രഞ്ജി ട്രോഫിയിലെ ആദ്യ നാല് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഒന്നില്‍ പോലും വിജയം നേടാന്‍ സാധിക്കാതെയാണ് കേരളം എലീറ്റ് ഗ്രൂപ്പ് ബി-യില്‍ തുടരുന്നത്. നാല് മത്സരത്തില്‍ നിന്നും മൂന്ന് സമനിലയും ഒരു തോല്‍വിയുമടക്കം അഞ്ച് പോയിന്റാണ് കേരളത്തിനുള്ളത്. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കേരളം.
ഉത്തര്‍പ്രദേശിനെതിരായ ആദ്യ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ അസമിനെതിരായ രണ്ടാം മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടി മത്സരം സമനിലയില്‍ അവസാനിപ്പിച്ചു.
മുംബൈക്കെതിരായ മത്സരത്തില്‍ 232 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ നാലാം മത്സരത്തില്‍ ബീഹാറും കേരളത്തെ ഞെട്ടിച്ചു. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടി മൂന്ന് പോയിന്റ് നേടിയാണ് ബീഹാര്‍ കേരളത്തെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് തള്ളിയിട്ടത്.
നിലവില്‍ ഏഴാം സ്ഥാനത്താണെങ്കിലും കേരളത്തിന്റെ സാധ്യതകള്‍ അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയും മൂന്ന് മത്സരങ്ങള്‍ കേരളത്തിന് ബാക്കിയുണ്ട്.
ഈ മൂന്ന് മത്സരത്തിലും വിജയിക്കുകയാണെങ്കില്‍ 18 പോയിന്റ് കേരളത്തിന് ലഭിക്കും. അഥവാ എല്ലാ മത്സരത്തിലും ബോണസ് പോയിന്റ് കൂടി ലഭിക്കുകയാണെങ്കില്‍ മൂന്ന് മത്സരത്തില്‍ നിന്നുമായി 21 പോയിന്റാണ് കേരളത്തിന്റെ അക്കൗണ്ടിലെത്തുക.
ഒരു മത്സരത്തില്‍ ഇന്നിങ്‌സ് വിജയമോ പത്ത് വിക്കറ്റിന്റെ വിജയമോ സ്വന്തമാക്കിയാലാണ് ബോണസ് പോയിന്റ് ലഭിക്കുക. വിജയത്തിന്റെ ആറ് പോയിന്റിനൊപ്പം ഒരു പോയിന്റ് ബോണസായി ടീമിന് ലഭിക്കും.
എന്നാല്‍ കേരളത്തെ സംബന്ധിച്ച് ഇത് അത്രയെളുപ്പം നേടാന്‍ സാധിക്കുന്നതല്ല. കാരണം എതിരാളികള്‍ ശക്തരാണ് എന്നതുതന്നെ.
ഫെബ്രുവരി രണ്ടിനാണ് കേരളം തങ്ങളുടെ അഞ്ചാം മത്സരത്തിനിറങ്ങുന്നത്. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഛത്തീസ്ഗഡാണ് എതിരാളികള്‍. നാല് മത്സരത്തില്‍ ഒരു ജയവും ഒരു തോല്‍വിയുമായി 11 പോയിന്റാണ് ഛത്തീസ്ഗഡിനുള്ളത്.
ശേഷം ഫെബ്രുവരി ഒമ്പതിന് കേരളം അടുത്ത മത്സരത്തിനിറങ്ങും. തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ ബംഗാളാണ് എതിരാളികള്‍. നാല് മത്സരത്തില്‍ നിന്നും 12 പോയിന്റുമായി മൂന്നാമതാണ് ബംഗാള്‍.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹനുമ വിഹാരിയുടെ കരുത്തരായ ആന്ധ്രാപ്രദേശാണ് എതിരാളികള്‍. പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാമതുള്ള ആന്ധ്ര രണ്ട് മത്സരങ്ങള്‍ വിജയിച്ച് 15 പോയിന്റാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 16ന് നടക്കുന്ന മത്സരത്തിന് വിശാഖപട്ടണമാണ് വേദിയാകുന്നത്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിന് യോഗ്യത നേടുമെന്നതിനാല്‍ എലീറ്റ് ഗ്രൂപ്പ് ബി-യിലെ ആദ്യ സ്ഥാനങ്ങള്‍ തന്നെയായിരിക്കും കേരളം ലക്ഷ്യമിടുക.
നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന രണ്ട് സ്ഥാനത്താണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. ഇനിയും തോല്‍വി വഴങ്ങേണ്ടി വന്നാല്‍ ഒരുപക്ഷേ അടുത്ത സീസണില്‍ പ്ലേറ്റ് ഗ്രൂപ്പിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യും.
ശേഷിക്കുന്ന മത്സരങ്ങള്‍ വിജയിച്ച് മുന്നേറാന്‍ തന്നെയായിരിക്കും കേരളം ഒരുങ്ങുന്നത്. സഞ്ജുവിനും സംഘത്തിനും അതിന് സാധിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
Content Highlight: Ranji Trophy: Kerala’s chances