രഞ്ജി ട്രോഫിയുടെ ആദ്യ മത്സരത്തിനായി കേരളം നാളെ കളത്തിലിറങ്ങുകയാണ്. സ്വന്തം തട്ടകമായ തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബാണ് എതിരാളികള്‍.
സഞ്ജു സാംസണിന്റെ അഭാവത്തില്‍ സച്ചിന്‍ ബേബിയാണ് ആദ്യ മത്സരത്തില്‍ കേരളത്തെ നയിക്കുന്നത്. ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി-20 പരമ്പരയുടെ ഭാഗമായതിനാലാണ് സഞ്ജുവിന് ആദ്യ മത്സരം നഷ്ടമായിരിക്കുന്നത്. പരമ്പരക്ക് ശേഷം സഞ്ജു കേരള സ്‌ക്വാഡിന്റെ ഭാഗമാവുകയും രണ്ടാം മത്സരം മുതല്‍ കളത്തിലിറങ്ങുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്‌നാട് സൂപ്പര്‍ തരം ബാബ അപരാജിതും കേരള സ്‌ക്വാഡിന്റെ ഭാഗമാണ്. ആദ്യ മത്സരത്തില്‍ താരം കളത്തിലിറങ്ങുമെന്നാണ് കരുതുന്നത്. 2012ലെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അപരാജിത്. ഓസ്ട്രേലിയക്കെതിരായ ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനവും താരം നടത്തിയിരുന്നു. പുതിയ അവസരങ്ങള്‍ തേടിയാണ് 30കാരനായ അപരാജിത് കേരള ടീമിന്റെ ഭാഗമായത്.
ഇവര്‍ക്ക് പുറമെ രോഹന്‍ എസ്. കുന്നുമ്മല്‍, വിഷ്ണു വിനോദ്, ജലജ് സക്‌സേന തുടങ്ങി വമ്പന്‍ പേരുകാരും ആദ്യ മത്സരത്തിനുള്ള കേരള സ്‌ക്വാഡിലുണ്ട്.
രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിനുള്ള കേരള സ്‌ക്വാഡ്:
സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അഹസ്റുദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, വിഷ്ണു വിനോദ്, ജലജ് സക്സേന, ആദിത്യ ആനന്ദ്, ബേസില്‍ തമ്പി, നിധീഷ് എം.ഡി. ആസിഫ് കെ.എം. ഫാനൂസ് എഫ്.
ടൂര്‍ണമെന്റിലെ മത്സരങ്ങളങ്ങിനെ
നാളെ (ഒക്ടോബര്‍ 11) ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ട മത്സരം ജനുവരി 30 വരെ നീളും. ഫെബ്രുവരി എട്ടിനാണ് നോക്ക് ഔട്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്. നാല് ക്വാര്‍ട്ടര്‍ മത്സരങ്ങളും അന്ന് തന്നെ നടക്കും.
ശേഷം ഫെബ്രുവരി 17നാണ് ക്വാര്‍ട്ടര്‍ ജയിച്ചെത്തുന്ന ടീമുകള്‍ കലാശപ്പോരാട്ടത്തിനായി മാറ്റുരയ്ക്കുക. ഫെബ്രുവരി 26നാണ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്.
മുന്‍ സീസണിന് സമാനമായി രഞ്ജി ട്രോഫി മത്സരങ്ങള്‍ രാവിലെ 9:30ന് ആരംഭിക്കും. ലീഗ് സ്റ്റേജ് മത്സരങ്ങള്‍ നാലുദിവസത്തെ ഫോര്‍മാറ്റ് ആയി നിലനില്‍ക്കും. അതേസമയം നോക്ക് ഔട്ട് റൗണ്ടുകള്‍ ടെസ്റ്റ് മത്സരമായി നടക്കും.
നാല് ഗ്രൂപ്പിലെയും പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് മുമ്പോട്ട് കുതിക്കുക.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ മുംബൈക്ക് ബറോഡയാണ് ആദ്യ മത്സരത്തിലെ എതിരാളികള്‍. ഇറാനി കപ്പും വിജയിച്ചതിന്റെ സകല ആവേശവുമായാണ് രഹാനെയുടെ പട കളത്തിലിറങ്ങുന്നത്.
കേരളത്തിന്റെ സാധ്യതകള്‍
അതേസമയം, ചരിത്രത്തിലെ ആദ്യ കിരീടമാണ് കേരളം ലക്ഷ്യമിടുന്നത്. എന്നാല്‍ അതൊട്ടും എളുപ്പമാകില്ല. കര്‍ണാടകയും ബംഗാളും അടങ്ങുന്ന മരണഗ്രൂപ്പിലാണ് കേരളത്തിന്റെ സ്ഥാനം. ഇത്തവണ ഗ്രൂപ്പ് ഘട്ടം കടന്ന് മുമ്പോട്ട് കുതിക്കണമെങ്കില്‍ കേരളം ഏറെ പണിപ്പെടേണ്ടി വരും.
കഴിഞ്ഞ തവണ എന്ത് സംഭവിച്ചു?
കഴിഞ്ഞ തവണ മുംബൈ, ആന്ധ്ര, ബംഗ്ലാള്‍ അടക്കമുള്ള കരുത്തര്‍ക്കൊപ്പം എലീറ്റ് ഗ്രൂപ്പ് ബി-യിലായിരുന്നു കേരളം. കഴിഞ്ഞ തവണ ഗ്രൂപ്പിനപ്പുറം കടക്കാന്‍ സാധിക്കാതെ പോയ സഞ്ജുപ്പടയ്ക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
ഏഴ് കളിയില്‍ നിന്നും ഒരു ജയവും അഞ്ച് സമനിലയും ഒരു തോല്‍വിയുമടക്കം 17 പോയിന്റാണ് കേരളത്തിനുണ്ടായിരുന്നത്. ഇതോടെ ആദ്യ കിരീടമെന്ന കേരളത്തിന്റെ സ്വപ്നം കഴിഞ്ഞ സീസണില്‍ വീണുടഞ്ഞു. ആന്ധ്രയും മുംബെയുമാണ് എലീറ്റ് ഗ്രൂപ്പ് ബി-യില്‍ നിന്നും ക്വാര്‍ട്ടറിന് യോഗ്യത നേടിയത്.
എന്നാല്‍ ഇത്തവണ കിരീടമെന്ന മോഹം മനസിലുറപ്പിച്ചാണ് കേരളം പോരാട്ടത്തിനിറങ്ങുന്നത്.