| Monday, 14th October 2024, 4:02 pm

തിളങ്ങി അതിഥി താരങ്ങള്‍, ജയിച്ച് തുടങ്ങി കേരളം; മരണഗ്രൂപ്പിലെ ആദ്യ കടമ്പ കടന്നു

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സി-യില്‍ ആദ്യ ജയം സ്വന്തമാക്കി കേരളം. സ്വന്തം തട്ടകമായ തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് തകര്‍കത്താണ് കേരളം വിജയം സ്വന്തമാക്കിയത്.

പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സിന്റെ വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം മറികടന്നു. ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷമായിരുന്നു കേരളം വിജയിച്ചുകയറിയത്.

സ്‌കോര്‍

പഞ്ചാബ്: 194 & 142

കേരളം: 179 & 158/2

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഭയ് ചൗധരിയെ നഷ്ടപ്പെട്ടാണ് പഞ്ചാബ് തുടങ്ങിയത്. ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കേരള താരങ്ങള്‍ പഞ്ചാബിനെ വമ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനോ സമ്മതിച്ചില്ല.

ഒടുവില്‍ 194 റണ്‍സ് സകോര്‍ ബോര്‍ഡിലെഴുതിച്ചേര്‍ത്ത് പഞ്ചാബ് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു. രമണ്‍ദീപ് സിങ്ങിന്റെയും മായങ്ക് മാര്‍ക്കണ്ഡേയുടെയും ഇന്നിങ്സുകളാണ് പഞ്ചാബിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

കേരളത്തിനായി ജലജ് സക്‌സേനയും ആദിത്യ സര്‍വാതെയും ഫൈഫറുമായി തിളങ്ങി.

പഞ്ചാബ് ഉയര്‍ത്തിയ 194 റണ്‍സ് മറികടന്ന് ലീഡ് ഉയര്‍ത്താനെത്തിയ കേരളത്തിന് പിഴച്ചു. 174 റണ്‍സ് മാത്രമാണ് ഹോം ടീമിന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

വത്സല്‍ ഗോവിന്ദും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് മോശമല്ലാത്ത തുടക്കം നല്‍കിയെങ്കിലും പോകെ പോകെ കാര്യങ്ങള്‍ പഞ്ചാബിന് അനുകൂലമായി. ഗോവിന്ദ് 77 പന്തില്‍ 28 റണ്‍സും രോഹന്‍ കുന്നുമ്മല്‍ 55 പന്തില്‍ 15 റണ്‍സും നേടി പുറത്തായി.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് വെറും 12 റണ്‍സാണ് ടീം ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. തമിഴ്‌നാട് സൂപ്പര്‍ താരം ബാബ അപരാജിത് 29 പന്തില്‍ മൂന്ന് റണ്‍സും നേടി മടങ്ങി.

തുടര്‍ന്നും കൃത്യമായി ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ പഞ്ചാബ് ബൗളര്‍മാര്‍ ശ്രദ്ധപുലര്‍ത്തിയതോടെ കേരളത്തിന്റെ നില പരുങ്ങലിലായി. ഒടുവില്‍ 179 റണ്‍സിന് കേരളത്തിന്റെ അവസാന വിക്കറ്റും വീണു.

പഞ്ചാബിനായി മായങ്ക് മാര്‍ക്കണ്ഡേ പന്തുകൊണ്ട് വിരുതുകാണിച്ചു. കേരളത്തിന്റെ ആറ് വിക്കറ്റുകളാണ് ലെഗ് ബ്രേക്കര്‍ പിഴുതെറിഞ്ഞത്. രോഹന്‍ എസ്. കുന്നുമ്മല്‍, ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, ബാബ അപരാജിത്, സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വാതെ, ബേസില്‍ തമ്പി എന്നിവരെയാണ് മാര്‍ക്കണ്ഡേ പുറത്താക്കിയത്. രണ്ട് മെയ്ഡന്‍ അടക്കം 21.4 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് താരം പന്തെറിഞ്ഞത്.

സൂപ്പര്‍ പേസര്‍ ഗുര്‍നൂര്‍ ബ്രാര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ എമന്‍ജോത് സിങ് ചഹല്‍ ഒരു വിക്കറ്റും നേടി.

