രഞ്ജി ട്രോഫിയില്‍ സെമി ഫൈനലിന് യോഗ്യത നേടി കേരളം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജമ്മു കശ്മീരിനെതിരെ സമനില സ്വന്തമാക്കിയതോടെയാണ് കേരളം സെമി ഫൈനലിന് യോഗ്യത നേടിയത്. ആദ്യ ഇന്നിങ്‌സില്‍ നേടിയ ഒരു റണ്ണിന്റെ ലീഡാണ് കേരളത്തിന് തുണയായത്.
സ്‌കോര്‍
ജമ്മു കശ്മീര്‍ – 280 & 399/9d
കേരളം – 281 & 295/6 (T: 399)
Kerala Match Drawn Kerala took first innings lead (Qualified) #JKvKER #RanjiTrophy #Elite-QF1 Scorecard:https://t.co/IBr89D0ORt
— BCCI Domestic (@BCCIdomestic) February 12, 2025
മത്സരത്തില്‍ ടോസ് നേടിയ കേരള നായകന്‍ സച്ചിന്‍ ബേബി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 280 റണ്‍സാണ് ജമ്മു കശ്മീര്‍ അടിച്ചെടുത്തത്. വിക്കറ്റ് കീപ്പര്‍ കനയ്യ വധാവന്‍ (80 പന്തില്‍ 48), ലോനെ നാസിര്‍ (97 പന്തില്‍ 44), സഹില്‍ ലോത്ര (125 പന്തില്‍ 35) എന്നിവരാണ് ആദ്യ ഇന്നിങ്‌സില്‍ ജമ്മു കശ്മീരിനായി സ്‌കോര്‍ ചെയ്തത്.
ആറ് വിക്കറ്റുമായി തിളങ്ങിയ എം.ഡി. നീധീഷാണ് ജമ്മു കശ്മീരിനെ ചരുട്ടിക്കെട്ടിയത്. ആറ് മെയ്ഡനടക്കം 27 ഓവര്‍ പന്തെറിഞ്ഞ താരം 75 റണ്‍സ് വഴങ്ങിയാണ് ആറ് വിക്കറ്റ് നേടിയത്. സൂപ്പര്‍ താരം ആദിത്യ സര്‍വാതെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എന്‍. ബേസിലും ബേസില്‍ തമ്പിയും ഓരോ വിക്കറ്റ് വീതവും നേടി.
എം.ഡി. നീധീഷ്
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തിരിച്ചടിയേറ്റു. ഓപ്പണര്‍ രോഹന്‍ എസ്. കുന്നുമ്മല്‍ ഒരു റണ്ണിനും യുവതാരം ഷോണ്‍ റോജര്‍ പൂജ്യത്തിനും പുറത്തായി. 15 പന്തില്‍ രണ്ട് റണ്‍സാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് നേടാന്‍ സാധിച്ചത്.
നാലാം വിക്കറ്റില്‍ ഓപ്പണര്‍ അക്ഷയ് ചന്ദ്രനെ കൂട്ടുപിടിച്ച് ജലജ് സക്‌സേനയാണ് കേരളത്തെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 11/3 എന്ന നിലയില്‍ നിന്നും ഒന്നിച്ച ഈ കൂട്ടുകെട്ട് 105 റണ്‍സില്‍ നില്‍ക്കവെയാണ് പിരിയുന്നത്.
78 പന്തില്‍ 67 റണ്‍സ് നേടിയ ജലജിനെ പുറത്താക്കി ആഖിബ് നബിയാണ് വിക്കറ്റ് ബ്രേക് ത്രൂ സമ്മാനിച്ചത്. ടീം സ്‌കോര്‍ 105ല്‍ നില്‍ക്കവെ അഞ്ചാം വിക്കറ്റായി അക്ഷയ് ചന്ദ്രനും പുറത്തായി. 29 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.
ശേഷം, ആറാം നമ്പറിലിറങ്ങിയ സല്‍മാന്‍ നിസാറിന്റെ കരുത്തിലാണ് കേരളം ശേഷം മുമ്പോട്ട് കുതിച്ചത്. പിന്നാലെയെത്തിയ ഓരോരുത്തര്‍ക്കുമൊപ്പം വലതും ചെറുതുമായ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ സല്‍മാന്‍ നിസാര്‍ കേരളത്തിന്റെ സെമി ഫൈനല്‍ പ്രതീക്ഷകളെ കെടാതെ സൂക്ഷിച്ചു.
