| Friday, 8th November 2024, 8:07 am

എതിരാളികളുടെ റണ്‍സിനേക്കാള്‍ ലീഡ്; മൂന്ന് പോയിന്റ് കയ്യിലെത്തി, ലക്ഷ്യം ആ മൂന്ന് ഏഴാക്കി മാറ്റല്‍; കേരളം കുതിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ സീസണിലെ നാലാം മത്സരത്തില്‍ കേരളത്തിന് ആദ്യ ഇന്നിങ്‌സ് ലീഡ്. എലീറ്റ് ഗ്രൂപ്പ് സി-യില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിലാണ് കേരളം ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയത്. തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 178 റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്.

സ്‌കോര്‍ (രണ്ടാം ദിവസം അവസാനിക്കുമ്പോള്‍)

ഉത്തര്‍പ്രദേശ്: 162/10

കേരളം: 340/7 (110.0 ഓവറുകള്‍)

ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും സല്‍മാന്‍ നിസാറിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് കേരളം മികച്ച നിലയിലേക്ക് കുതിക്കുന്നത്. സച്ചിന്‍ ബേബി 165 പന്തില്‍ 83 റണ്‍സ് നേടി പുറത്തായപ്പോള്‍ 155 പന്തില്‍ 74 റണ്‍സ് നേടിയാണ് സല്‍മാന്‍ നിസാര്‍ ക്രീസില്‍ തുടരുന്നത്.

ജലജ് സക്‌സേന (77 പന്തില്‍ 35), ബാബ അപരാജിത് (44 പന്തില്‍ 32), രോഹന്‍ എസ്. കുന്നുമ്മല്‍ (38 പന്തില്‍ 28) തുടങ്ങിയവരുടെ പ്രകടനവും ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന് തുണയായി.

മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ യു.പിക്കായി ശിവം ശര്‍മയും ശിവം മാവിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. സൗരഭ് തുമാര്‍, ആഖിബ് ഖാന്‍, പിയൂഷ് ചൗള എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഉത്തര്‍പ്രദേശിനെ സൂപ്പര്‍ താരം ജലജ് സക്‌സേനയാണ് ചുരുട്ടിക്കെട്ടിയത്. അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. രണ്ട് മെയ്ഡന്‍ അടക്കം 17 ഓവര്‍ പന്തെറിഞ്ഞ് വെറും 56 റണ്‍സ് മാത്രം വഴങ്ങിയാണ് താരം ഫൈഫര്‍ പൂര്‍ത്തിയാക്കിയത്.

ക്യാപ്റ്റന്‍ ആര്യന്‍ ജുയാല്‍, മാധവ് കൗശിക്, നിതീഷ് റാണ, സിദ്ധാര്‍ത്ഥ് യാദവ്, പിയൂഷ് ചൗള എന്നിവരെയാണ് സക്‌സേന പുറത്താക്കിയത്.

ജലജിന് പുറമെ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് നേടി. ബാബ അപരാജിത്, ആദിത്യ സര്‍വാതെ, ആസിഫ് കെ.എം. എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ യു.പിക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്‌കോര്‍ 20ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റ് വീണു. ക്യാപ്റ്റന്‍ ആര്യന്‍ ജുയാലിനെ മടക്കി ജലജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. 57 പന്തില്‍ 23 റണ്‍സ് നേടിയാണ് താരം പുറത്തായത്. പിന്നാലെയെത്തിയ പ്രിയം ഗാര്‍ഗ് വെറും ഒറ്റ റണ്‍സ് നേടി മടങ്ങി.

തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കേരള ബൗളര്‍മാര്‍ ഉത്തര്‍പ്രദേശ് ആക്രമണങ്ങളുടെ മുനയൊടിച്ചു.

മികച്ച സ്‌കോര്‍ കണ്ടെത്താനാകാതെ ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും വലഞ്ഞപ്പോള്‍ പത്താം നമ്പറില്‍ ക്രീസിലെത്തി ചെറുത്തുനിന്ന ശിവം ശര്‍മയാണ് ഉത്തര്‍പ്രദേശിന്റെ ടോപ് സ്‌കോറര്‍. 50 പന്തില്‍ 30 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയതോടെ മത്സരം സമനിലയില്‍ കലാശിച്ചാലും മുന്‍തൂക്കം കേരളത്തിന് ലഭിക്കും. മൂന്ന് പോയിന്റാണ് ഇത്തരത്തില്‍ ആദ്യ ഇന്നിങ്‌സ് ലീഡിന് ലഭിക്കുക. എന്നാല്‍ ബോണസ് പോയിന്റടക്കം ഏഴ് പോയിന്റ് തന്നെ സ്വന്തമാക്കാനാണ് കേരളം ഒരുങ്ങുന്നത്.

മത്സരത്തില്‍ വിജയിച്ചാല്‍ ആറ് പോയിന്റാണ് ഒരു ടീമിന് ലഭിക്കുക. എന്നാല്‍ ഇന്നിങ്‌സ് ജയത്തിനും പത്ത് വിക്കറ്റ് ജയത്തിനും ഒരു ബോണസ് പോയിന്റും ലഭിക്കും. യു.പിക്കെതിരെ ആധികാരികമായ ജയം സ്വന്തമാക്കി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ കരുത്ത് കാട്ടാനാണ് കേരളം ഒരുങ്ങുന്നത്.

കളിച്ച മൂന്ന് മത്സരത്തില്‍ നിന്നും എട്ട് പോയിന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് കേരളം. സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ വിജയിച്ച് ആറ് പോയിന്റ് നേടിയ കേരളത്തിന്റെ അടുത്ത രണ്ട് മത്സരവും സമനിലയില്‍ കലാശിക്കുകയായിരുന്നു.

കര്‍ണാടകയ്ക്കെതിരായ ആദ്യ മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചപ്പോള്‍ ബംഗാളിനെതിരായ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ആദ്യ ഇന്നിങ്സ് ലീഡ് നേടാന്‍ സാധിക്കാതെ വന്നതോടെയാണ് പോയിന്റ് പങ്കുവെക്കപ്പെട്ടത്.

Content Highlight: Ranji Trophy: KER vs UP: Day 2 updates

We use cookies to give you the best possible experience. Learn more