രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ മൂന്നാം മത്സരവും മഴ ഭീഷണയില്‍. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ബംഗാളിനെതിരെ നടക്കുന്ന മത്സരം മഴ കാരണം തടസ്സപ്പെട്ടിരിക്കുകയാണ്.
മോശം കാലാവസ്ഥ കാരണം മത്സരത്തിന്റെ ടോസ് പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ആദ്യ ദിവസം പൂര്‍ണമായും മഴ കാരണം നഷ്ടപ്പെട്ടിരുന്നു. ശേഷിക്കുന്ന മൂന്ന് ദിവസമെങ്കിലും മത്സരം നടക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.
രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സി-യില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് കേരളം. രണ്ട് മത്സരം അവസാനിച്ചപ്പോള്‍ ഒരു ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് കേരളത്തിനുള്ളത്.
പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് കേരളം നേടിയത്. സ്വന്തം തട്ടകമായ തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സിന്റെ വിജയലക്ഷ്യം കേരളം അനായാസം മറികടക്കുകയായിരുന്നു.
ആദിത്യ സര്‍വാതെയുടെയും ജലജ് സക്‌സേനയുടെയും മികച്ച പ്രകടനങ്ങളാണ് കേരളത്തിന് ആദ്യ ജയം സമ്മാനിച്ചത്.
കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ ഒരു ഇന്നിങ്‌സ് പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത നിലയില്‍ മഴ കളിച്ചതോടെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനമായത്.
അതേസമയം, ബംഗാളാകട്ടെ ആദ്യ മത്സരം സമനിലയില്‍ അവസാനിപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശിനെതിരെ നടന്ന മത്സരം ആദ്യ ഇന്നിങ്‌സ് ലീഡോടെയാണ് ബംഗാള്‍ അവനസാനിപ്പിച്ചത്. ഇതോടെ മൂന്ന് പോയിന്റ് ടീമിന് ലഭിച്ചു.
അതേസമയം, ദുര്‍ബലരായ ബീഹാറിനെതിരായ മത്സരമാകട്ടെ ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിക്കുകയായിരുന്നു. രണ്ട് ടീമിനും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്തു.
ആദ്യ ജയം തേടിയാണ് ബംഗാള്‍ കേരളത്തിനെതിരെ കളത്തിലിറങ്ങിയത്. അതേസമയം, കേരളമാകട്ടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ആദ്യ സ്ഥാനങ്ങള്‍ കൈവിടാതെ കാക്കാനാണ് ഒരുങ്ങുന്നത്.
കേരള സ്‌ക്വാഡ്
സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, രോഹന്‍ എസ്. കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ആദിത്യ സര്‍വാതെ, അക്ഷയ് ചന്ദ്രന്‍, ബാബ അപരാജിത്, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ബേസില്‍ തമ്പി, ഫാസില്‍ ഫാനൂസ്, കെ.എം. ആസിഫ്, എം.ഡി. നിധീഷ്.