|

പ്രിവ്യൂ ഷോ കണ്ടവർ ഒരു ദിവസത്തിലപ്പുറം ആ സിനിമ ഓടില്ലെന്ന് വിധിയെഴുതി, പക്ഷെ ഒടുവിൽ പടം സൂപ്പർഹിറ്റ്: രൺജി പണിക്കർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് രണ്‍ജി പണിക്കര്‍. ഡോക്ടര്‍ പശുപതിയിലൂടെ സിനിമാകരിയര്‍ ആരംഭിച്ച രണ്‍ജി പിന്നീട് മലയാളത്തിലെ എണ്ണം പറഞ്ഞ മാസ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. തലസ്ഥാനം, കമ്മീഷണര്‍, ദി കിങ്, ലേലം തുടങ്ങിയ ചിത്രങ്ങളിലെ തീപ്പൊരി ഡയലോഗുകള്‍ രണ്‍ജിയുടെ തൂലികയില്‍ നിന്നാണ് പിറന്നത്. ഭരത്ചന്ദ്രന്‍ ഐ.പി.എസ്, രൗദ്രം എന്നീ സിനിമകളിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് ചാര്‍ത്താന്‍ രണ്‍ജിക്ക് സാധിച്ചു.

തലസ്ഥാനം എന്ന സൂപ്പർഹിറ്റ് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. അക്കാലത്ത് അതിമാനുഷികവും നായകകേന്ദ്രീകൃതവുമായ സിനിമകൾക്ക് വലിയ സാധ്യത ഉണ്ടായിരുന്നുവെന്നും തലസ്ഥാനം ചെയ്യുമ്പോൾ അത്തരമൊരു സിനിമയ്ക്ക് യാതൊരു സാധ്യതയുമില്ലെന്ന് തുടക്കത്തിലേ പലരും വിധിയെഴുതിയിരുന്നുവെന്നും രൺജി പണിക്കർ പറയുന്നു. മദ്രാസിൽനിന്ന് സിനിമയുടെ പ്രിവ്യൂഷോ കണ്ടവർ തന്നെ വിളിച്ച് ഒരു ദിവസം പോലും തലസ്ഥാനം എന്ന സിനിമ ഓടില്ലെന്ന് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അതിമാനുഷികവും നായകകേന്ദ്രീകൃതവുമായ സിനിമകളാണ് ഞാൻ എഴുതിയത്. അക്കാലത്ത് അതിന് വലിയൊരു സ്വീകാര്യതയുണ്ടായിരുന്നു. തുടർച്ചയായി വിജയങ്ങൾ സംഭവിച്ചതോടെയാണ് ഞങ്ങളൊന്നിക്കുന്ന ഒരു വിജയഫോർമുല സിനിമയിൽ ഉണ്ടായത്. പരസ്‌പരം ഒന്നിച്ച് പോകാൻ പറ്റുന്ന ഒരു ഐക്യമുണ്ടായിരുന്നു അതിനുപിന്നിൽ.

ഷാജി സിനിമയിൽ അസോസിയേറ്റായി പ്രവർത്തിക്കുന്നകാലം മുതൽ അടുപ്പമുണ്ട്. തലസ്ഥാനം സിനിമ തുടങ്ങുമ്പോൾ സുരേഷ്‌ഗോപിയല്ലാതെ മറ്റൊരാളും ഞങ്ങളുടെ മുന്നിലുണ്ടായിരുന്നില്ല. അത് വിജയമായതോടെ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നായകകേന്ദ്രീകൃത സിനിമകൾ ക്ക് പുതിയകാലത്ത് സാധ്യതയുണ്ടോ എന്നെനിക്കറിയില്ല. സിനിമയെക്കുറിച്ചുള്ള പ്രവചനങ്ങളും മുൻധാരണകളും ശരിയാകണമെന്നില്ല.

സിനിമയുടെ ആത്യന്തിക വിധികർത്താവ് കാഴ്ചക്കാരാണ്. നമ്മൾ എത്ര കെട്ടിയെഴുന്നെള്ളിച്ചാലും കാഴ്‌ചക്കാരന് ആ എഴുന്നെള്ളിപ്പ് ബോധ്യമായാൽ മാത്രമേ തിയേറ്ററിൽ കൈയടി ഉയരൂ. തലസ്ഥാനം ചെയ്യുമ്പോൾ അത്തരമൊരു സിനിമയ്ക്ക് യാതൊരു സാധ്യതയുമില്ലെന്ന് തുടക്കത്തിലേ പലരും വിധിയെഴുതിയിരുന്നു.

മദ്രാസിൽനിന്ന് സിനിമയുടെ പ്രിവ്യൂ ഷോ കണ്ടവർ അന്ന് ട്രങ്ക് കോൾ ബുക്ക് ചെയ്‌ത് വിളിച്ചുപറഞ്ഞത് ചിത്രം ഒരു ദിവസത്തിലപ്പുറം ഓടില്ലെന്നാണ്. പക്ഷെ അത് സൂപ്പർഹിറ്റായി,’രൺജി പണിക്കർ പറയുന്നു.

Content Highlight: Ranji  Panicker About Thalasthanam Movie