Advertisement
Entertainment
എത്ര പേജുള്ള ഡയലോഗ് കൊടുത്താലും നിസാരമായി പഠിക്കും, ആ നടന് റീടേക്കൊന്നും പോകേണ്ടി വരില്ല: രണ്‍ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 08, 05:24 am
Tuesday, 8th October 2024, 10:54 am

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് രണ്‍ജി പണിക്കര്‍. ഡോക്ടര്‍ പശുപതിയിലൂടെ സിനിമാകരിയര്‍ ആരംഭിച്ച രണ്‍ജി പിന്നീട് മലയാളത്തിലെ എണ്ണം പറഞ്ഞ മാസ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. തലസ്ഥാനം, കമ്മീഷണര്‍, ദി കിങ്, ലേലം തുടങ്ങിയ ചിത്രങ്ങളിലെ തീപ്പൊരി ഡയലോഗുകള്‍ രണ്‍ജിയുടെ തൂലികയില്‍ നിന്നാണ് പിറന്നത്. ഭരത്ചന്ദ്രന്‍ ഐ.പി.എസ്, രൗദ്രം എന്നീ സിനിമകളിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് ചാര്‍ത്താന്‍ രണ്‍ജിക്ക് സാധിച്ചു.

രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 1997ല്‍ റിലീസായ ചിത്രമാണ് ലേലം. മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ എം.ജി. സോമനും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രമായാണ് സോമന്‍ പ്രത്യക്ഷപ്പെട്ടത്. സോമനുമായുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രണ്‍ജി പണിക്കര്‍. ചിത്രത്തില്‍ അഞ്ച് മിനിട്ടോളം ദൈര്‍ഘ്യമുള്ള സീന്‍ സോമന് വിശദീകരിച്ചുകൊടുത്തതിന്റെ ഓര്‍മകളാണ് രണ്‍ജി പങ്കുവെച്ചത്.

60 പേജിലായിട്ടാണ് ആ സീന്‍ താന്‍ എഴുതിയതെന്നും അത്രയും പേജ് ഉണ്ടെന്ന് കണ്ടപ്പോള്‍ അദ്ദേഹം തന്നോട് ദേഷ്യപ്പെട്ടെന്നും രണ്‍ജി പറഞ്ഞു. എന്നാല്‍ എത്ര വലിയ ഡയലോഗ് കൊടുത്താലും അദ്ദേഹത്തിന് പഠിക്കാന്‍ സാധിക്കുമെന്നും റീടേക്ക് എടുക്കേണ്ടി വരില്ലെന്നും രണ്‍ജി കൂട്ടിച്ചേര്‍ത്തു. നാടകത്തില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനായതുകൊണ്ടാണ് അദ്ദേഹത്തിന് അത് സാധിക്കുന്നതെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലേലം എന്ന സിനിമയില്‍ എല്ലാവരും ഇന്നും ഓര്‍ത്തിരിക്കുന്ന ഡയലോഗാണ് സോമേട്ടന്റെ ‘നേരാ തിരുമേനി’ എന്ന സീന്‍. ആ സീനിന്റെ പേരില്‍ അദ്ദേഹം എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. എന്റെ സീനുകളില്‍ ഡയലോഗുകളെക്കാള്‍ കൂടുതല്‍ അതിന്റെ സ്‌ക്രീന്‍പ്ലേയുടെ കാര്യങ്ങളാകും കൂടുതലായിട്ടും ഉണ്ടാവുക. ആ സീന്‍ ഏതാണ്ട് 60 പേജിനടുത്ത് ഉണ്ടായിരുന്നു. പുള്ളിക്ക് ഡയലോഗ് പഠിക്കാന്‍ വേണ്ടി സീന്‍ കൊടുത്തു. വായിച്ചിട്ടും വായിച്ചിട്ടും തീരാത്തത് കൊണ്ട് എന്നോട് ദേഷ്യപ്പെട്ടു ‘ഇതൊക്കെ എങ്ങനെ പഠിക്കും?’ എന്നാണ് പുള്ളി ചോദിച്ചത്.

വെറുതേ ദേഷ്യപ്പെടുന്നതാണ്. എത്ര പേജുള്ള ഡയലോഗ് കൊടുത്താലും അതെല്ലാം നിസാരമായി പഠിക്കാന്‍ കഴിയുന്ന നടനാണ് സോമേട്ടന്‍. അദ്ദേഹത്തിന്റെ സീന്‍ റീടേക്ക് പോകേണ്ടി വരില്ല. കാരണം, ഒരുപാട് വര്‍ഷം നാടകം ചെയ്തിട്ടാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്. അതിന്റെ എക്‌സ്പീരിയിന്‍സ് നല്ലവണ്ണമുണ്ട്. ഡയലോഗ് ഡെലിവറിയിലായാലും ബിഹേവിയറിലായാലും പെര്‍ഫക്ടാണ് സോമേട്ടന്‍,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

Content Highlight: Ranji Panicker about MG Soman’s scene in Lelam movie