മോഹൻലാൽ – ജോഷി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു നരൻ. മോഹൻലാൽ മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ കഥ ഒരുക്കിയത് രഞ്ജൻ പ്രമോദ് ആയിരുന്നു. ഏറെ ആരാധകരുള്ള ഒരു കഥാപാത്രമായിരുന്നു മുള്ളൻകൊല്ലി വേലായുധൻ.
മുള്ളൻകൊല്ലി എന്ന സ്ഥലപ്പേര് ഉണ്ടായതിനെ കുറിച്ച് പറയുകയാണ് രഞ്ജൻ പ്രമോദ്. ഒരു യാത്രയിൽ കണ്ട എരുമ കൊല്ലി എന്ന സ്ഥലപ്പേരിൽ നിന്നാണ് മുള്ളൻ കൊല്ലി എന്ന പേരുണ്ടാവുന്നതെന്നും ആ സ്ഥലത്തിന്റെ ഭീകരത കാണിക്കാനാണ് അങ്ങനെയൊരു പേര് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീടൊരിക്കൽ മുള്ളൻകൊല്ലിയെന്ന സ്ഥലം ശരിക്കുമുണ്ടെന്ന് താൻ അറിഞ്ഞെന്നും അദ്ദേഹം റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘സ്ഥലത്തിന്റെ പേര് കേൾക്കുമ്പോൾ നമുക്കിത്തിരി പേടി തോന്നണം എന്നുള്ളത് കൊണ്ടാണ് മുള്ളൻ കൊല്ലി എന്ന പേര് സ്ഥലത്തിന് നൽകിയത്. കാരണം അവിടെ വേലായുധൻ ഉള്ളപ്പോൾ വേലായുധന്റെ വില മനസിലാവുന്നില്ല. വേലായുധൻ ഇല്ലാതെ വരുമ്പോൾ ആ പ്രാദേശത്തിന്റെ യഥാർത്ഥ മുഖം പുറത്തേക്ക് വരുകയാണ്.
നമ്മൾ ആദ്യം കാണുന്ന മുള്ളൻ കൊല്ലി എന്ന് പറയുന്നത് പേരിന്റെ ഭീകരതയുള്ള മുള്ളൻ കൊല്ലി ആയിരിക്കില്ല. ആ മുള്ളൻ കൊല്ലിയുടെ ഭീകരതയിലേക്ക് നമ്മൾ എത്തുകയില്ല. ഞാൻ പല തരത്തിലുള്ള പേരുകൾ ആലോചിച്ച് നോക്കി.
ഒരിക്കൽ നിലമ്പൂരിലൂടെ യാത്ര ചെയ്യുമ്പോൾ അവിടെ എരുമ കൊല്ലി എന്നൊരു സ്ഥലം കണ്ടു. കൊല്ലി എന്ന് പറഞ്ഞാൽ നമുക്കൊരു ഡാർക്ക് ഫീൽ അല്ലേ കിട്ടുക. പക്ഷെ കൊല്ലി എന്ന് പറഞ്ഞാൽ, കൊക്ക അല്ലെങ്കിൽ താഴ്ച്ച എന്നൊക്കെയാണ് അർത്ഥം. അല്ലാതെ കൊല്ലുന്നു എന്നുള്ളതല്ല.
ഞാൻ എരുമയെക്കാൾ കുറച്ചൂടെ ഭീകരമായിട്ടുള്ള ഒരു ജീവിയെ ആലോചിച്ചു. മുള്ളൻ പന്നി. അത് ഇങ്ങനെ കുടഞ്ഞാൽ അതിന്റെ മേലുള്ള ശരങ്ങൾ നാല് ഭാഗത്തേക്കും പോവും. അങ്ങനെയാണ് മുള്ളൻ കൊല്ലി എന്ന പേര് ഉണ്ടാവുന്നത്. പിന്നീട് ഒരിക്കൽ കാസർകോഡ് ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ അവിടെ ഒരു സ്ഥലത്ത് ബോർഡിൽ എഴുതി വെച്ചത് കണ്ടു,മുള്ളൻ കൊല്ലിയെന്ന്,’രഞ്ജൻ പ്രമോദ് പറയുന്നു.
Content Highlight: Ranjan Pramodh Talk About Naran Movie