കര്‍ണാടകയ്ക്ക് സഞ്ജു സ്‌ട്രൈക്ക്; വീണ്ടും ഒരു പോയിന്റിന്റെ കുരുക്കിലേക്കോ?
Sports News
കര്‍ണാടകയ്ക്ക് സഞ്ജു സ്‌ട്രൈക്ക്; വീണ്ടും ഒരു പോയിന്റിന്റെ കുരുക്കിലേക്കോ?
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 21st October 2024, 9:14 am

 

രഞ്ജി ട്രോഫിയിലെ കേരള – കര്‍ണാടക മത്സരം തുടരുകയാണ്. ആളൂരിലെ കെ.എസ്.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 161ന് മൂന്ന് എന്ന നിലയിലാണ് കേരളം ബാറ്റിങ് തുടരുന്നത്. 62 പന്തില്‍ 23 റണ്‍സുമായി സച്ചിന്‍ ബേബിയും 13 പന്തില്‍ 15 റണ്‍സുമായി സഞ്ജു സാംസണുമാണ് ക്രീസില്‍.

മത്സരം അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഒരു വിജയിയെ നിര്‍ണയിക്കുക ഏറെ ബുദ്ധിമുട്ടായിരിക്കും. മത്സരം സമനിലയില്‍ കലാശിക്കാനുള്ള സാധ്യതകളാണ് തുറക്കുന്നത്.

നാലാം ദിവസവും വിക്കറ്റ് നഷ്ടപ്പെടുത്താതെ ബാറ്റിങ് തുടരാനാകും കേരളം ഒരുങ്ങുന്നത്.

മത്സരത്തിന്റെ മൂന്ന് ദിവസവും മഴ കളിച്ചത് കര്‍ണാടകയ്ക്കാണ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. അവസാന ദിവസം കേരളത്തിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ പിഴുതെറിഞ്ഞ് ആദ്യ ഇന്നിങ്‌സ് ലീഡ് നേടണമെങ്കില്‍ കര്‍ണാടക ഭഗീരഥപ്രയത്‌നം തന്നെ നടത്തേണ്ടി വരും.

നാലാം ദിനം അവസാനിക്കുമ്പോള്‍ ഇരു ടീമും ഒരു പോയിന്റുമായി പിരിയേണ്ട സാഹചര്യമായിരിക്കും ആളൂരില്‍ ഉണ്ടാവുക. മധ്യപ്രദേശിനെതിരായ കഴിഞ്ഞ മത്സരത്തിലും കര്‍ണാടകയ്ക്ക് ഇതേ അവസ്ഥ നേരിടേണ്ടി വന്നിരുന്നു. നാല് ദിവസം പൂര്‍ത്തിയായപ്പോള്‍ ഒരു ടീമിനും മുന്‍തൂക്കം ലഭിക്കാതെ വന്നതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയായിരുന്നു.

ഒരുപക്ഷേ ഈ മത്സരത്തില്‍ കര്‍ണാടകയ്ക്ക് ആദ്യ ഇന്നിങ്‌സ് ലീഡ് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ മൂന്ന് പോയിന്റ് ലഭിക്കുമായിരുന്നു. എന്നാല്‍ മായങ്കിനും സംഘത്തിനും അതിന് സാധിച്ചില്ല.

ആദ്യ ബാറ്റ് ചെയ്ത മധ്യപ്രദേശ് 425/8 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിങ്‌സിനിറങ്ങിയ കര്‍ണാടകയ്ക്ക് നാലാം ദിവസം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ ഇരുവര്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയായിരുന്നു. ഇതേ അവസ്ഥ തന്നെയാണ് രണ്ടാം മത്സരത്തിലും കര്‍ണാടകയ്ക്ക് മുമ്പിലുള്ളത്.

രഞ്ജി ട്രോഫി പോയിന്റ് സിസ്റ്റം

വിജയം: ആറ് പോയിന്റ്

ഇന്നിങ്‌സിനോ പത്ത് വിക്കറ്റിനോ ജയം: ഏഴ് പോയിന്റ് (6 + ബോണസ് പോയിന്റ്)

സമനിലയില്‍ കലാശിച്ച മത്സരത്തില്‍ ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയാല്‍: മൂന്ന് പോയിന്റ്

ഫലമില്ല: ഒരു പോയിന്റ്

സമനിലയില്‍ കലാശിച്ച മത്സരത്തിലെ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ ടൈ ആയാല്‍: ഒരു പോയിന്റ്

സമനിലയില്‍ കലാശിച്ച മത്സരത്തില്‍ ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയാല്‍/ ആദ്യ ഇന്നിങ്‌സില്‍ പരാജയപ്പെട്ടാല്‍: ഒരു പോയിന്റ്

തോല്‍വി: പോയിന്റ് ലഭിക്കില്ല

രണ്ട് ഇന്നിങ്‌സിലും സ്‌കോര്‍ ടൈ ആയാല്‍: മൂന്ന് പോയിന്റ്

ആദ്യ മത്സരത്തില്‍ നിന്നും ഒരു പോയിന്റ് മാത്രം ലഭിച്ച കര്‍ണാടക നിലവില്‍ എലീറ്റ് ഗ്രൂപ്പ് സി-യില്‍ അഞ്ചാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ തകര്‍ത്തെറിഞ്ഞ കേരളം നിലവില്‍ ആറ് പോയിന്റുമായി രണ്ടാമതാണ്.

 

Content Highlight: Ranji Trophy: KER vs KAR: Day 3 Updates