രഞ്ജന സോനാവനെ എന്ന പേര് എല്ലാവർക്കും സുപരിചിതമായിരിക്കണമെന്നില്ല. മഹാരാഷ്ട്രയിലെ തെംമ്പ്ളി ഗ്രാമത്തിലെ അവരുടെ വീട്ടിലെത്തിയാൽ, ചുമരിൽ മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനും സോണിയ ഗാന്ധിക്കും ഒപ്പം നിൽക്കുന്ന ഒരു ചിത്രം കാണാം. ഇന്ത്യയിൽ ആദ്യമായി ആധാർ കൈപ്പറ്റുന്ന വ്യക്തിയാണവർ. 2010 സെപ്റ്റംബർ 29ന് അവർ ആധാർ കൈപ്പറ്റുന്ന ചടങ്ങാണ് ചിത്രത്തിൽ പകർത്തിയിരിക്കുന്നത്. അന്ന് എല്ലാ ആനുകൂല്യങ്ങളിലേക്കും ഉള്ള താക്കോൽ എന്ന തരത്തിലാണ് ആധാർ വിശേഷിപ്പിക്കപ്പെട്ടത്. “ഇത് എൻറെ ജീവിതം മാറ്റിമറിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത് ” അവർ പറയുന്നു. ആധാർ കാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരിയായി പതിനഞ്ച് വർഷങ്ങൾക്ക് ശേഷവും, സർക്കാർ നൽകുന്ന അടിസ്ഥാന ക്ഷേമപദ്ധതികൾ പോലും രഞ്ജന സോനാവാനെയ്ക്ക് ലഭ്യമല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.