| Wednesday, 13th November 2024, 7:57 am

ഇന്ത്യയുടെ ബൗളിങ് നിരയ്‌ക്കെതിരെ കേരളം; തോല്‍വിയറിയാത്തവര്‍ നേര്‍ക്കുനേര്‍, ജയിച്ചാല്‍ ഒന്നാമത്

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുകയാണ്. ലാഹ്‌ലിയിലെ ചൗധരി ബന്‍സി ലാല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഹരിയാനയാണ് എതിരാളികള്‍. എലീറ്റ് ഗ്രൂപ്പ് സി-യിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

എതിരാളികള്‍ കരുത്തര്‍

നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ എലീറ്റ് ഗ്രൂപ്പ് സി-യില്‍ പരാജയമറിയാതെയാണ് ഹരിയാന കുതിക്കുന്നത്. രണ്ട് ജയവും രണ്ട് സമനിലയുമായി 19 പോയിന്റാണ് ടീമിനുള്ളത്. അവസാന മത്സരത്തില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് ഹരിയാന കേരളത്തിനെതിരെ കളത്തിലിറങ്ങുന്നത്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ യൂസ്വേന്ദ്ര ചഹലിന്റെയും ഹര്‍ഷല്‍ പട്ടേലിന്റെയും ബൗളിങ് കരുത്തിലാണ് ഹരിയാന വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. ക്രീസില്‍ നങ്കൂരമിട്ട് നിലയുറപ്പിക്കാന്‍ പോന്ന ബാറ്റര്‍മാരുമാകുമ്പോള്‍ ഹരിയാന കൂടുതല്‍ കരുത്തരാകും.

ക്യാപ്റ്റന്‍ അങ്കിത് രാജേഷ് കുമാര്‍, ഹിമാന്‍ഷു റാണ, ധീരു സിങ് മുതല്‍ യൂസ്വേന്ദ്ര ചഹലിന് വരെ ബാറ്റിങ്ങില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നു എന്നതാണ് ഒരു ടീം എന്ന നിലയില്‍ ഹരിയാനക്ക് ആശ്വാസം നല്‍കുന്നത്. ഹര്‍ഷല്‍ പട്ടേലിനും ചഹലിനുമൊപ്പം ജയന്ത് യാദവ്, അമന്‍ കുമാര്‍, സുമിത് കുമാര്‍ എന്നിവരും എന്തിനും പോന്നവരായ ബൗളിങ് യൂണിറ്റിനൊപ്പമുണ്ട്.

സൗത്തിന്റെ കരുത്തറിയിക്കാന്‍ കേരളം

ഉത്തര്‍പ്രദേശിനെതിരെ നേടിയ പടുകൂറ്റന്‍ ജയം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ക്കുമെതിരെ ആവര്‍ത്തിക്കാനാണ് കേരളം ഒരുങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 117 റണ്‍സിനുമാണ് കേരളം വിജയിച്ചുകയറിയത്.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ ഫോം തന്നെയാണ് കേരളത്തെ കൂടുതല്‍ കരുത്തരാക്കുന്നത്. സല്‍മാന്‍ നിസാര്‍. രോഹന്‍ കുന്നുമ്മല്‍, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ക്കൊപ്പം സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേനയും ചേരുമ്പോള്‍ ഹരിയാന ബൗളേഴ്‌സ് വെള്ളം കുടിക്കും.

ഉത്തര്‍പ്രദേശിനെതിരെ ടെന്‍ഫര്‍ നേടിയ ജലജ് സക്‌സേനക്കെതിരെ തന്നെയാകും ഹരിയാന തന്ത്രങ്ങള്‍ മെനയുക. യു.പിക്കെതിരെ രണ്ട് ഇന്നിങ്‌സിലും ഫൈഫര്‍ നേടിയ സക്‌സേന തന്നെയാകും അഞ്ചാം മത്സരത്തിലും കേരളത്തിന്റെ ബൗളിങ് യൂണിറ്റിന്റെ നായകസ്ഥാനമേറ്റെടുക്കുക.

സക്‌സേനക്ക് പുറമെ ആദിത്യ സര്‍വാതെയും ഹരിയാനയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ പോന്നവനാണ്. അപരാജിതരായി കുതിക്കുന്ന ഹരിയാനയുടെ ജയഭേരിക്ക് മൂക്കുകയറിടാന്‍ കേരളത്തിന് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ജയിച്ചാല്‍?

ലാഹ്‌ലിയില്‍ ഹരിയാനക്കെതിരെ ജയിച്ചാല്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്താന്‍ സാധിക്കും. നാല് മത്സരത്തില്‍ നിന്നും രണ്ട് ജയവും രണ്ട് സമനിലയുമായി 15 പോയിന്റുമായി രണ്ടാമതാണ് കേരളം.

നാല് മത്സരത്തില്‍ നിന്നും കേരളത്തെ പോലെ രണ്ട് വീതം ജയവും സമനിലയുമായി 19 പോയിന്റാണ് ഹരിയാനക്കുള്ളത്. സമനിലയില്‍ പിരിഞ്ഞ രണ്ട് മത്സരത്തിലും ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയതാണ് ഹരിയാനക്ക് മേല്‍ക്കൈ നല്‍കിയത്.

ഈ മത്സരത്തില്‍ വിജയിച്ചാല്‍ ആറ് പോയിന്റും ബോണസ് പോയിന്റോടെ വിജയിച്ചാല്‍ ഏഴ് പോയിന്റും കേരളത്തിന്റെ അക്കൗണ്ടിലെത്തും. അങ്ങനെയെങ്കില്‍ ഗ്രൂപ്പില്‍ ഒന്നാമതാകാനും കേരളത്തിനാകും.

ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ശേഷം മത്സരം സമനിലയില്‍ അവസാനിപ്പിച്ചാല്‍ 18 പോയിന്റുമായി കേരളത്തിന് രണ്ടാം സ്ഥാനത്ത് തുടരാന്‍ സാധിക്കും. എന്നാല്‍ പരാജയപ്പെടുകയോ മത്സരം ഉപേക്ഷിക്കപ്പെടുകയോ ചെയ്താല്‍ ഒരുപക്ഷേ രണ്ടാം സ്ഥാനത്തിനും ഇളക്കം തട്ടിയേക്കാം.

ഹരിയാന സ്‌ക്വാഡ്

അങ്കിത് രാജേഷ് കുമാര്‍ (ക്യാപ്റ്റന്‍), ധീരു സിങ്, ഹിമാന്‍ഷു റാണ, ലക്ഷ്യ സുമന്‍ ദലാല്‍, മായങ്ക് ഷാന്ധില്യ, അന്‍ഷുല്‍ കാംബോജ്, അശോക് മനേരിയ, നിഷാന്ത് സിന്ധു, സുമിത് കുമാര്‍, കപില്‍ ഹൂഡ (വിക്കറ്റ് കീപ്പര്‍), അമന്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ജയന്ത് യാദവ്, യൂസ്വേന്ദ്ര ചഹല്‍.

കേരളം സ്‌ക്വാഡ്

കൃഷ്ണ പ്രസാദ്, രോഹന്‍ എസ് . കുന്നുമ്മല്‍, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ആദിത്യ സര്‍വാതെ, അക്ഷയ് ചന്ദ്രന്‍, ബാബ അപരാജിത്, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ബേസില്‍ തമ്പി, ഫാസില്‍ ഫാനൂസ്, കെ.എം. ആസിഫ്, എന്‍.ഡി. നിധീഷ്.

Content Highlight: Ranji Trophy 2024-25: Kerala vs Haryana

We use cookies to give you the best possible experience. Learn more