Sports News
രഞ്ജി ഫൈനല്‍: കേരളം ഓള്‍ഔട്ട്, വിദര്‍ഭയ്ക്ക് 37 റണ്‍സ് ലീഡ്; ഒന്നും അവസാനിച്ചിട്ടില്ല, കളി ഇനിയും ബാക്കി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 28, 11:40 am
Friday, 28th February 2025, 5:10 pm

രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി വിദര്‍ഭ. വിദര്‍ഭ ഉയര്‍ത്തിയ ആദ്യ ഇന്നിങ്‌സ് ടോട്ടലായ 379 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കേരളം 342 റണ്‍സിന് പുറത്തായി. ഇതോടെ 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഹോം ടീമിന് ലഭിച്ചത്.

സ്‌കോര്‍ (മൂന്നാം ദിവസം അവസാനിക്കുമ്പോള്‍)

വിദര്‍ഭ: 379 (123.1)
കേരളം: 342 (125)

സെഞ്ച്വറിക്ക് തൊട്ടരികിലെത്തി വീണ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും സൂപ്പര്‍ താരം ആദിത്യ സര്‍വാതെയുടെയും ഇന്നിങ്‌സിന്റെ കരുത്തിലാണ് കേരളം പൊരുതിയത്.

131ന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് കേരളം മൂന്നാം ദിവസം ആരംഭിച്ചത്. 120 പന്തില്‍ 66 റണ്‍സുമായി ആദിത്യ സര്‍വാതെയും 23 പന്തില്‍ ഏഴ് റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് കേരളത്തിനായി ഇന്നിങ്‌സ് പുനരാരംഭിച്ചത്.

ടീം സ്‌കോര്‍ 170ല്‍ നില്‍ക്കവെ സര്‍വാതെയുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായിരുന്നു. 185 പന്തില്‍ 79 റണ്‍സ് നേടിയാണ് സര്‍വാതെ മടങ്ങിയത്. 10 ഫോറുമായി മികച്ച രീതിയില്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തവെ ഹര്‍ഷ് ദുബെയുടെ പന്തില്‍ ഡാനിഷ് മലേവറിന് ക്യാച്ച് നല്‍കിയാണ് സല്‍വാതെയുടെ മടക്കം.

പിന്നാലെയെത്തിയ സല്‍മാന്‍ നിസാറിനെ ഒപ്പം കൂട്ടി സച്ചിന്‍ ബേബി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. എന്നാല്‍ ആ കൂട്ടുകെട്ടിനും അധികം ആയുസുണ്ടായിരുന്നില്ല. 219ല്‍ നില്‍ക്കവെ സല്‍മാന്‍ നിസാറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ഹര്‍ഷ് ദുബെ വീണ്ടും കേരളത്തെ ഞെട്ടിച്ചു.

പിന്നാലെയെത്തിയ മുഹമ്മദ് അസറുദ്ദീനെയും ജലജ് സക്‌സേനയെയും ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ചെറുതും വലുതുമായ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയിരുന്നു. അസര്‍ 59 പന്തില് 34 റണ്‍സ് നേടി മടങ്ങിയപ്പോള്‍ 76 പന്ത് നേരിട്ട് 28 റണ്‍സുമായാണ് ജലജ് പുറത്തായത്.

ഇതിനിടെ സച്ചിന്‍ ബേബിയുടെ വിക്കറ്റും കേരളത്തിന് നഷ്ടപ്പെട്ടിരുന്നു. കരിയറിലെ 100ാം ഫസ്റ്റ് ക്ലാസ് മത്സരത്തില്‍, കേരളത്തിന്റെ ചരിത്ര ഫൈനലില്‍ താരം നൂറടിക്കുമെന്ന് കരുതിയെങ്കിലും അര്‍ഹിച്ച സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ ക്യാപ്റ്റനെ വിദര്‍ഭ മടക്കി. 235 പന്തില്‍ 98 റണ്‍സുമായി നില്‍ക്കവെ പാര്‍ത്ഥ് രേഖാഡെയുടെ പന്തില്‍ കരുണ്‍ നായരിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ഒടുവില്‍ 342ന് കേരളം പുറത്തായി.

നേരത്തെ, ആദ്യ ഇന്നിങ്സ് ആരംഭിച്ച കേരളത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രോഹന്‍ കുന്നുമ്മല്‍ പുറത്തായി. ദര്‍ശന്‍ നല്‍ക്കണ്ഡേയ്ക്ക് വിക്കറ്റ് നല്‍കി ബ്രോണ്‍സ് ഡക്കായാണ് താരം മടങ്ങിയത്.

സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് പിറന്നപ്പോഴേക്കും രണ്ടാം വിക്കറ്റും കേരളത്തിന് നഷ്ടമായി. അക്ഷയ് ചന്ദ്രന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 11 പന്തില്‍ 14 റണ്‍സ് നേടി നില്‍ക്കവെ നല്‍ക്കണ്ഡേ തന്നെയാണ് താരത്തെ മടക്കിയത്.

വിദര്‍ഭയ്ക്കായി ഹര്‍ഷ് ദുബെ, പാര്‍ത്ഥ് രേഖാഡെ, ദര്‍ശന്‍ നല്‍ക്കണ്ഡേ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. യാഷ് താക്കൂറാണ് ശേഷിച്ച വിക്കറ്റെടുത്തത്.

വിദര്‍ഭ പ്ലെയിങ് ഇലവന്‍

പാര്‍ത്ഥ് രേഖാഡെ, ധ്രുവ് ഷൂരെ, ദര്‍ശന്‍ നാല്‍ക്കണ്ഡേ, ഡാനിഷ് മലേവര്‍, കരുണ്‍ നായര്‍, യാഷ് താക്കൂര്‍, യാഷ് റാത്തോഡ്, അക്ഷയ് വഡേക്കര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹര്‍ഷ് ദുബെ, നചികേത് ഭൂട്ടെ, അക്ഷയ് കര്‍ണേവാര്‍.

കേരള പ്ലെയിങ് ഇലവന്‍

സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, ആദിത്യ സര്‍വാതെ, അഹമ്മദ് ഇമ്രാന്‍, എം.ഡി. നിധീഷ്, എന്‍. ബേസില്‍, ഈഡന്‍ ആപ്പിള്‍ ടോം.

 

Content Highlight: Ranji Trophy Final: KER vs VID: Day 3 Updates