| Tuesday, 29th October 2024, 4:54 pm

കേരളത്തിന് തലവേദനയായി കര്‍ണാടക; തോല്‍പിക്കാന്‍ സാധിച്ചില്ലെങ്കിലും ഒപ്പമെത്തി

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സി-യില്‍ കര്‍ണാടകയ്ക്ക് മികച്ച വിജയം. ഗ്രൂപ്പിലെ ദുര്‍ബലരായ ബീഹാറിനെ തറപറ്റിച്ചാണ് കര്‍ണാടക സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. പാട്‌നയിലെ മോയിന്‍ ഉള്‍ ഹഖ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് കര്‍ണാടക സ്വന്തമാക്കിയത്.

സ്‌കോര്‍

ബീഹാര്‍: 143 & 212

കര്‍ണാടക: 287/7d & 70/2 (T: 69)

മത്സരത്തില്‍ ടോസ് നേടിയ കര്‍ണാടക ബൗളിങ് തെരഞ്ഞെടുത്തു. ആദ്യ ഇന്നിങ്‌സില്‍ വെറും 143 റണ്‍സ് മാത്രമാണ് ഹോം ടീമിന് കണ്ടെത്താന്‍ സാധിച്ചത്. വിക്കറ്റ് കീപ്പര്‍ ശ്രമണ്‍ നിഗ്രോധിന്റെ അര്‍ധ സെഞ്ച്വറിയാണ് ബീഹാറിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

143 പന്ത് നേരിട്ട താരം 60 റണ്‍സ് നേടി പുറത്തായി. ആറ് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ബിപിന്‍ സൗരഭ് (38 പന്തില്‍ 31), രഘുവേന്ദ്ര പ്രതാപ് സിങ് (45 പന്തില്‍ 16), സാകിബുള്‍ ഘാനി (51 പന്തില്‍ 13) എന്നിവരാണ് ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

സൂപ്പര്‍ താരം ശ്രേയസ് ഗോപാലിന്റെ കരുത്തിലാണ് ബീഹാറിനെ ചെറിയ സ്‌കോര്‍ ഒതുക്കാന്‍ കര്‍ണാടകയ്ക്ക് സാധിച്ചത്. 14 ഓവറില്‍ വെറും 28 റണ്‍സ് വഴങ്ങിയ താരം നാല് വിക്കറ്റ് നേടി.

മൊഹ്‌സിന്‍ ഖാന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വിദ്യാധര്‍ പാട്ടീല്‍, വി. കൗശിക്, വൈശാഖ് വിജയ്കുമാര്‍ എന്നിവര്‍ ശേഷിക്കുന്ന വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറി കരുത്തില്‍ ആദ്യ ഇന്നിങ്‌സ് ലീഡ് നേടി. 131 പന്തില്‍ 105 റണ്‍സാണ് അഗര്‍വാള്‍ സ്വന്തമാക്കിയത്. മനീഷ് പാണ്ഡേ 55 പന്തില്‍ 56 റണ്‍സും നേടി പുറത്തായി.

അഭിനവ് മനോഹര്‍ (30 പന്തില്‍ 37), സ്മരണ്‍ രവിചന്ദ്രന്‍ (50 പന്തില്‍ 37) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ഒടുവില്‍ ടീം സ്‌കോര്‍ 287ന് ഏഴ് എന്ന നിലയില്‍ നില്‍ക്കവെ കര്‍ണാടക ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ബീഹാറിനായി ഹിമാന്‍ഷു സിങ് നാല് വിക്കറ്റ് നേടി. സാകിബ് ഹുസൈന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ വൈഭവ് സൂര്യവംശി ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങേണ്ടി വന്ന ബീഹാറിന് രണ്ടാം ഇന്നിങ്‌സിലും ടീം എന്ന നിലയില്‍ തിളങ്ങാന്‍ സാധിച്ചില്ല. ചില വ്യക്തിഗത പ്രകടനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ബീഹാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.

സാകിബുള്‍ ഘാനിയുടെ സെഞ്ച്വറി കരുത്തിലാണ് ബീഹാര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 194 പന്തില്‍ 130 റണ്‍സാണ് താരം നേടിയത്. 15 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു ഘാനിയുടെ ഇന്നിങ്‌സ്.

111 പന്തില്‍ 44 റണ്‍സ് നേടിയ ബാബുല്‍ കുമാറിനും 27 പന്തില്‍ 15 റണ്‍സ് നേടിയ ജിതിന്‍ കുമാര്‍ യാദവിനും മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇരട്ടയക്കം കാണാന്‍ സാധിച്ചത്.

ഒടുവില്‍ 212ന് ടീം പുറത്തായി.

രണ്ടാം ഇന്നിങ്‌സിലും ശ്രേയസ് ഗോപാല്‍ ഫോര്‍ഫറുമായി തിളങ്ങി. വൈശാഖ് വിജയ്കുമാര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വി. കൗശിക്, മൊഹ്‌സിന്‍ ഖാന്‍, വിദ്യാധര്‍ പാട്ടീല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബീഹാര്‍ ഉയര്‍ത്തിയ 69 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി കര്‍ണാടക മറികടക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ എട്ട് പോയിന്റോടെ കര്‍ണാടക പോയിന്റ് പട്ടികയില്‍ മികച്ച കുതിപ്പ് നടത്തി. ബംഗാളിനോട് സമനില വഴങ്ങിയ കേരളത്തിനും എട്ട് പോയിന്റാണുള്ളത്.

നവംബര്‍ ആറിനാണ് കര്‍ണാടകയുടെ അടുത്ത മത്സരം. ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ബംഗാളാണ് എതിരാളികള്‍.

Content Highlight: Ranji Trophy: Karnataka vs Bihar: Karnataka secures 1st victory

We use cookies to give you the best possible experience. Learn more