Ranji Trophy
കേരളം ഉപേക്ഷിച്ചവന് കേരളത്തിനെതിരെ സെഞ്ച്വറി, അതും ഫൈനലില്‍; കിരീടമോഹങ്ങള്‍ അവസാനിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 01, 10:27 am
Saturday, 1st March 2025, 3:57 pm

രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ മികച്ച നിലയിലേക്ക് വിദര്‍ഭ. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിദര്‍ഭയുടെ ലീഡ് 240 കടന്നു.

സൂപ്പര്‍ താരം കരുണ്‍ നായരിന്റെ സെഞ്ച്വറി കരുത്തിലാണ് വിദര്‍ഭ മികച്ച സ്‌കോറിലേക്ക് കുതിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരത്തിന്റെ 23ാം സെഞ്ച്വറി നേട്ടമാണിത്.

കരുണ്‍ നായരിന്റെ കരുത്തില്‍ വിദര്‍ഭ മുമ്പോട്ട് കുതിക്കുമ്പോള്‍ കേരളത്തിന്റെ കിരീട സാധ്യതകള്‍ കൂടിയാണ് അവസാനിക്കുന്നത്. ഒരുപക്ഷേ നേരത്തെ, കേരള ക്രിക്കറ്റ് അസോസിയേഷന്‍ മാറി ചിന്തിച്ചിരുന്നെങ്കില്‍ കേരളത്തിനൊപ്പം ഫൈനല്‍ കളിക്കേണ്ട താരമായിരുന്നു കരുണ്‍ നായര്‍.

കര്‍ണാടക ടീമില്‍ നിന്നും പടിയിറങ്ങിയതോടെ കേരളത്തിനായി കളിക്കാന്‍ സ്വയം സന്നദ്ധനായി എത്തിയിരുന്നുവെന്നും എന്നാല്‍ ചര്‍ച്ചകള്‍ ഫലം കാണാതെ പോവുകയായിരുന്നു എന്ന് കരുണ്‍ നായര്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയമാണ് വിദര്‍ഭ തനിക്ക് കരാര്‍ ഓഫര്‍ ചെയ്തതെന്നും താന്‍ അവര്‍ക്കൊപ്പം ചേരുകയായിരുന്നു എന്നും കരുണ്‍ പറഞ്ഞിരുന്നു.

‘കേരളത്തിന് വേണ്ടി കളിക്കായുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. കര്‍ണാടക ടീം വിടുമെന്ന് ഉറപ്പായപ്പോള്‍ എവിടെയെല്ലാം കളിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ നോക്കുന്നുണ്ടായിരുന്നു. ആ സമയം കേരളവുമായും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ആ ചര്‍ച്ചകളൊന്നും തന്നെ മുമ്പോട്ട് പോയില്ല.

ഞാന്‍ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷനുമായി സംസാരിക്കുകയായിരുന്നു. പക്ഷേ അത് മുമ്പോട്ട് പോയില്ല. ആ സമയത്ത് തന്നെ എനിക്ക് വിദര്‍ഭയുടെ ഓഫര്‍ വന്നു,’ കരുണ്‍ നായര്‍ പറയുന്നു.

അതേസമയം, ഫൈനലില്‍ മികച്ച പ്രകടനമാണ് കരുണ്‍ നായര്‍ നടത്തുന്നത്. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഡാനിഷ് മലേവറിനൊപ്പം ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് താരം തിളങ്ങിയത്.

നിലവില്‍ 70 ഓവര്‍ പിന്നിടുമ്പോള്‍ 212ന് മൂന്ന് എന്ന നിലയിലാണ് വിദര്‍ഭ ബാറ്റിങ് തുടരുന്നത്. 215 പന്തില്‍ 109 റണ്‍സുമായി കരുണ്‍ നായരും 34 പന്തില്‍ 14 റണ്‍സുമായി യാഷ് റാത്തോഡുമാണ് ക്രീസില്‍. 162 പന്തില്‍ 73 റണ്‍സ് നേടിയ ഡാനിഷ് മലേവറാണ് രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയ്ക്കായി തിളങ്ങിയ മറ്റൊരു താരം.

വിദര്‍ഭ പ്ലെയിങ് ഇലവന്‍

പാര്‍ത്ഥ് രേഖാഡെ, ധ്രുവ് ഷൂരെ, ദര്‍ശന്‍ നാല്‍ക്കണ്ഡേ, ഡാനിഷ് മലേവര്‍, കരുണ്‍ നായര്‍, യാഷ് താക്കൂര്‍, യാഷ് റാത്തോഡ്, അക്ഷയ് വഡേക്കര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹര്‍ഷ് ദുബെ, നചികേത് ഭൂട്ടെ, അക്ഷയ് കര്‍ണേവാര്‍.

കേരള പ്ലെയിങ് ഇലവന്‍

സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, ജലജ് സക്സേന, ആദിത്യ സര്‍വാതെ, അഹമ്മദ് ഇമ്രാന്‍, എം.ഡി. നിധീഷ്, എന്‍. ബേസില്‍, ഈഡന്‍ ആപ്പിള്‍ ടോം.

 

Content Highlight: Ranji Trophy Final: KER vs VID: Karun Nair scored century