സല്‍മാന്‍ നിസാര്‍
ടീം സ്‌കോര്‍ 200ല്‍ നില്‍ക്കവെ കേരളത്തിന് ഒമ്പതാം വിക്കറ്റും നഷ്ടമായി. ടീം ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എതിരാളികളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച സല്‍മാന്‍ നിസാറിന്റെ കരുത്തില്‍ കേരളം ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കി.
ബേസില്‍ തമ്പിയെ ഒരറ്റത്ത് നിര്‍ത്തി സല്‍മാന്‍ നിസാര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. കേരളത്തിന് ആദ്യ ഇന്നിങ്സ് ലീഡ് സമ്മാനിച്ച താരം ഇതിനിടെ തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.
281 റണ്‍സ് നേടി വെറും ഒറ്റ റണ്‍സിന്റെ ലീഡുമായാണ് കേരളം ആദ്യ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. 112 റണ്‍സുമായി സല്‍മാന്‍ നിസാര്‍ പുറത്താകാതെ നിന്നു.
ജമ്മു കശ്മീരിനായി ആഖിബ് നബി ആറ് വിക്കറ്റ് നേടിയപ്പോള്‍ യുദ്ധ്‌വീര്‍ സിങ്, സഹില്‍ ലോത്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങിയ ജമ്മു കശ്മീര്‍ ക്യാപ്റ്റന്‍ പരാസ് ദോഗ്രയുടെ കരുത്തില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചടിച്ചു. ക്യാപ്റ്റന് പുറമെ കനയ്യ വധാവനും സഹില്‍ ലോത്രയും തിളങ്ങിയപ്പോള്‍ ജമ്മു കശ്മീര്‍ മികച്ച സ്‌കോറിലേക്ക് ഉയര്‍ന്നു.
പരാസ് ദോഗ്ര
പരാസ് ദോഗ്ര 232 പന്തില്‍ 132 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. കനയ്യ വധാവന്‍ 116 പന്തില്‍ 64 റണ്‍സ് നേടിയപ്പോള്‍ 77 പന്തില്‍ 59 റണ്‍സാണ് സഹില്‍ ലോത്രയുടെ സംഭാവന.
ഒടുവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ജമ്മു കശ്മീര്‍ 399 റണ്‍സിന്റെ വിജയലക്ഷ്യവും കേരളത്തിന് മുമ്പില്‍ വെച്ചു.
മത്സരത്തിന്റെ നാലാം ദിനം പൂര്‍ത്തിയാകുമ്പോള്‍ നൂറ് റസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു കേരളം. 39 പന്തില്‍ 36 റണ്‍സ് നേടിയ രോഹന്‍ എസ്. കുന്നുമ്മലിന്റെയും 19 പന്തില്‍ ആറ് റണ്‍സടിച്ച ഷോണ്‍ റോജറിന്റെയും വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്സില്‍ കേരളത്തിന് നഷ്ടമായത്.
അവസാന ദിവസം അക്ഷയ് ചന്ദ്രന്‍ (183 പന്തില്‍ 48), സച്ചിന്‍ ബേബി (162 പന്തില്‍ 48) എന്നിവരുടെ വിക്കറ്റുകള്‍ അവസാന ദിവസം നഷ്ടമായെങ്കിലും ഇവര്‍ നേരിട്ട പന്തുകള്‍ കേരളത്തിന്റെ കുതിപ്പില്‍ നിര്‍ണായകമായി.
സല്‍മാന്‍ നിസാര്‍ 162 പന്തില്‍ പുറത്താകാതെ 44 റണ്‍സും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ 118 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്നു.
ഫെബ്രുവരി 17നാണ് കേരളം സെമി ഫൈനലിനിറങ്ങുന്നത്. സൗരാഷ്ട്രക്കെതിരെ ഇന്നിങ്‌സിനും 98 റണ്‍സിനും വിജയിച്ച ഗുജറാത്താണ് എതിരാളികള്‍.
മറ്റൈാരു സെമി ഫൈനലില്‍ മുംബൈ വിദര്‍ഭയെ നേരിടും.
Content highlight: Ranji Trophy: KER vs JK Quarter Final ended in a draw, Kerala qualified to the semi final