റെക്കോഡുകള്‍ ഈ കേരള താരത്തിന് മുമ്പില്‍ തല കുനിക്കുന്നു; ഇനി ഒന്നാമന്‍, ചരിത്രത്തിലാദ്യം
Sports News
റെക്കോഡുകള്‍ ഈ കേരള താരത്തിന് മുമ്പില്‍ തല കുനിക്കുന്നു; ഇനി ഒന്നാമന്‍, ചരിത്രത്തിലാദ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th November 2024, 8:24 pm

 

രഞ്ജി ട്രോഫിയില്‍ കേരളം തങ്ങളുടെ നാലാം മത്സരത്തിനിറങ്ങിയിരിക്കുകയാണ്. സ്വന്തം തട്ടകമായ തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശാണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ കേരളം എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ആദ്യ ദിനം തന്നെ ഉത്തര്‍പ്രദേശിനെ ഓള്‍ ഔട്ടാക്കിയാണ് കേരളം കരുത്ത് കാട്ടിയത്. ആദ്യ ഇന്നിങ്‌സില്‍ വെറും 162 റണ്‍സ് മാത്രമാണ് ഉത്തര്‍പ്രദേശിന് കണ്ടെത്താന്‍ സാധിച്ചത്.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയുടെ ബൗളിങ് കരുത്തിലാണ് യു.പി തകര്‍ന്നടിഞ്ഞത്. രണ്ട് മെയ്ഡന്‍ അടക്കം 17 ഓവര്‍ പന്തെറിഞ്ഞ് വെറും 56 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയാണ് ജലജ് തിളങ്ങിയത്.

 

ഇതോടെ ഒരു ചരിത്ര നേട്ടവും ജലജ് സ്വന്തമാക്കി. രഞ്ജി ചരിത്രത്തില്‍ 400 വിക്കറ്റും 6,000 റണ്‍സും സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലേക്കാണ് ജലജ് സക്‌സേനയെത്തിയത്.

യു.പിക്കെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ ആര്യന്‍ ജുയാല്‍, മഹാദേവ് കൗശിക്, നിതീഷ് റാണ, സിദ്ധാര്‍ത്ഥ് യാദവ്, പിയൂഷ് ചൗള എന്നിവരുടെ വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്.

ജലജിന് പുറമെ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ബാബ അപരാജിത്, ആദിത്യ സര്‍വാതെ, ആസിഫ് കെ.എം. എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.

മികച്ച സ്‌കോര്‍ കണ്ടെത്താനാകാതെ ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും വലഞ്ഞപ്പോള്‍ പത്താം നമ്പറില്‍ ക്രീസിലെത്തി ചെറുത്തുനിന്ന ശിവം ശര്‍മയാണ് ഉത്തര്‍പ്രദേശിന്റെ ടോപ് സ്‌കോറര്‍. 50 പന്തില്‍ 30 റണ്‍സാണ് താരം സ്വന്തമാക്കിയത്.

നിതീഷ് റാണ 46 പന്തില്‍ 25 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ആര്യന്‍ ജുയാല്‍ 57 പന്തില്‍ 23 റണ്‍സും നേടി.

ഉത്തര്‍പ്രദേശിന്റെ പതനത്തിന് പിന്നാലെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച കേരളം ആദ്യ ദിവസം പിന്നിടുമ്പോള്‍ 82ന് രണ്ട് എന്ന നിലയിലാണ്. 62 പന്തില്‍ 23 റണ്‍സ് നേടിയ വത്സല്‍ ഗോവിന്ദിന്റെയും 38 പന്തില്‍ 28 റണ്‍സ് നേടിയ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റുമാണ് കേരളത്തിന് നഷ്ടമായത്. ശിവം മാവിയും ആഖിബ് ഖാനുമാണ് വിക്കറ്റ് നേടിയത്.

23 പന്തില്‍ 21 റണ്‍സുമായി ബാബ അപരാജിത്തും 17 പന്തില്‍ നാല് റണ്‍സുമായി ആദിത്യ സര്‍വാതെയുമാണ് ക്രീസില്‍.

 

 

 

Content Highlight: Ranji Trophy: KER vs UP: Jalaj Saxena becomes leafing wicket taker in Ranji history