രഞ്ജി ട്രോഫിയില്‍ കേരളത്തിന് പടുകൂറ്റന്‍ ജയം. എലീറ്റ് സി-യില്‍ ഉത്തര്‍പ്രദേശിനെതിരെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 117 റണ്‍സിനുമാണ് കേരളം വിജയിച്ചുകയറിയത്. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 395 റണ്‍സ് മറികടക്കാന്‍ ഇറങ്ങിത്തിരിച്ച യു.പി 116 റണ്‍സിന് പുറത്തായി.
ആദ്യ ഇന്നിങ്‌സിലേതന്നെ പോലെ രണ്ടാം ഇന്നിങ്‌സിലും തിളങ്ങിയ ജലജ് സക്‌സേനയുടെ കരുത്തിലാണ് കേരളം ജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ സക്‌സേന, രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റാണ് സ്വന്തമാക്കിയത്.
രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 16.5 ഓവറില്‍ 41 റണ്‍സ് മാത്രം വഴങ്ങിയാണ് താരം ആറ് വിക്കറ്റ് വീഴ്ത്തിയത്. ക്യാപ്റ്റന്‍ ആര്യന്‍ ജുയാല്‍, നിതീഷ് റാണ, സമീര്‍ റിസ്വി, സൗരഭ് കുമാര്‍, ശിവം ശര്‍മ, ആഖിബ് ഖാന്‍ എന്നിവരെയാണ് താരം പുറത്താക്കിയത്.
സക്‌സേനക്ക് കൂട്ടായി ആദിത്യ സര്‍വാതെ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആസിഫ് കെ.എമ്മാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
78 പന്തില്‍ 36 റണ്‍സ് നേടിയ ഓപ്പണര്‍ മാധവ് കൗശിക്കാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സിലേതിന് സമാനമായി ടീമിന്റെ ബാറ്റിങ് യൂണിറ്റ് പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ടീമിന് തിരിച്ചടിയായത്.
ആദ്യ ഇന്നിങ്‌സില്‍ സംഭവിച്ചത്
മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഉത്തര്‍പ്രദേശിനെ സൂപ്പര്‍ താരം ജലജ് സക്സേനയാണ് ചുരുട്ടിക്കെട്ടിയത്. അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. രണ്ട് മെയ്ഡന്‍ അടക്കം 17 ഓവര്‍ പന്തെറിഞ്ഞ് വെറും 56 റണ്‍സ് മാത്രം വഴങ്ങിയാണ് താരം ഫൈഫര്‍ പൂര്‍ത്തിയാക്കിയത്.
ജലജിന് പുറമെ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് നേടി. ബാബ അപരാജിത്, ആദിത്യ സര്‍വാതെ, ആസിഫ് കെ.എം. എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.
ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ യു.പിക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്‌കോര്‍ 20ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റ് വീണു. ക്യാപ്റ്റന്‍ ആര്യന്‍ ജുയാലിനെ മടക്കി ജലജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. 57 പന്തില്‍ 23 റണ്‍സ് നേടിയാണ് താരം പുറത്തായത്. പിന്നാലെയെത്തിയ പ്രിയം ഗാര്‍ഗ് വെറും ഒറ്റ റണ്‍സ് നേടി മടങ്ങി.
തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കേരള ബൗളര്‍മാര്‍ ഉത്തര്‍പ്രദേശ് ആക്രമണങ്ങളുടെ മുനയൊടിച്ചു.
മികച്ച സ്‌കോര്‍ കണ്ടെത്താനാകാതെ ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും വലഞ്ഞപ്പോള്‍ പത്താം നമ്പറില്‍ ക്രീസിലെത്തി ചെറുത്തുനിന്ന ശിവം ശര്‍മയാണ് ഉത്തര്‍പ്രദേശിന്റെ ടോപ് സ്‌കോറര്‍. 50 പന്തില്‍ 30 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഉത്തര്‍പ്രദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയതോടെ ആദ്യ ഇന്നിങ്‌സ് ലീഡ് നേടുക എന്നതായിരുന്നു കേരളത്തിന്റെ ആദ്യ ലക്ഷ്യം.
ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും സല്‍മാന്‍ നിസാറിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് കേരളത്തിന് ആദ്യ ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചത്. സച്ചിന്‍ ബേബി 165 പന്തില്‍ 83 റണ്‍സ് നേടി പുറത്തായപ്പോള്‍ 202 പന്തില്‍ 93 റണ്‍സാണ് സല്‍മാന്‍ നിസാര്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്.
മുഹമ്മദ് അസറുദ്ദീന്‍ (43 പന്തില്‍ 40), ജലജ് സക്സേന (77 പന്തില്‍ 35), ബാബ അപരാജിത് (44 പന്തില്‍ 32), രോഹന്‍ എസ്. കുന്നുമ്മല്‍ (38 പന്തില്‍ 28) തുടങ്ങിയവരുടെ പ്രകടനവും ആദ്യ ഇന്നിങ്സില്‍ കേരളത്തിന് തുണയായി.
ഉത്തര്‍പ്രദേശിനായി ആഖിബ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സൗരഭ് കുമാര്‍, ശിവം ശര്‍മ, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. പിയൂഷ് ചൗളയാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
ഈ വിജയത്തിന് പിന്നാലെ ഏഴ് പോയിന്റാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. വിജയത്തിന്റെ ആറ് പോയിന്റിനൊപ്പം ഒരു പോയിന്റ് ബോണസായും കേരളത്തിന് ലഭിച്ചു.
ഒരു മാച്ചില്‍ ഇന്നിങ്‌സ് ജയമോ പത്ത് വിക്കറ്റ് ജയമോ സ്വന്തമാക്കിയാലാണ് ബോണസ് പോയിന്റ് ലഭിക്കുക.
നിലവില്‍ നാല് മത്സരത്തില്‍ നിന്നും രണ്ട് ജയവും രണ്ട് സമനിലയുമായി 15 പോയിന്റാണ് കേരളത്തിനുള്ളത്. നാല് മത്സരത്തില്‍ നിന്നും 19 പോയിന്റുമായി ഹരിയാന ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
അടുത്ത എതിരാളികള്‍
നംവബര്‍ 13നാണ് കേരളം തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഹരിയാനയാണ് എതിരാളികള്‍. ലാഹ്‌ലിയിലെ ചൗധരി ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content highlight: Ranji Trophy: KER vs UP: Kerala defeated Uttar Pradesh