|

രഞ്ജി ഫൈനല്‍: 11 റണ്‍സിന് രണ്ട് വിക്കറ്റ്, ശേഷമെത്തിയ 21കാരന്റെ സെഞ്ച്വറിയില്‍ വിറച്ച് കേരളം; ആദ്യ ദിനം ചിരിച്ച് വിദര്‍ഭ

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി ഫൈനല്‍ കേരളത്തിനെതിരെ മികച്ച പ്രകടനവുമായി വിദര്‍ഭ. നാഗ്പൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റിന് 254 എന്ന നിലയിലാണ് വിദര്‍ഭ.

മത്സരത്തില്‍ ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എതിരാളികളെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീണു.

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ കേരളം വിദര്‍ഭയുടെ ആദ്യ രക്തം ചിന്തി. ഓപ്പണര്‍ പാര്‍ത്ഥ് രേഖാഡെയെ വിക്കറ്റിന് മുമ്പില്‍ കുടുക്കി എം.ഡി. നിധീഷ് വേട്ട തുടങ്ങി.

വണ്‍ ഡൗണായെത്തിയ ദര്‍ശന്‍ നാല്‍ക്കണ്ഡേയായിരുന്നു നിധീഷിന്റെ അടുത്ത ഇര. ടീം സ്‌കോര്‍ 11ല്‍ നില്‍ക്കവെ 21 പന്തില്‍ ഒരു റണ്ണുമായി നാല്‍ക്കണ്ഡേ പുറത്തായി. ഡാനിഷ് മലേശ്വര്‍ എന്ന 21കാരനാണ് ശേഷം ക്രീസിലെത്തിയത്.

ധ്രുവ് ഷൂരേയെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ ശ്രമിച്ച മലേവറിനെ അതിന് അനുവദിക്കാതെ കേരളം മൂന്നാം വിക്കറ്റും സ്വന്തമാക്കി. 35 പന്തില്‍ 16 റണ്‍സുമായി ഷൂരെയെ മടക്കി ഈഡന്‍ ആപ്പിള്‍ ടോം വിദര്‍ഭയ്ക്ക് അടുത്ത തിരിച്ചടി നല്‍കി.

എന്നാല്‍ നാലാം വിക്കറ്റില്‍ കരുണ്‍ നായര്‍ ക്രീസിലെത്തിയതോടെ വിദര്‍ഭ മത്സരം തിരിച്ചുപിടിച്ചു. ഒരു വശത്ത് നിന്ന് മലേവറും മറുവശത്ത് നിന്ന് കരുണും ചേര്‍ന്ന് കേരള ബൗളര്‍മാരെ പ്രഹരിച്ചുകൊണ്ടിരുന്നു. നാലാം വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും തിളങ്ങിയത്.

മലേവര്‍ സെഞ്ച്വറി നേടിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായി കരുണ്‍ നായകന്‍ തന്റെ മാജിക് വീണ്ടും പുറത്തെടുത്തു.

ടീം സ്‌കോര്‍ 24ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 239ലാണ്. കരുണ്‍ നായരിനെ റണ്‍ ഔട്ടാക്കിയാണ് കേരളം വിദര്‍ഭയുടെ നെടുംതൂണായ പാര്‍ട്ണര്‍ഷിപ്പ് പൊളിച്ചത്. 188 പന്തില്‍ 86 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഒടുവില്‍ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 254 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് വിദര്‍ഭ. 259 പന്തില്‍ 138 റണ്‍സുമായി മലേവറും 13 പന്തില്‍ അഞ്ച് റണ്‍സുമായി യാഷ് താക്കൂറുമാണ് ക്രീസില്‍.

കേരളത്തിനായി ആദ്യ ദിവസം എം.ഡി. നിധീഷ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഈഡന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും സ്വന്തമാക്കി.

വിദര്‍ഭ പ്ലെയിങ് ഇലവന്‍

പാര്‍ത്ഥ് രേഖാഡെ, ധ്രുവ് ഷൂരെ, ദര്‍ശന്‍ നാല്‍ക്കണ്ഡേ, ഡാനിഷ് മലേവര്‍, കരുണ്‍ നായര്‍, യാഷ് താക്കൂര്‍, യാഷ് റാത്തോഡ്, അക്ഷയ് വഡേക്കര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹര്‍ഷ് ദുബെ, നചികേത് ഭൂട്ടെ, അക്ഷയ് കര്‍ണേവാര്‍.

കേരള പ്ലെയിങ് ഇലവന്‍

സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, ആദിത്യ സര്‍വാതെ, അഹമ്മദ് ഇമ്രാന്‍, എം.ഡി. നിധീഷ്, എന്‍. ബേസില്‍, ഈഡന്‍ ആപ്പിള്‍ ടോം.

Content Highlight: Ranji Trophy Final: Kerala vs Vidarbha: Day 1 Updates

Latest Stories

Video Stories