സച്ചിനെയൊന്നും മഷിയിട്ട് നോക്കിയിട്ടും കാണുന്നില്ല; ആധിപത്യം തുടര്‍ന്ന് പൂജാര
Sports News
സച്ചിനെയൊന്നും മഷിയിട്ട് നോക്കിയിട്ടും കാണുന്നില്ല; ആധിപത്യം തുടര്‍ന്ന് പൂജാര
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd October 2024, 9:00 am

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് ഡി-യില്‍ നടന്ന ഛത്തീസ്ഗഡ് – സൗരാഷ്ട്ര മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷവും ഇരു ടീമിനും മത്സരത്തില്‍ ആധിപത്യം നേടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.

സ്‌കോര്‍

ഛത്തീസ്ഗഡ്: 578/8d

സൗരാഷ്ട്ര: 478/8

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഛത്തീസ്ഗഡ് ക്യാപ്റ്റന്‍ അമന്‍ദീപ് ഖാരെയുടെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. 394 പന്ത് നേരിട്ട് താരം പുറത്താകാതെ 203 റണ്‍സാണ് നേടിയത്. 20 ഫോറും നാല് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഖാരെക്ക് പുറമെ സഞ്ചിത് ദേശായിയും ഛത്തീസ്ഗഡിനായി തിളങ്ങി. 241 പന്തില്‍ 146 റണ്‍സാണ് താരം സ്വന്തമാക്കിയത്. ശുഭം അഗര്‍വാള്‍ (88 പന്തില്‍ 52), ആയുഷ് പാണ്ഡേ (101 പന്തില്‍ 52), ഏക്‌നാഥ് കെര്‍കര്‍ (79 പന്തില്‍ 50) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ഛത്തീസ്ഗഡ് ഉയര്‍ത്തിയ പടുകൂറ്റന്‍ സ്‌കോര്‍ മറികടന്ന് ലീഡ് ഉയര്‍ത്താനെത്തിയ സൗരാഷ്ട്രക്ക് ആദ്യ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായെങ്കിലും മൂന്നാം നമ്പറില്‍ സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാര ക്രീസിലെത്തിയതോടെ ടീം നില വീണ്ടെടുത്തു. ഓപ്പണര്‍ ചിരാഗ് ജാനിക്കൊപ്പവും പിന്നാലെയെത്തിയ ഷെല്‍ഡണ്‍ ജാക്‌സണ്‍, അര്‍പിത് വാസവദ എന്നിവര്‍ക്കൊപ്പവും പൂജാര മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി.

ചിരാഗ് 40 റണ്‍സ് നേടി പുറത്തായി. ഷെല്‍ഡണ്‍ ജാക്‌സണ്‍, അര്‍പിത് വാസവദ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി പുറത്തായപ്പോള്‍ ഇരട്ട സെഞ്ച്വറിയുമായാണ് പൂജാര തിളങ്ങിയത്.

383 പന്ത് നേരിട്ട് 234 റണ്‍സാണ് പൂജാര നേടിയത്. 25 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഈ ഡബിള്‍ സെഞ്ച്വറിക്ക് പിന്നാലെ പല റെക്കോഡും താരം സ്വന്തമാക്കിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവുമധികം ഇരട്ട സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചാണ് പൂജാര മുമ്പോട്ട് കുതിക്കുന്നത്.

ഇത് 18ാം തവണയാണ് പൂജാര ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഇരുന്നൂറടിക്കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവുമധികം ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഡബിള്‍ സെഞ്ച്വറി എന്നീ ക്രമത്തില്‍)

ചേതേശ്വര്‍ പൂജാര – 18*

വിജയ് മെര്‍ച്ചന്റ് – 11

വിജയ് ഹസാരെ – 10

സുനില്‍ ഗവാസ്‌കര്‍ – 10

രാഹുല്‍ ദ്രാവിഡ് – 10

ഇതിനൊപ്പം തന്നെ ഏറ്റവുമധികം ഫസ്റ്റ് ക്ലാസ് ഇരട്ട സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയരാനും പൂജാരക്ക് സാധിച്ചു. 37 ഡബിള്‍ സെഞ്ച്വറിയുമായി ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാമത്.

ഇതിന് പുറമെ ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ റെക്കോഡും താരം മറികടന്നു. കരിയറില്‍ കളത്തിലിറങ്ങിയ 261 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നുമായി 65 തവണയാണ് ലാറ ഫസ്റ്റ് ക്ലാസില്‍ ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കിയത്.

ഈ ഇന്നിങ്‌സിന് പിന്നാലെ മറ്റൊരു നേട്ടവും പൂജാര സ്വന്തമാക്കിയിരുന്നു. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 21,000 റണ്‍സ് മാര്‍ക് മറികടക്കുന്ന നാലാമത് ഇന്ത്യന്‍ താരമായാണ് പൂജാര റെക്കോഡിട്ടത്. ഫസ്റ്റ് ക്ലാസില്‍ 21,149 റണ്‍സാണ് തരം സ്വന്തമാക്കിയത്.

സുനില്‍ ഗവാസ്‌കറാണ് ഈ എലീറ്റ് ലിസ്റ്റില്‍ ഒന്നാമന്‍. 25,834 റണ്‍സുമായാണ് ഗവാസ്‌കര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചത്.

ഗവാസ്‌കറിനേക്കാള്‍ 438 റണ്‍സാണ് രണ്ടാമതുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് കുറവുള്ളത്. 25,396 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ നിന്നും അടിച്ചുകൂട്ടിയത്. 23,794 റണ്‍സുമായി രാഹുല്‍ ദ്രാവിഡാണ് പട്ടികയിലെ മൂന്നാമന്‍.

അതേസമയം, സീസണിലെ ആദ്യ ജയത്തിനായുള്ള സൗരാഷ്ട്രയുടെ കാത്തിരിപ്പ് തുടരുകയാണ്. ഒക്ടോബര്‍ 26ന് ആരംഭിക്കുന്ന മൂന്നാം മത്സരത്തില്‍ സൗരാഷ്ട്ര വിജയം സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റെയില്‍വേയ്‌സാണ് എതിരാളികള്‍.

 

Content highlight: Ranji Trophy: Cheteshwar Pujara completes 18th first class double century