രഞ്ജി ട്രോഫി ഫൈനലിന്റെ നാലാം ദിവസം അവസാനിച്ചിരിക്കുകയാണ്. മുംബൈ ഉയര്‍ത്തിയ 538 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ വിദര്‍ഭ കളി നിര്‍ത്തുമ്പോള്‍ 248 റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ എന്ന നിലയിലാണ്.
വിദര്‍ഭക്കായി മലയാളി താരം കരുണ്‍ നായര്‍ 220 പന്തില്‍ 74 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ ഏറെ നേരം ക്രീസില്‍ നിന്ന കരുണ്‍ മൂന്ന് ഫോറുകളാണ് നേടിയത്. നായകന്‍ അക്ഷയ് വാദ്കാര്‍ 91 പന്തില്‍ പുറത്താവാതെ 56 റണ്‍സും നേടി ക്രീസില്‍ ഉണ്ട്. ആറ് ഫോറുകളും ഒരു സിക്‌സുമാണ് വിദര്‍ഭ നായകന്‍ നേടിയത്.
ഇവര്‍ക്ക് പുറമേ ബാറ്റിങ്ങില്‍ അഥര്‍വ്വ ടെയ്ഡ് 64 പന്തില്‍ 32 റണ്‍സും അമന്‍ മൊഖഡേ 78 പന്തില്‍ 32 റണ്‍സും ധ്രുവ് ഷോറെയ് 50 പന്തില്‍ 28 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
മുംബൈ ബൗളിങ്ങില്‍ തനുഷ് കൊട്ടിയാന്‍, മുഷീര്‍ ഖാന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്.
അതേസമയം രണ്ടാം ഇന്നിങ്‌സില്‍ മുഷീര്‍ ഖാന്റെ സെഞ്ച്വറി കരുത്തിലാണ് മുംബൈ കൂറ്റന്‍ ടോട്ടലിലേക്ക് നീങ്ങിയത്. 326 പന്തില്‍ 136 റണ്‍സ് നേടി കൊണ്ടായിരുന്നു മുഷീറിന്റെ മിന്നും പ്രകടനം. ഇതിനു പിന്നാലെ രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും മുഷീറിന് സാധിച്ചു.