രഞ്ജി ട്രോഫിയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനത്തോട് അടുക്കുകയാണ്. എല്ലാ ടീമുകള്‍ക്കും ഇനി രണ്ട് മത്സരം വീതമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ബാക്കിയുള്ളത്.
എലീറ്റ് ഗ്രൂപ്പ് ബി-യില്‍ നിലവില്‍ ആറാം സ്ഥാനത്താണ് കേരളം സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതുവരെ കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും നാല് സമനിലയും ഒരു തോല്‍വിയുമായി എട്ട് പോയിന്റാണ് നിലവില്‍ കേരളത്തിനുള്ളത്.
ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ മുംബൈയോട് 232 റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ ഉത്തര്‍പ്രദേശിനോടും ബീഹാറിനോടും ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങി സമനിലയില്‍ കുരുങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ അസമിനോടും അഞ്ചാം മത്സരത്തില്‍ ഛത്തീസ്ഗഡിനോടും ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയും കേരളം സമനില വഴങ്ങി.
എലീറ്റ് ഗ്രൂപ്പ് ബി-യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി നോക്ക് ഔട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ കേരളത്തിന് മുമ്പില്‍ ഇനിയും വിദൂര സാധ്യതകള്‍ ബാക്കിയുണ്ട്. ഇനിയുള്ള രണ്ട് മത്സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കുക എന്നതാണ് കേരളം ഇനി ചെയ്യേണ്ടത്. വെറുതെ വിജയിച്ചാല്‍ പോര, ബോണസ് പോയിന്റ് നേടി തന്നെ വിജയിക്കണം.
ഈ രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ 12 പോയിന്റ് മാത്രമാണ് കേരളത്തിന് ലഭിക്കുക. അഥവാ ബോണസ് പോയിന്റ് കൂടി ലഭിക്കുകയാണെങ്കില്‍ 14 പോയിന്റാണ് കേരളത്തിന്റെ അക്കൗണ്ടിലെത്തുക.
ഒരു മത്സരത്തില്‍ ഇന്നിങ്‌സ് വിജയമോ പത്ത് വിക്കറ്റിന്റെ വിജയമോ സ്വന്തമാക്കിയാലാണ് ബോണസ് പോയിന്റ് ലഭിക്കുക. വിജയത്തിന്റെ ആറ് പോയിന്റിനൊപ്പം ഒരു പോയിന്റ് ബോണസായി ടീമിന് ലഭിക്കും.
നിലവിലുള്ള എട്ട് പോയിന്റിനൊപ്പം ഈ 14 പോയിന്റ് കൂടി ലഭിച്ചാല്‍ കേരളത്തിന്റെ ആകെ പോയിന്റ് 22 ആയി ഉയരും.
എന്നാല്‍ നോക്ക് ഔട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ കേരളത്തിന് ഇത് മാത്രം മതിയാകില്ല. നിലവില്‍ 22 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്ന ആന്ധ്രാപ്രദേശ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ പരാജയപ്പെടുകയും വേണം.
അടുത്ത മത്സരങ്ങളില്‍ ആന്ധ്രാപ്രദേശിന്റെ അക്കൗണ്ടിലേക്ക് ഒരു പോയിന്റെങ്കിലും കയറിയാല്‍ കേരളത്തിന്റെ സാധ്യതകള്‍ അവസാനിക്കുകയായി. ലീഡ് നേടിക്കൊണ്ടുള്ള സമനിലയിലോ ലീഡ് വഴങ്ങിയുള്ള സമനിലയിലോ ആന്ധ്രയുടെ മത്സരം അവസാനിച്ചാല്‍ അതോടെ കേരളത്തിന്റെ കിരീട സാധ്യതകളും പൂര്‍ണമായി അവസാനിക്കും.
ഇതിന് പുറമെ ഉത്തര്‍പ്രദേശ് അടക്കമുള്ള ടീമുകളുടെ മത്സരഫലങ്ങള്‍ കൂടി കണക്കിലെടുത്താല്‍ മാത്രമേ കേരളത്തിന് മുമ്പോട്ട് പോകാന്‍ സാധിക്കൂ. ഗ്രൂപ്പ് ഘട്ടത്തില്‍ ഇതുവരെ ഒരു മത്സരവും ജയിക്കാത്തതിന്റെ തിരിച്ചടിയാണ് അവസാന ഘട്ടത്തില്‍ കേരളത്തിന് ലഭിക്കുന്നത്.
ഫെബ്രുവരി ഒമ്പതിനാണ് കേരളത്തിന്റെ അടുത്ത മത്സരം. തിരുവന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ ബംഗാളാണ് എതിരാളികള്‍. അഞ്ച് മത്സരത്തില്‍ നിന്ന് ഒരു ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി 12 പോയിന്റോടെ പട്ടികയില്‍ അഞ്ചാമതാണ് ബംഗാള്‍.
ശേഷം 16ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കേരളം ഹനുമ വിഹാരിയുടെ കരുത്തരായ ആന്ധ്രയെ നേരിടും. വിശാഖപട്ടണമാണ് വേദി. കളിച്ച അഞ്ച് മത്സരത്തില്‍ മൂന്നും ജയിച്ച് 22 പോയിന്റോടെ രണ്ടാമതാണ് ആന്ധ്രാപ്രദേശ്.