Sports News
റണ്ണുകള്‍ അടിച്ചുകൂട്ടുന്ന യന്ത്രം; ഐ.പി.എല്‍, ടി.എന്‍.പി.എല്‍, കൗണ്ടി, ദുലീപ് ട്രോഫി, ഇപ്പോള്‍ രഞ്ജിയും ഇവന് മുമ്പില്‍ കീഴടങ്ങി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Oct 18, 10:02 am
Friday, 18th October 2024, 3:32 pm

രഞ്ജി ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ തമിഴ്‌നാട് മികച്ച നിലയില്‍. എലീറ്റ് ഡി-യില്‍ ദല്‍ഹിക്കെതിരെയാണ് തമിഴ്‌നാട് മികച്ച നിലയില്‍ ബാറ്റിങ് തുടരുന്നത്.

ആദ്യ ദിവസം ചായക്ക് പിരിയുമ്പോള്‍ 252ന് ഒന്ന് എന്ന നിലയിലാണ് നാരായണ്‍ ജഗദീശനും സംഘവും. സെഞ്ച്വറി പൂര്‍ത്തിയാക്കിയ സൂപ്പര്‍ താരം സായ് സുദര്‍ശന്റെ കരുത്തിലാണ് തമിഴ്‌നാട് സ്‌കോര്‍ ഉയര്‍ത്തുന്നത്.

നിലവില്‍ 1291 പന്തില്‍ 142 റണ്‍സ് നേടിയാണ് താരം ബാറ്റിങ് തുടരുന്നത്. 58 പന്തില്‍ 36 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറാണ് ഒപ്പമുള്ളത്. 101 പന്തില്‍ 65 റണ്‍സടിച്ച ക്യാപ്റ്റന്‍ നാരായണ്‍ ജഗദീശന്റെ വിക്കറ്റാണ് തമിഴ്‌നാടിന് നഷ്ടമായത്.

മികച്ച ഫോം തുടരുന്ന സായ് സുദര്‍ശന്‍ ഇപ്പോള്‍ രഞ്ജിയിലും തന്റെ ക്ലാസ് തുടരുകയാണ്.

2023 മുതല്‍ ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍ താരം സെഞ്ച്വറി നേടിയിട്ടുണ്ട്. പാകിസ്ഥാന്‍ എ-യ്‌ക്കെതിരെ സെഞ്ച്വറി, ഇംഗ്ലണ്ട് എ-യ്‌ക്കെതിരെ സെഞ്ച്വറി, ഐ.പി.എല്‍ സെഞ്ച്വറി, ടി.എന്‍.പി.എല്‍ നോക്ക് ഔട്ട് മത്സരത്തില്‍ സെഞ്ച്വറി, കൗണ്ടി ക്രിക്കറ്റില്‍ സെഞ്ച്വറി, ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി തുടങ്ങി എണ്ണമറ്റ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഇപ്പോള്‍ രഞ്ജിയിലും തന്റെ കരുത്ത് വെളിവാക്കിയിരിക്കുകയാണ്.

ഇന്ത്യയുടെ അടുത്ത ട്രാന്‍സിഷന്‍ പിരീഡില്‍ ടീമിനൊപ്പം താന്‍ ഉണ്ടായിരിക്കണമെന്ന് തന്റെ പ്രകടനങ്ങളിലൂടെ സായ് സുദര്‍ശന്‍ സെലക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്.

രഞ്ജിയിലെ ആദ്യ മത്സരത്തിലും സായ് സുദര്‍ശന്‍ തിളങ്ങിയിരുന്നു. സൗരാഷ്ട്രയ്‌ക്കെതിരെ ഇന്നിങ്‌സ് ജയം സ്വന്തമാക്കിയ മത്സരത്തില്‍ 159 പന്തില്‍ 82 റണ്‍സാണ് താരം നേടിയത്.

സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ സൗരാഷ്ട്രയെ അക്ഷരാര്‍ത്ഥത്തില്‍ ഛിന്നഭിന്നമാക്കിയാണ് തമിഴ്‌നാട് രണ്ടാം മത്സരത്തിനിറങ്ങിയത്. ഇന്നിങ്‌സിനും 70 റണ്‍സിനുമായിരുന്നു ചേതേശ്വര്‍ പൂജാരയുടെ സൗരാഷ്ട്രയെ തമിഴ്‌നാട് തകര്‍ത്തുവിട്ടത്.

ആദ്യ മത്സരത്തില്‍ പുറത്തെടുത്ത അതേ ഡോമിനന്‍സ് തന്നെയാണ് രണ്ടാം മത്സരത്തിലും തമിഴ്‌നാട് പുറത്തെടുക്കുന്നത്. ദല്‍ഹിക്കെതിരെയും വിജയിച്ച് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം കൈവിടാതെ കാക്കാന്‍ തന്നെയാണ് തമിഴ്‌നാട് ഒരുങ്ങുന്നത്.

 

Content highlight: Ranji Trophy: DELvs TN: Sai Sudarshan completed century