മലയാളസിനിമയിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് രണ്‍ജി പണിക്കര്‍. ഒട്ടനവധി മാസ് നായകന്മാരെയും അവരുടെ തീപ്പൊരി ഡയലോഗുകളും മലയാളികള്‍ക്ക് സമ്മാനിച്ചയാള്‍ കൂടിയാണ് രണ്‍ജി പണിക്കര്‍. കിംഗ്, കമ്മീഷണര്‍, പത്രം, ലേലം, പ്രജ തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും പലര്‍ക്കും പ്രിയപ്പെട്ടവയാണ്.
സിനിമയില്‍ നിന്നും തന്നെ വിട്ടുപോയ നടന്മാരെ കുറിച്ച് സംസാരിക്കുകയാണ് രണ്‍ജി പണിക്കര്‍. പലപ്പോഴും എഴുതുമ്പോഴാണ് തന്നെ വിട്ടുപോയവരുടെ വിടവാങ്ങല്‍ കൂടുതല്‍ അലട്ടുന്നതെന്ന് രണ്‍ജി പണിക്കര്‍ പറയുന്നു. മരിച്ചുപോയവരില്‍ പലരെയും താന്‍ മിസ് ചെയ്യാറുണ്ടെന്നും തന്റെ സിനിമകളില്‍ ആവര്‍ത്തിച്ച് വേഷം ചെയ്ത നടന്മാരില്‍ പലരും ഇന്നില്ലെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
എന്‍.എഫ് വര്‍ഗീസിന്റെ ഒരു കഥാപാത്രം എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് സംവിധായകന്‍ ജോഷി തന്നെ വിളിച്ച് എന്‍.എഫ് വര്‍ഗീസ് മരിച്ച കാര്യം പറഞ്ഞതെന്നും ആ സിനിമ പിന്നീട് ഒരിക്കലും നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍.
‘പലപ്പോഴും നമ്മള്‍ എഴുതുമ്പോള്‍ ആണ് എന്റെ കൂടെ വര്‍ക്ക് ചെയ്തവരുടെ വിടവാങ്ങല്‍ എന്നെ അലട്ടുന്നത്. ഈ മരിച്ചു പോയവരില്‍ പല ആളുകളെയും ഞാന്‍ മിസ് ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ എഴുതുമ്പോള്‍ പോലും അതുണ്ട്. എന്റെ സിനിമകളില്‍ ആവര്‍ത്തിച്ച് വേഷം ചെയ്ത നടന്മാരുണ്ട്, എന്റെ ഒട്ടുമിക്ക സിനിമകളിലും അഭിനയിച്ചവരുണ്ട്. അവരില്‍ പലരും ഇന്നില്ല.
ഞാന്‍ എന്‍.എഫ് വര്‍ഗീസിന്റെ ഒരു കഥാപാത്രം എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ജോഷി വിളിച്ച് ‘രണ്‍ജി വര്‍ഗീസേട്ടന്‍ മരിച്ച് പോയി’ എന്ന് പറയുന്നത്. ആ സിനിമ പിന്നീട് ഒരിക്കലും നടന്നില്ല. ഞാന്‍ എന്‍.എഫ് വര്‍ഗീസിന്റെ ക്യാരക്ടര്‍ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം മരിച്ചെന്ന വാര്‍ത്ത അറിയുന്നത്,’ രണ്‍ജി പണിക്കര്‍ പറയുന്നു.
Content highlight: Ranji Panicker talks about N.F varghese