വില്ലന്റെ വിളയാട്ടം തുടരുന്നു; രണ്ടാം ദിവസവും രക്ഷയില്ല
Sports News
വില്ലന്റെ വിളയാട്ടം തുടരുന്നു; രണ്ടാം ദിവസവും രക്ഷയില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 27th October 2024, 12:14 pm

 

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ മൂന്നാം മത്സരത്തിലും വില്ലനായി മഴയെത്തിയിരിക്കുകയാണ്. ജാദവ്പൂര്‍ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ബംഗാളിനെതിരെ നടക്കുന്ന മത്സരം മഴ കാരണം തടസ്സപ്പെട്ടിരിക്കുകയാണ്.

മോശം കാലാവസ്ഥ കാരണം ഇതുവരെ മത്സരത്തിന്റെ ടോസ് പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. മഴ മൂലം മത്സരത്തിന്റെ ആദ്യ ദിവസം പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ രണ്ടാം ദിവസവും കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. മത്സരത്തില്‍ രണ്ട് ടീമിനും ഓരോ ഇന്നിങ്‌സ് വീതമെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സി-യില്‍ നിലവില്‍ കേരളം രണ്ടാം സ്ഥാനത്താണ്. രണ്ട് മത്സരം അവസാനിച്ചപ്പോള്‍ ഒരു ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് കേരളത്തിനുള്ളത്.

സ്വന്തം തട്ടകമായ തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍ പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് കേരളം നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സിന്റെ വിജയലക്ഷ്യം കേരളം അനായാസം മറികടക്കുകയായിരുന്നു.

ആദിത്യ സര്‍വാതെയുടെയും ജലജ് സക്സേനയുടെയും മികച്ച ബൗളിങ് പ്രകടനങ്ങളാണ് കേരളത്തിന് ആദ്യ ജയം സമ്മാനിച്ചത്.

 

വിജയം മാത്രം പ്രതീക്ഷിച്ച് രണ്ടാം മത്സരത്തിനിറങ്ങിയ കേരളത്തിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ സെഞ്ച്വറിക്ക് പിന്നാലെ ടീമിലേക്ക് മടങ്ങിയെത്തിയ സഞ്ജു സാംസണിന്റെ പ്രകടനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരൊന്നാകെ.

എന്നാല്‍ കര്‍ണാടകയ്ക്കെതിരായ മത്സരത്തില്‍ ഒരു ഇന്നിങ്സ് പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത നിലയില്‍ മഴ കളിച്ചതോടെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനമായത്.

അതേസമയം, കേരളത്തിന് തൊട്ടുതാഴെ മൂന്നാം സ്ഥാനത്താണ് ബംഗാള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. നാല് പോയിന്റാണ് ടീമിന് നിലവിലുള്ളത്.

ആദ്യ മത്സരത്തില്‍ മൂന്ന് പോയിന്റാണ് ബംഗാളിന് ലഭിച്ചത്. ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയതോടെയാണ് മത്സരം സമനിലയില്‍ പിരിഞ്ഞിട്ടും മജുംദാറിനും സംഘത്തിനും മേല്‍ക്കൈ ലഭിച്ചത്.

എന്നാല്‍, ദുര്‍ബലരായ ബീഹാറിനെതിരായ മത്സരമാകട്ടെ ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിക്കുകയായിരുന്നു. രണ്ട് ടീമിനും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്തു.

ആദ്യ ജയം തേടിയാണ് ബംഗാള്‍ കേരളത്തിനെതിരെ കളത്തിലിറങ്ങിയത്. അതേസമയം, കേരളമാകട്ടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ ആദ്യ സ്ഥാനങ്ങള്‍ കൈവിടാതെ കാക്കാനാണ് ഒരുങ്ങുന്നത്.

കേരള സ്‌ക്വാഡ്

സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, രോഹന്‍ എസ്. കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ആദിത്യ സര്‍വാതെ, അക്ഷയ് ചന്ദ്രന്‍, ബാബ അപരാജിത്, ജലജ് സക്സേന, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ബേസില്‍ തമ്പി, ഫാസില്‍ ഫാനൂസ്, കെ.എം. ആസിഫ്, എം.ഡി. നിധീഷ്.

ബംഗാള്‍ സ്‌ക്വാഡ്

അനുഷ്ടുപ് മജുംദാര്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, അവിലിന്‍ ഘോഷ്, ശുവം ദേ, സുദീപ് ചാറ്റര്‍ജി, സുദീര്‍ കുമാര്‍ ഘരാമി, അമിര്‍ ഗാനി, ഷഹബാസ് അഹമ്മദ്, വൃത്തിക് ചാറ്റര്‍ജി, അഭിഷേക് പോരല്‍ (വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് കൈഫ്, മുകേഷ് കുമാര്‍, പ്രദീപ്ത പ്രമാണിക്, റിഷവ് വിവേക്, സുരാജ് സിന്ധു ജെയ്സ്വാള്‍, യുദ്ധ്ജീത് ഗുഹ.

 

Content Highlight: Ranji Trophy: KER vs BEN: Day 2 Updates