ബാറ്റിങ്ങില്‍ തിരിച്ചടി നേരിട്ടതോടെ ഇരട്ടി ശക്തിയുമായി കേരളം പഞ്ചാബ് ബാറ്റിങ് നിരയെ ആക്രമിച്ചു. സര്‍വാതെക്കും സക്‌സേനക്കും പുറമെ ബാബ അപരാജിത് കൂടി ബൗളിങ്ങില്‍ കരുത്തായപ്പോള്‍ പഞ്ചാബ് വെറും 142ന് പുറത്തായി.

മത്സരത്തിന്റെ മൂന്നാം ദിവസത്തില്‍ തന്നെ പഞ്ചാബ് രണ്ടാം ഇന്നിങ്സ് ആരംഭിച്ചിരുന്നു. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 23ന് മൂന്ന് എന്ന നിലയിലായിരുന്നു പഞ്ചാബ്. അഭയ് ചൗധരി, മനന്‍ ധിര്‍, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് തുടക്കത്തിലേ നഷ്ടപ്പെട്ടത്.

പിന്നാലെയെത്തിയവരില്‍ ക്യാപ്റ്റന്‍ പ്രഭ്സിമ്രാന്‍ സിങ്ങിനും അന്‍മോല്‍പ്രീത് സിങ്ങിനുമാണ് ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്.

ക്യാപ്റ്റന്‍ അര്‍ധ സെഞ്ച്വറി നേടി ടീമിനെ താങ്ങി നിര്‍ത്തി. 49 പന്തില്‍ 51 റണ്‍സാണ് താരം സ്വന്തമാക്കിയത്. 122 പന്ത് നേരിട്ട് 37 റണ്‍സാണ് അന്‍മോല്‍പ്രീത് സിങ് നേടിയത്.

സര്‍വാതെയും അപരാജിതും ഫോര്‍ഫര്‍ നേടിയപ്പോള്‍ സക്‌സേന ശേഷിച്ച രണ്ട് വിക്കറ്റും പിഴുതെറിഞ്ഞു.

158 റണ്‍സിന്റെ ലക്ഷ്യവുമായി കളത്തിലിറങ്ങിയ കേരളം ശ്രദ്ധയോടെ ബാറ്റ് വീശി. ഗോവിന്ദിന് പകരം സച്ചിന്‍ ബേബിയാണ് രോഹനൊപ്പം ഓപ്പണിങ്ങിലിറങ്ങിയത്. ക്യാപ്റ്റന്‍ ഒരു വശത്ത് നങ്കൂരമിടാന്‍ ശ്രമിച്ചപ്പോള്‍ മറുവശത്ത് നിന്ന് രോഹന്‍ തകര്‍ത്തടിച്ചു.

ആദ്യ വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ രോഹന്‍ മടങ്ങി. അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് വെറും രണ്ട് റണ്‍സകലെയാണ് താരം പുറത്തായത്.

പിന്നാലെയെത്തിയ അപരാജിതിനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ തകര്‍ത്തടിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

വിജയത്തിന് പത്ത് റണ്‍സ് മാത്രം ആവശ്യമുള്ളപ്പോള്‍ ക്യാപ്റ്റനും മടങ്ങി. 114 പന്ത് നേരിട്ട് 56 റണ്‍സുമായാണ് സച്ചിന്‍ ബേബി പുറത്തായത്. ശേഷം നാലാം നമ്പറിലെത്തിയ സല്‍മാന്‍ നിസാറിനെ കൂടെ കൂട്ടി അപരാജിത് കേരളത്തെ വിജയത്തിലേക്ക് നയിച്ചു.

അതേസമയം, ബംഗാളും കര്‍ണാടകയും അടങ്ങിയ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ വിജയിച്ചത് കേരളത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 18നാണ് കേരളത്തിന്റെ അടുത്ത മത്സരം. കെ.എസ്.സി.എ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ കര്‍ണാടകയാണ് എതിരാളികള്‍.

Content highlight: Ranji Trophy: Kerala defeated Punjab

We use cookies to give you the best possible experience. Learn more