| Thursday, 2nd November 2023, 8:03 am

രാമായണം സ്ത്രീ വിരുദ്ധമല്ലേ, നിങ്ങൾ നിരോധിക്കുമോ? പൊളിറ്റിക്കൽ കറക്ട്‌നസ്സിനെ കുറിച്ച് രൺജി പണിക്കർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മനുഷ്യർ തമ്മിൽ സംസാരിക്കുന്ന ഭാഷ സിനിമയിൽ സംസാരിച്ചാൽ അതെങ്ങനെയാണ് സ്ത്രീ വിരുദ്ധമാവുമെന്ന് നടൻ രൺജി പണിക്കർ. പൊളിറ്റിക്കൽ കറക്ട്നസ്സിനെ കുറിച്ച് സംസാരിക്കാത്ത കാലത്ത് ഇറങ്ങിയ തന്റെ സിനിമകളെ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നതിൽ പ്രസക്തിയില്ലെന്നും ജാങ്കോ സ്പേസ് ടി.വിക്ക്‌ നൽകിയ അഭിമുഖത്തിൽ രൺജി പണിക്കർ പറഞ്ഞു. പുതിയ വെബ് സീരീസ് മാസ്റ്റർ പീസിന്റെ വിശേഷങ്ങൾ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സമൂഹത്തിൽ സ്ത്രീ വിരുദ്ധമായ ഒന്നും സംഭവിക്കുന്നില്ലേ. ഒരു സിനിമയിൽ മാത്രം അതില്ല എന്ന് പറയുമ്പോൾ എങ്ങനെയാണ് അതൊരു പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന് പറയുക. എനിക്കത് മനസിലാവുന്നില്ല.

ലോകത്ത് മുഴുവൻ മനുഷ്യ വിരുദ്ധമായിട്ടുള്ള കാര്യങ്ങളും പ്രകൃതി വിരുദ്ധമായ കാര്യങ്ങളുമാണ് നടക്കുന്നത്. മനുഷ്യ രാശിക്ക് തന്നെ വിരുദ്ധമായ കാര്യങ്ങളല്ലേ നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. സ്ത്രീ വിരുദ്ധമല്ലേ നമ്മുടെ സൊസൈറ്റി.

സ്ത്രീയോട് ഏത് തരത്തിൽ വേഷം ധരിക്കണം, എങ്ങനെ പെരുമാറണം, സ്ത്രീ ഉറക്കെ ചിരിക്കരുത്, രാത്രിയിൽ പുറത്തിറങ്ങരുത്, സ്ത്രീകൾ ഹോസ്റ്റലിൽ ഒമ്പത് മണിക്ക് കയറണം ഇങ്ങനെയെല്ലാം ഒരുപാട് വ്യവസ്‌ഥകളുള്ള സമൂഹത്തിൽ ഏതാണ് പൊളിറ്റിക്കൽ കറക്റ്റ്. അത് സിനിമയിൽ പറയുന്നതാണോ കുഴപ്പം.

മനുഷ്യർ തമ്മിൽ സംസാരിക്കുന്ന ഭാഷയിൽ സിനിമയിൽ സംസാരിച്ചാൽ അത് സ്ത്രീ വിരുദ്ധമാണോ?

ഒരു വിവാഹ ബന്ധം തന്നെ എടുത്താൽ ഭർത്താവ് ഭാര്യയെ എടി എന്ന് വിളിക്കുമ്പോൾ ഭാര്യ ചേട്ടായെന്ന് വിളിക്കുന്ന വ്യവസ്ഥയിൽ അല്ലേ നമ്മുടെ സമൂഹം. അങ്ങനെ തന്നെയല്ലേ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.

അപ്പോൾ സിനിമയിൽ ഒരു സ്ത്രീയെ എടി എന്ന് വിളിച്ചാൽ അത് സ്ത്രീ വിരുദ്ധമാവുമോ? സ്ത്രീ വിരുദ്ധമെന്ന കാര്യം പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന ചെറിയൊരു വ്യാഖ്യാനത്തിൽ അല്ല നിലനിൽക്കുന്നത്. എല്ലാ കാര്യങ്ങളിലും അത് വിഷയമായിട്ടുണ്ട്.

സ്ത്രീയെ ആക്രമിക്കുന്നത് സിനിമയിൽ കാണിക്കരുതെന്ന് പറയുമ്പോൾ ചിലപ്പോൾ ആ ബ്രൂട്ടാലിറ്റി കാണിക്കാൻ വേണ്ടി അങ്ങനെ തന്നെ ഷൂട്ട്‌ എടുക്കേണ്ടി വരും. കെ.ജി. ജോർജിന്റെ ഇരകളിലും യവനികയിലുമെല്ലാം അതില്ലേ. അതുകൊണ്ട് കെ.ജി. ജോർജ് സ്ത്രീ വിരുദ്ധൻ ആവുമോ.

നീ വെറും പെണ്ണാണ് എന്ന് എത്ര പേര് പരസ്പരം പറയാറുണ്ട്. കള്ള് കുടിച്ചു വരുന്ന ഭർത്താവിന്റെ കൈയിൽ നിന്ന് എനിക്കൊന്ന് കിട്ടിയിലെങ്കിൽ ശരിയാവില്ല എന്ന് പറയുന്ന സ്ത്രീകളും നമ്മുടെ സമൂഹത്തിൽ ഉണ്ട്.

പൊളിറ്റിക്കൽ കറക്ട്സിനെ കുറിച്ചൊന്നും സംസാരിക്കാത്ത കാലത്തുള്ള സിനിമയാണ് കിങ്. ഇത്രയും വർഷങ്ങൾക്ക് ശേഷം ആ ചിത്രത്തിലെ പൊളിറ്റിക്കൽ കറക്ട്നസ്സിനെ കുറിച്ച് ചർച്ച ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല.

പഴയ സിനിമകൾ എടുത്ത് നോക്കിയാലോ. ഒന്നും വേണ്ട രാമായണം എടുത്ത് നോക്ക്. അത് സ്ത്രീ വിരുദ്ധമല്ലേ. അത് നിരോധിക്കാൻ കഴിയുമോ. മലയാളത്തിലെ തൊണ്ണൂറ് ശതമാനം പാട്ടുകൾ എടുത്ത് നോക്ക്, അതും സ്ത്രീ വിരുദ്ധമല്ലേ. എല്ലാ വീടുകളിലും സ്ത്രീ വിരുദ്ധത നിലനിൽക്കുന്നുണ്ട്,’ രൺജി പണിക്കർ പറയുന്നു.

Content Highlight: Ranji Panickar Talk About Political Correctness In Films

We use cookies to give you the best possible experience. Learn more