വലിയ വിജയമായ ലാൽജോസ് ചിത്രമായിരുന്നു മീശമാധവൻ. രഞ്ജൻ പ്രമോദ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്.
ചിത്രത്തിലെ പിള്ളേച്ചൻ എന്ന ഭഗീരഥൻ പിള്ളയെ അവതരിപ്പിച്ചത് നടൻ ജഗതി ശ്രീകുമാറായിരുന്നു. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന പിള്ളേച്ചൻ എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് നടൻ നെടുമുടി വേണുവിനെ ആയിരുന്നുവെന്നാണ് രഞ്ജൻ പ്രമോദ് പറയുന്നത്.
എന്നാൽ ലാൽജോസിന്റെ തന്നെ മുമ്പിറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലെ നെടുമുടി വേണുവിന്റെ കഥാപാത്രത്തിന്റെ ആവർത്തനമാകുമോ എന്ന സംശയത്തിലാണ് ആ വേഷം ജഗതി ശ്രീകുമാറിന് നൽകിയതെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മീശ മാധവനിലെ എല്ലാ കഥാപാത്രങ്ങളും ആദ്യമേ മുൻകൂട്ടി തീരുമാനിച്ചത് തന്നെയാണ്. കാരണം അതിൽ അഭിനയിക്കുന്ന ആളുകൾ ആരൊക്കെയാണെന്ന് നമുക്ക് നേരത്തെ തന്നെ അറിയാമായിരുന്നു.
മാത്രമല്ല മീശമാധവൻ സിനിമ ആദ്യമായി പ്രൊപ്പോസ് ചെയ്ത സമയത്ത് അതിന് മീശ മാധവൻ എന്ന് പേരായിട്ടില്ല. അതുകൊണ്ട് തന്നെ അന്ന് വിതരണത്തിന് എടുക്കാനൊന്നും ആരും ഉണ്ടായിരുന്നില്ല. കാരണം ഞാനും ലാൽജോസും ചേർന്ന് രണ്ടാംഭാവം എന്ന സിനിമ ചെയ്ത് പരാജയപ്പെട്ട് നിൽക്കുന്ന സമയമായിരുന്നു.
അപ്പോഴാണ് ഈ പറക്കും തളിക എന്ന സിനിമ ചെയ്ത ഹംസ,സേവ്യർ എന്ന നിർമാതാക്കൾ ഞങ്ങളോട് സഹകരിക്കുന്നത്. എന്നാൽ അവർക്ക് ഒരു കണ്ടീഷൻ ഉണ്ടായിരുന്നു. പറക്കും തളികയിൽ ഉണ്ടായിരുന്ന എല്ലാ ആർട്ടിസ്റ്റുകളും ഇതിൽ ഉണ്ടാവണം എന്നതായിരുന്നു അവരുടെ ആവശ്യം. എല്ലാവർക്കും നല്ല റോളും ഉണ്ടാവണം.
മീശ മാധവൻ ശ്രദ്ധിച്ചാൽ മനസിലാവും പറക്കും തളികയിൽ അഭിനയിച്ചിട്ടുള്ള എല്ലാ താരങ്ങളും ഇതിനകത്തും ഉണ്ടാവും. സത്യത്തിൽ എല്ലാ മുൻകൂട്ടി തീരുമാനിച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നു.
മീശമാധവനിൽ ജഗതി ചേട്ടൻ ചെയ്ത ഭഗീരഥൻ പിള്ള എന്ന കഥാപാത്രത്തിനായി ആദ്യം ആലോചിച്ചത് വേണു ചേട്ടനെയായിരുന്നു. പക്ഷെ ലാൽജോസിന്റെ തൊട്ട് മുമ്പുള്ള ചിത്രമായ മറവത്തൂർ കനവ് എന്ന സിനിമക്കകത്ത് വേണു ചേട്ടൻ വന്നതുകൊണ്ട് ആ കഥാപാത്രവും അങ്ങനെ തന്നെയാവുമോ എന്ന കൺഫ്യൂഷൻ വന്നു. ആ റിപ്പീറ്റേഷൻ വരണ്ട എന്ന് കരുതിയാണ് വേണു ചേട്ടന് പകരം അമ്പിളി ചേട്ടനെ ആ കഥാപാത്രത്തിലേക്ക് കൊണ്ടുവരുന്നത്,’രഞ്ജൻ പ്രമോദ് പറയുന്നു.
Content Highlight: Ranjan Pramodh Talk About Meesha Madhavan Movie