| Tuesday, 8th October 2024, 6:27 pm

ദി കിങ്ങിലെ ഒരു സീൻ ഒഴിവാക്കിയപ്പോൾ ആ നടൻ എന്നെ പച്ചചീത്ത വിളിച്ചു: രൺജി പണിക്കർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് രണ്‍ജി പണിക്കര്‍. ഡോക്ടര്‍ പശുപതിയിലൂടെ സിനിമാകരിയര്‍ ആരംഭിച്ച രണ്‍ജി പിന്നീട് മലയാളത്തിലെ എണ്ണം പറഞ്ഞ മാസ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. തലസ്ഥാനം, കമ്മീഷണര്‍, ദി കിങ്, ലേലം തുടങ്ങിയ ചിത്രങ്ങളിലെ തീപ്പൊരി ഡയലോഗുകള്‍ രണ്‍ജിയുടെ തൂലികയില്‍ നിന്നാണ് പിറന്നത്. ഭരത്ചന്ദ്രന്‍ ഐ.പി.എസ്, രൗദ്രം എന്നീ സിനിമകളിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് ചാര്‍ത്താന്‍ രണ്‍ജിക്ക് സാധിച്ചു.

മമ്മൂട്ടി നായകനയി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ദി കിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ചിത്രത്തിൽ നടൻ സോമനും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. എന്നാൽ സിനിമയുടെ നീളം കാരണം സോമന്റെ ഒരു നല്ല സീൻ ഒഴിവാക്കേണ്ടി വന്നുവെന്ന് രൺജി പണിക്കർ പറയുന്നു.

ആ സമയത്ത് സോമൻ തന്നെ ഒരുപാട് ചീത്ത പറഞ്ഞെന്നും അതിന് പകരമായാണ് ലേലം എന്ന സിനിമയിൽ ഒരു മികച്ച കഥാപാത്രം താൻ അദ്ദേഹത്തിന് സമ്മാനിച്ചതെന്നും രൺജി പണിക്കർ പറഞ്ഞു. അമൃത ടി. വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കിങ് എന്ന ചിത്രത്തിൽ സോമേട്ടന് രണ്ട് സീനുകളായിരുന്നു ഉണ്ടായിരുന്നത്. ഒറ്റ സീനിലൂടെ തന്നെ അലക്സാണ്ടർ എന്ന കഥാപാത്രം ഒരു സാമ്രാജ്യമായി അവിടെ നിലനിൽക്കുന്നുണ്ട്.

രണ്ടാംപകുതി തുടങ്ങുന്നത് തന്നെ സോമേട്ടനും മമ്മൂട്ടിയും തമ്മിലുള്ള ഒരു കോമ്പിനേഷൻ സീനിലൂടെയാണ്. സിനിമയുടെ ഫൈനൽ എഡിറ്റ്‌ കഴിഞ്ഞപ്പോൾ തന്നെ മൂന്ന് മൂന്നര മണിക്കൂർ ലെങ്ത്തുണ്ട് ചിത്രത്തിന്.

സോമേട്ടൻ അതിഗംഭീരമായി പെർഫോം ചെയ്ത സീനാണത്. പക്ഷെ സിനിമയുടെ ലെങ്ത്തിനെ ബാധിക്കാതെ മാറ്റാൻ സാധിക്കുന്ന ഒരു സീൻ സോമേട്ടന്റെ ആ രംഗമാണ്. തേവളി പറമ്പിൽ ജോസഫ് അലക്സ്‌ സോമേട്ടൻ അവതരിപ്പിക്കുന്ന അലക്സാണ്ടർ എന്ന അതികായന്  മുന്നിൽ ചെറുതായി നിൽക്കുന്ന സീനാണത്.

അച്ഛനും മകനും തമ്മിലുള്ള ഒരു മനോഹര രംഗമാണത്. പക്ഷെ അത് മുറിച്ച് മാറ്റി കളഞ്ഞു. സിനിമയിൽ വരുമ്പോൾ അതില്ല. ആ ഷോട്ട് എടുക്കാൻ വേണ്ടി മാത്രം കോഴിക്കോടേക്ക് വന്നതാണ് സോമേട്ടൻ. പിന്നെ അവിടെ നിന്ന് ഊട്ടിയിലേക്ക് പോവുകയായിരുന്നു.

അത് കഴിഞ്ഞപ്പോൾ അദ്ദേഹമെന്നെ പച്ച ചീത്ത വിളിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു, മരിക്കുന്നതിന് മുമ്പൊരു നല്ല വേഷം എഴുതി താടായെന്ന്. ആ കഥാപാത്രമാണ് ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ,’രൺജി പണിക്കർ പറയുന്നു.

Content Highlight: Ranji Panicker About Soman’s Scene In The King Movie

We use cookies to give you the best possible experience. Learn more