ങിന് തുടക്കമിട്ടു. എന്നാല്‍ ആ കൂട്ടുകെട്ടിന് കാര്യമായ ആയുസ് നല്‍കാതെ അഖില്‍ സ്‌കറിയ കേരളത്തിന് ബ്രേക് ത്രൂ നല്‍കി. 44 പന്തില്‍ 28 റണ്‍സ് നേടിയാണ് ഹെബ്ബാര്‍ പുറത്തായത്.
അതേസമയം, ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ 97ന് രണ്ട് എന്ന നിലയിലാണ് ആന്ധ്ര ബാറ്റിങ് തുടരുന്നത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ മഹീപ് കുമാറിനൊപ്പം ഹനുമ വിഹാരിയാണ് ക്രീസില്‍.
മഹീപ് 103 പന്തില്‍ 53 റണ്‍സ് നേടിയപ്പോള്‍ 42 പന്തില്‍ 16 റണ്‍സുമായാണ് വിഹാരി ക്രീസില്‍ തുടരുന്നത്.
ആന്ധ്രാപ്രദേശ് പ്ലെയിങ് ഇലവന്‍
കെ. രേവത് റെഡ്ഡി, മഹീപ് കുമാര്‍, അശ്വിന്‍ ഹെബ്ബാര്‍, ഹനുമ വിഹാരി, ഗിരിനാഥ് റെഡ്ഡി, കരണ്‍ ഷിന്‍ഡേ, മനീഷ് ഗോലമരു, പി. സത്യനാരായണ്‍ രാജു, റിക്കി ഭുയി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷെയ്ഖ് റഷീദ്, ഷോയ്ബ് മുഹമ്മദ് ഖാന്‍.
കേരളം പ്ലെയിങ് ഇലവന്‍
അക്ഷയ് ചന്ദ്രന്‍, എന്‍. ബേസില്‍, ബേസില്‍ തമ്പി, ജലജ് സക്‌സേന, കൃഷ്ണ പ്രസാദ്, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), രോഹന്‍ എസ്. കുന്നുമ്മല്‍, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വൈശാഖ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ.
Content highlight: Ranji Trophy: Kerala vs Andra Pradesh updates