| Monday, 28th October 2024, 7:28 pm

ഒറ്റ ദിവസം മാത്രം ബാക്കി; ബംഗാള്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കും, കേരളം കരുതിയിരിക്കണം

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പി സി-യിലെ കേരളം – ബംഗാള്‍ മത്സരം ആവേശകരമായ അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മഴ മൂലം ഒന്നര ദിവസത്തിലധികം നഷ്ടമായ മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ കേരളം ബാറ്റിങ് തുടരുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് എന്ന നിലയിലാണ്.

205 പന്തില്‍ 64 റണ്‍സുമായി സല്‍മാന്‍ നിസാറും 48 പന്തില്‍ 30 റണ്‍സുമായി മുഹമ്മദ് അസറുദ്ദീനുമാണ് ക്രീസില്‍.

ടൂര്‍ണമെന്റില്‍ ഇതുവരെ വിജയം നേടാന്‍ സാധിക്കാതെ പോയ ബംഗാളിന് മൂന്നാം മത്സരത്തിലും ജയം അന്യമായിരിക്കും. ശേഷിക്കുന്ന ഒറ്റ ദിവസത്തില്‍ നാല് ഇന്നിങ്‌സ് പൂര്‍ത്തിയാക്കുക എന്നത് മജുംദാറിനെയും സംഘത്തെയും സംബന്ധിച്ച് ഭഗീരഥപ്രയത്‌നത്തേക്കാള്‍ പ്രയാസകരമായിരിക്കും.

എന്നാല്‍ ഒറ്റ ദിവസം ശേഷിക്കെ ബംഗാളിന്റെ ലക്ഷ്യം മറ്റൊന്നാകും. ആദ്യ ഇന്നിങ്‌സ് ലീഡ്! ഇരുടീമിനും മേല്‍ക്കൈ നേടാന്‍ സാധിക്കാതെ മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമാണ് ലഭിക്കുക. എന്നാല്‍ മത്സരം സമനിലയില്‍ അവസാനിച്ചാലും ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കുന്ന ടീമിന് മൂന്ന് പോയിന്റ് ലഭിക്കും. ഇക്കാരണം കൊണ്ടുതന്നെ ആ മൂന്ന് പോയിന്റില്‍ തന്നെയാകും ബംഗാള്‍ കണ്ണുവെക്കുന്നത്.

ഇതിനായി നാലാം ദിവസത്തിന്റെ തുടക്കത്തില്‍ കേരളത്തെ പുറത്താക്കുകയും ശേഷിക്കുന്ന സെഷനുകളില്‍ കേരളം ഉയര്‍ത്തിയ സ്‌കോര്‍ മറികടക്കാനുമാകും ബംഗാള്‍ ലക്ഷ്യമിടുക.

ഇതേ ആദ്യ ഇന്നിങ്‌സ് ലീഡ് തന്നെയാകും കേരളത്തിന്റെയും ലക്ഷ്യം. അവസാന ദിവസം തങ്ങളുടെ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാന്‍ അനുവദിക്കാതെ ബംഗാളിനെ പുറത്താക്കാന്‍ സാധിച്ചാല്‍ മൂന്ന് പോയിന്റ് കേരളത്തിന്റെ അക്കൗണ്ടിലെത്തും.

നിലവില്‍ രണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഏഴ് പോയിന്റാണ് ടീമിനുള്ളത്. പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ വിജയിച്ച കേരളം രണ്ടാം മത്സരത്തില്‍ കര്‍ണാടകയോട് സമനിലയും വഴങ്ങി. കര്‍ണാടകയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മഴ വില്ലനായതോടെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ ടീമുകള്‍ നിര്‍ബന്ധിതരായത്.

അതേസമയം, നാല് പോയിന്റുമായി മൂന്നാമതാണ് ബംഗാള്‍. ഉത്തര്‍പ്രദേശിനെതിരായ മത്സരം ആദ്യ ഇന്നിങ്‌സ് ലീഡോടെ മത്സരം സമനിലയില്‍ അവസാനിപ്പിച്ചതോടെ മൂന്ന് പോയിന്റ് ബംഗാളിന്റെ അക്കൗണ്ടിലെത്തി.

രണ്ടാം മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ബീഹാറിനെയാണ് ബംഗാളിന് നേരിടാനുണ്ടായിരുന്നത്. ബീഹാറിനെതിരെ ബോണസ് പോയിന്റ് ഉള്‍പ്പെടെ വിജയം സ്വന്തമാക്കാന്‍ കൊതിച്ച ബംഗാളിനെ മഴ ചതിച്ചു. ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ടീമുകള്‍ക്ക് ഒരു പോയിന്റ് വീതം ലഭിച്ചു. ഈ ഒരു പോയിന്റ് മാത്രമാണ് നിലവില്‍ ബീഹാറിന്റെ അക്കൗണ്ടിലുള്ളത്.

ഈ സാഹചര്യത്തില്‍ കേരളത്തിനെതിരെ നേടുന്ന പോയിന്റ് ബംഗാളിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാകും. സ്വന്തം തട്ടകത്തില്‍ കേരളത്തിനെതിരെ മേല്‍ക്കൈ നേടാനുറച്ചാകും ബംഗാള്‍ നാലാം ദിവസം കളത്തിലിറങ്ങുക. വൃദ്ധിമാന്‍ സാഹയടക്കമുള്ള താരങ്ങളുടെ അനുഭവ സമ്പത്തിന്റെ കരുത്തിനെ തന്നെയാകും ബംഗാള്‍ ആശ്രയിക്കുക.

കേരള പ്ലെയിങ് ഇലവന്‍

വത്സല്‍ ഗോവിന്ദ്, രോഹന്‍ എസ്. കുന്നുമ്മല്‍, ബാബ അപരാജിത്, ആദിത്യ സര്‍വാതെ, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, മുഹമമ്ദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), നിധീഷ് എം.ഡി, സല്‍മാന്‍ നിസാര്‍.

ബംഗാള്‍ പ്ലെയിങ് ഇലവന്‍

ശിവം ദേ, സുദീപ് ചാറ്റര്‍ജി, സുദീപ് കുമാര്‍ ഘരാമി, അനുഷ്ടുപ് മജുംദാര്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), അവിലിന്‍ ഘോഷ്, ഷഹബാസ് അഹമ്മദ്, പ്രദീപ്ത പ്രമാണിക്, സൂരജ് സിന്ധു ജെയ്‌സ്വാള്‍, മുഹമ്മദ് കൈഫ്, ഇഷാന്‍ പോരല്‍.

Content Highlight: Ranji Trophy 2024-25: KER vs BEN: Chances of each team

We use cookies to give you the best possible experience. Learn more