| Friday, 19th July 2024, 9:31 am

രക്ഷാധികാരി ബൈജുവിന്റ ക്ലൈമാക്സ്‌ മാറ്റാനായിരുന്നു ആ വലിയ നടൻ എന്നോട് പറഞ്ഞത്: രഞ്ജൻ പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാകൃത്താണ് രഞ്ജൻ പ്രമോദ്. ഫോട്ടോഗ്രാഫർ, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനായും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രമായിരുന്നു ഓ.ബേബി.

ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി എത്തിയ മികച്ച ചിത്രമാണ് രക്ഷധികാരി ബൈജു. ഒരു നാടിന് കളിസ്ഥലം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനോഹരമായി പറഞ്ഞ ചിത്രത്തിൽ അജു വർഗീസ്, ദീപക് പറമ്പോൽ, ദിലീഷ് പോത്തൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

എന്നാൽ രക്ഷാധികരി ബൈജുവിന്റെ കഥ ഒട്ടും വർക്ക്‌ ആവില്ലെന്ന് തന്നോട് ചില പ്രമുഖ നിർമാതാക്കൾ പറഞ്ഞിരുന്നുവെന്നും ആരും സിനിമ ചെയ്യാൻ തയ്യാറല്ലായിരുന്നുവെന്നും രഞ്ജൻ പറയുന്നു. മലയാളത്തിലെ ഒരു വലിയ നടൻ ചിത്രത്തിന്റെ ക്ലൈമാക്സ്‌ മാറ്റാൻ പറഞ്ഞെന്നും അദ്ദേഹം ജിഞ്ചർ മീഡിയയോട് പറഞ്ഞു.

‘വേറെ ഒരാൾ പറയുന്ന അഭിപ്രായത്തിന് ഒരു പരിധിയുണ്ട്. രക്ഷധിക്കാരി ചെയ്യുന്നതിന് മുമ്പ് ഒരുപാട് ആളുകൾ ആ സിനിമ ചെയ്യരുത് എന്നെനോട് പറഞ്ഞിരുന്നു.

സിനിമയെ കുറിച്ച് അത്യാവശ്യം നല്ല വിവരമുള്ള നല്ല ബോധമുള്ള ഒന്ന് രണ്ട് നിർമാതാക്കൾ എന്നോട് പറഞ്ഞിട്ടുണ്ട് ആ സിനിമ ചെയ്യരുതെന്ന്. ആ സിനിമ ഒട്ടും വർക്കല്ല, കോംപ്ലിക്കേറ്റഡായി കിടക്കുന്ന കഥയാണ് എന്നാണ് അവരെല്ലാം പറഞ്ഞത്.

നിങ്ങൾ സ്വന്തമായി സംവിധാനം ചെയ്യരുത്, വേണമെങ്കിൽ വേറെ ആർക്കെങ്കിലും എഴുതി കൊടുത്തോ, ഞങ്ങൾ എന്തായാലും പ്രൊഡ്യൂസ് ചെയ്യുന്നില്ല എന്നെല്ലാം അവർ പറഞ്ഞതാണ്.

പക്ഷെ ഒരിക്കലും അവരുടെ കുറ്റമല്ല അത്. കാരണം അവർ കാണുന്ന പോലെ ആയിരിക്കില്ല ഞാൻ എന്റെ സിനിമയെ കാണുന്നത്. പ്രധാനപ്പെട്ട, ഇവിടുത്തെ ഒരു വലിയ നടൻ എന്നോട് പറഞ്ഞത് അതിന്റെ ക്ലൈമാക്സ്‌ മാറ്റി ആ ഗ്രൗണ്ട് തിരിച്ച് കിട്ടുന്ന പോലെ ചെയ്യണം എന്നായിരുന്നു. അങ്ങനെ പുതിയ തരത്തിൽ വ്യത്യസ്തമായ ഒരു സിനിമ ചെയ്യുമ്പോൾ നമ്മൾ ഒരുപാട് പോരാടേണ്ടി വരും,’ രഞ്ജൻ പ്രമോദ് പറയുന്നു.

Content Highlight: Ranjan Pramodh Talk About Rakshadhikari Baiju Movie

We use cookies to give you the best possible experience. Learn more