മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാകൃത്താണ് രഞ്ജൻ പ്രമോദ്. ഫോട്ടോഗ്രാഫർ, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനായും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രമായിരുന്നു ഓ.ബേബി.
ചിത്രം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. സിനിമയെ പ്രശംസിച്ച് കൊണ്ട് സംവിധായകൻ സത്യൻ അന്തിക്കാട് തന്റെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. കെ. ജി. ജോർജിന്റെ ഇരകൾ എന്ന ചിത്രത്തെ കുറിച്ചും സത്യൻ അന്തിക്കാട് തന്റെ കുറിപ്പിലൂടെ പരാമർശിച്ചിരുന്നു.
എന്നാൽ തന്റെ സിനിമയെ ഇരകൾ എന്ന ചിത്രവുമായി താരതമ്യം ചെയ്യുന്നത് നല്ല മനോഭാവമല്ലെന്നും അത് സിനിമയെ തകർക്കുന്നതിന് തുല്യമാണെന്നും രഞ്ജൻ പ്രമോദ് പറയുന്നു. കണ്ടന്റിലും കഥ പശ്ചാത്തലത്തിലും രണ്ട് സിനിമയും വ്യത്യസ്തമാണെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു.
‘വെറുതെ ആവശ്യമില്ലാതെ ഒരു കാര്യവുമില്ലാതെ ഇരകൾ എന്ന സിനിമയെ ഒ. ബേബിയുമായോ ജോജിയുമായോ കംമ്പയർ ചെയ്യുന്നത് ഒരു നല്ല മനോഭാവമായിട്ട് എനിക്ക് തോന്നുന്നില്ല. അത് ആര് ചെയ്താലും ശരി. സത്യേട്ടൻ പറഞ്ഞതാണെങ്കിലും ആര് പറഞ്ഞതാണെങ്കിലും അത് സിനിമയെ തകർക്കുന്നതിന് തുല്യമാണ്.
കാരണം കണ്ടന്റിലോ അല്ലെങ്കിൽ സിനിമയുടെ ട്രീറ്റ്മെന്റിനകത്തോ അതിന്റെ കഥ പശ്ചാത്തലത്തിലോ ഒന്നിലും ഓ. ബേബിക്ക് ഇരകളുമായി ബന്ധമില്ല. ഇരകൾ എന്ന സിനിമ ഒരു എസ്റ്റേറ്റിലാണ് നടന്നിരിക്കുന്നത് എന്നൊരു കാര്യം മാത്രമേയുള്ളൂ. അതും ഏലക്കാടൊന്നുമല്ല. അതൊരു റബ്ബർ തോട്ടമാണ്.
റബ്ബർ തോട്ടം അതിന് ചുറ്റും ഉണ്ടെങ്കിലും ആ വീടിനകത്ത് നടക്കുന്ന കഥയാണ് ഇരകൾ. ആ വീടിനകത്തുള്ള ബന്ധങ്ങളുടെ കഥയാണ്. ഒരു തരത്തിലും ഈ സിനിമയെ ജോൺ സാറിന്റെ ഇരകളുമായി കംമ്പയർ ചെയ്യാൻ കഴിയില്ല. ഒരു തരത്തിലും പറ്റില്ല. ഇരകൾ ഒരു നല്ല സിനിമയാണ്. ക്ലാസ്സിക് സിനിമയാണ്,’രഞ്ജൻ പ്രമോദ് പറയുന്നു.
Content Highlight: Ranjan Pramodh About Irakal Movie and O.Baby Movie