| Tuesday, 28th May 2024, 12:35 pm

ആരും ആ വിഷയത്തെ കുറിച്ച് ഒന്നും പറയാത്തത് കൊണ്ടാണ് ഞാൻ ഫോട്ടോഗ്രാഫർ എന്ന ചിത്രം ഒരുക്കിയത്: രഞ്ജൻ പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റുകൾക്ക് തൂലിക ചലിപ്പിച്ചിട്ടുള്ള തിരക്കഥാകൃത്താണ് രഞ്ജൻ പ്രമോദ്. ഫോട്ടോഗ്രാഫർ, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനായും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

ഏറെ ചർച്ചയായ ഒരു ചിത്രമായിരുന്നു രഞ്ജൻ പ്രമോദ് ആദ്യമായി സംവിധാനം ചെയ്ത ഫോട്ടോഗ്രാഫർ. മോഹൻലാൽ നായകനായ ചിത്രം കേരളത്തിൽ നടന്ന ചില രാഷ്ട്രീയ പ്രശ്നങ്ങളെ ആസ്‌പദമാക്കിയാണ് ഒരുക്കിയത്.

മറ്റൊരാളും ചെയ്യാത്തത് കൊണ്ടാണ് അങ്ങനെയൊരു സിനിമ ചെയ്യാൻ താൻ മുതിർന്നതെന്നും അത്തരത്തിൽ ഒരു സംഭവം ലോകത്ത് എവിടെയും നടക്കില്ലെന്നും അദ്ദേഹം പറയുന്നു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു രഞ്ജൻ പ്രമോദ്.

‘റെലവെന്റ് ആയിട്ടുള്ള ഒരു പൊളിറ്റിക്കൽ ഇഷ്യൂ എന്നതിലുപരി അതൊരു വലിയ സംഭവമായിരുന്നു. ഒരു നാട്ടിലെ ജനതക്കെതിരെ, ട്രൈബിന് നേരെ സംസ്ഥാനത്തെ പൊലീസ് വെടിവെച്ചു എന്ന് പറയുന്നത് ലോകത്ത് എവിടെയും നടക്കാത്ത ഒരു കാര്യമാണ്.

ഇങ്ങനെയൊരു വലിയ സംഭവം നടന്നിട്ട് അതിനെ പറ്റി ഒരു കഥയോ കവിതയോ നോവലോ ഒന്നും ഇത്രയും സാഹിത്യക്കാരുള്ള, ഇത്രയും കവികളും, ഇത്രയും ചലച്ചിത്ര പ്രവർത്തകരുമുള്ള ഒരു ഇടത്തു നിന്ന് ചെയ്യാൻ ശ്രമിച്ചില്ല.

ഒരു മൂന്ന് വർഷത്തോളം അത് ആരെങ്കിലും ചെയ്യും എന്ന് കരുതി കാത്തിരുന്നു. അത് ചെയ്യുന്നതിന് ചിലപ്പോൾ വേറേ വല്ല പ്രശ്നവും ഉള്ളത് കൊണ്ടായിരിക്കാം ചെയ്യാത്തത്. അല്ലെങ്കിൽ അത്തരം ഒരു കാര്യം ചെയ്യാനുള്ള മണ്ടത്തരം മറ്റുള്ള ആർക്കും ഉണ്ടാവില്ല. അത് ചെയ്യാൻ വേണ്ടി ഞാനൊരു മണ്ടനായി,’രഞ്ജൻ പ്രമോദ് പറയുന്നു.

Content Highlight: Ranjan Pramodh Talk About photographer Film

We use cookies to give you the best possible experience. Learn more