രഞ്ജി ട്രോഫി 2024ല്‍ എലീറ്റ് ബി-യില്‍ നാലാം സ്ഥാനക്കാരായി കേരളം ഈ വര്‍ഷത്തെ ക്യാംപെയ്ന്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഏഴ് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയും അഞ്ച് സമനിലയുമായാണ് കേരളം പോരാട്ടം അവസാനിപ്പിച്ചത്.
കരുത്തരായ ആന്ധ്രാപ്രദേശിനെതിരെയാണ് കേരളം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കളിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടി സമനിലയിലാണ് കേരളം മത്സരം അവസാനിപ്പിച്ചത്. അക്ഷയ് ചന്ദ്രന്റെയും സച്ചിന്‍ ബേബിയുടെയും സെഞ്ച്വറി കരുത്തിലാണ് കേരളം അവസാന മത്സരത്തില്‍ തലയുയര്‍ത്തി നിന്നത്.
386 പന്ത് നേരിട്ട് 20 ബൗണ്ടറികള്‍ ഉള്‍പ്പെടെ 184 റണ്‍സാണ് താരം നേടിയത്. അവസാന മത്സരത്തില്‍ കേരളത്തിന്റെ ടോപ് സ്‌കോററും അക്ഷയ് ചന്ദ്രന്‍ തന്നെയായിരുന്നു.
ഹനുമ വിഹാരിയും റിക്കി ഭുയിയും ഉള്‍പ്പെട്ട കരുത്തുറ്റ ആന്ധ്രയുടെ ബാറ്റിങ് നിര 272 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ആദ്യ ഇന്നിങ്‌സിനിറങ്ങിയ കേരളം അക്ഷയ് ചന്ദ്രന്റെയും ഒപ്പം സച്ചിന്‍ ബേബി (219 പന്തില്‍ 113), രോഹന്‍ എസ്. കുന്നുമ്മല്‍ (111 പന്തില്‍ 61), സല്‍മാന്‍ നിസാര്‍ (121 പന്തില്‍ 58) എന്നിവരുടെ ഇന്നിങ്‌സിന്റെ കരുത്തില്‍ ഏഴ് വിക്കറ്റിന് 514 എന്ന നിലയിലെത്തി.
242 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ആന്ധ്ര 189ന് ഒമ്പത് എന്ന നിലയില്‍ നില്‍ക്കവെ കഷ്ടിച്ച് സമനില പിടിച്ച് രക്ഷപ്പെടുകയായിരുന്നു. ഒറ്റ വിക്കറ്റ് കൂടി നേടിയിരുന്നെങ്കില്‍ കേരളത്തിന് മത്സരം വിജയിക്കാന്‍ സാധിക്കുമായിരുന്നു.
സ്‌കോര്‍
ആന്ധ്രാപ്രദേശ് – 272 & 189/9
കേരളം – 514/7d
മത്സരത്തില്‍ പന്ത് കൊണ്ടും അക്ഷയ് വിരുതുകാട്ടിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ ഏഴ് ഓവര്‍ പന്തെറിഞ്ഞ താരം 15 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഒരു വിക്കറ്റും നേടി.
രണ്ടാം ഇന്നിങ്‌സിലാണ് അക്ഷയ് തകര്‍ത്തെറിഞ്ഞത്. 10 മെയ്ഡന്‍ അടക്കം 14 ഓവറാണ് താരം പന്തറിഞ്ഞത്. വഴങ്ങിയതാകട്ടെ വെറും നാല് റണ്‍സും. 0.29 എന്ന എക്കോണമിയിലാണ് താരം രണ്ടാം ഇന്നിങ്‌സില്‍ പന്തെറിഞ്ഞത്.
ടൂര്‍ണമെന്റിലുടനീളം മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും കാര്യമായി വിക്കറ്റ് വീഴ്ത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ റണ്‍ വഴങ്ങാതെ പന്തെറിഞ്ഞു എന്നതാണ് അക്ഷയ് ചന്ദ്രനെ സ്‌പെഷ്യലാക്കുന്നത്.
ബാറ്റിങ്ങിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സസീണില്‍ ആറ് ഇന്നിങ്‌സില്‍ നിന്നും 66.83 എന്ന മികച്ച ശരാശരിയില്‍ 401 റണ്‍സാണ് നേടിയത്. രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ റണ്‍ വേട്ട.
ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 30 മത്സരത്തിലെ 45 ഇന്നിങ്‌സില്‍ നിന്നും 1341 റണ്‍സാണ് താരം നേടിയത്. 34 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.