| Saturday, 17th February 2024, 10:06 am

ജയിച്ചിട്ടും പ്രത്യേകിച്ച് കാര്യമില്ലാത്തതിനാല്‍ സഞ്ജു കേരളത്തിന് വേണ്ടി കളിക്കുന്നില്ല; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയിലെ എലീറ്റ് ഗ്രൂപ്പ് ബി-യില്‍ കേരളത്തിന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം വിശാഖപട്ടണത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കരുത്തരായ ആന്ധ്രാപ്രദേശാണ് എതിരാളികള്‍. മത്സരത്തില്‍ സച്ചിന്‍ ബേബിയാണ് കേരളത്തെ നയിക്കുന്നത്.

സ്ഥിരം നായകന്‍ സഞ്ജു സാംസണ് വിശ്രമം അനുവദിച്ചതിന് പിന്നാലെയാണ് സച്ചിന്‍ ബേബി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുത്തത്.

ഈ മത്സരത്തില്‍ ജയിച്ചാലും കേരളത്തിന് മുന്നോട്ട് പോകാനാകില്ല. ഇതോടെയാണ് മത്സര ഫലം അപ്രസക്തമായ കളിയില്‍ നിന്ന് സഞ്ജു സാംസണ്‍ സ്വയം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്രക്കെതിരായ മത്സരം 2023-24 രഞ്ജി ട്രോഫി സീസണില്‍ കേരളത്തിന്റെ അവസാന മത്സരമാണ്.

ആറ് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയും നാല് സമനിലയുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 14 പോയിന്റാണ് ടീമിനുള്ളത്. 30 പോയിന്റുമായി മുംബൈയും 25 പോയിന്റോടെ ആന്ധ്രയുമാണ് ഒന്ന് രണ്ട് സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

അവസാന മത്സരത്തില്‍ ബോണസ് പോയിന്റ് നേടി വിജയിച്ചാലും കേരളത്തിന് 21 പോയിന്റ് മാത്രമേ ലഭിക്കൂ. ഇതോടെ എലീറ്റ് ഗ്രൂപ്പ് ബിയില്‍ നിന്നും മുംബൈയും ആന്ധ്രയും നോക്ക് ഔട്ടില്‍ പ്രവേശിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

അവസാന മത്സരഫലം ഭാവി തിരുത്തില്ല എങ്കിലും വിജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാകും കേരളത്തിന്റെ ശ്രമം.

അതേസമയം, രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ആന്ധ്രക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. 14 പന്തില്‍ ഒരു റണ്‍സ് നേടിയ മനീഷ് ഗോലമാരുവിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. 137 പന്തില്‍ 81 റണ്‍സുമായി ക്യാപ്റ്റന്‍ റിക്കി ഭുയി ക്രീസില്‍ തുടരുകയാണ്.

നിലവില്‍ 94 ഓവര്‍ പിന്നിടുമ്പോള്‍ 266 റണ്‍സിന് ഒമ്പത് വിക്കറ്റ് എന്ന നിലയിലാണ് ആന്ധ്ര. റിക്കി ഭുയിക്ക് പുറമെ അര്‍ധ സെഞ്ച്വറി നേടിയ മഹീപ് കുമാര്‍ (157 പന്തില്‍ 81), കരണ്‍ ഷിന്‍ഡേ (96 പന്തില്‍ 43) എന്നിവരാണ് എ.പിയുടെ മറ്റ് സ്‌കോറര്‍മാര്‍.

കേരളത്തിനായി ബേസില്‍ തമ്പി മൂന്നും വൈശാഖ് ചന്ദ്രന്‍ രണ്ടും വിക്കറ്റുകള്‍ നേടി. അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന, ബേസില്‍ എന്‍.പി, അഖില്‍ സ്‌കറിയ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

Content Highlight: Ranji Trophy:  It is reported that Sanju Samson withdrew himself in the last match

We use cookies to give you the best possible experience. Learn more