| Friday, 30th August 2024, 3:57 pm

ആ സിനിമകൾ ഒരുക്കിയിട്ടും അദ്ദേഹത്തിനൊന്നും ഒരു അംഗീകാരവും ലഭിച്ചിട്ടില്ല: രഞ്ജൻ പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാകൃത്താണ് രഞ്ജൻ പ്രമോദ്. ഫോട്ടോഗ്രാഫർ, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനായും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രമായിരുന്നു ഓ.ബേബി.

ഈ വർഷത്തെ കേരള സംസ്ഥാന അവാർഡിൽ രണ്ട് പുരസ്‌കാരങ്ങൾ ഒ. ബേബി സ്വന്തമാക്കിയിരുന്നു. ഒരു സിനിമക്ക് അവാർഡ് നൽകുന്നത് ആ സിനിമയെ എല്ലാവരുടെയും മുന്നിൽ ഉയർത്തി പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും ഇവിടെയുള്ളവർക്ക് ആടുജീവിതത്തെ കുറിച്ചോ, ഒ.ബേബിയെ കുറിച്ചോയൊന്നും അറിയാൻ ഈ അവാർഡിന്റെ ആവശ്യമില്ലെന്നും രഞ്ജൻ പ്രമോദ് പറയുന്നു.

പത്മരാജൻ, കെ.ജി. ജോർജ് തുടങ്ങിയ സംവിധായകർക്കൊന്നും ഇങ്ങനെ അവാർഡ് ലഭിച്ചിട്ടില്ലെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു. സിനിമ ഭ്രാന്തനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവാർഡ് എന്ന കാര്യത്തിന് ഒരു ഉദേശമുണ്ട്. ഈ വർഷം ഇറങ്ങിയ കുറച്ച് മികച്ച സിനിമകളെ ഒരു പക്ഷാഭേദവുമില്ലാതെ ഉയർത്തി പിടിക്കുകയാണ്. പിൻ തലമുറയ്‌ക്ക് വേണ്ടിയോ നമുക്ക് പുറത്തുള്ള ആളുകൾക്കോ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്.

ഇവിടെ ഉള്ള ആളുകൾക്ക് ആടുജീവിതത്തെ കുറിച്ച് അറിയാനോ ഒ. ബേബിയെ കുറിച്ച് അറിയാനോ ഈ അവാർഡിന്റെയൊന്നും ആവശ്യമില്ല. ഒരു ദിവസത്തെ ന്യൂസ്‌ പേപ്പറിൽ വരുന്ന വാർത്തയുടെ അപ്പുറം അതിന് യാതൊരു പബ്ലിസിറ്റിയുമില്ല.

കഴിഞ്ഞ കാലങ്ങളിലൊക്കെ അവാർഡ് കിട്ടിയ സംവിധായകർ ആരൊക്കെയാണ്, ഏതൊക്കെ സിനിമയാണ്, ഏതൊക്കെ സംവിധായകരാണ് എന്നെല്ലാം നോക്കിയാൽ നമുക്കത് മനസിലാവും.

പത്മരാജൻ സാറിനൊന്നും ഒരു അവാർഡ് കിട്ടിയിട്ടില്ല. ലോഹിതാദാസിന് കിട്ടിയിട്ടില്ല. അങ്ങനെ കുറെയാളുകൾക്ക് പുരസ്‌കാരം ലഭിച്ചിട്ടില്ല. കെ.ജി. ജോർജ് സാറിനൊന്നും വലിയ അംഗീകാരങ്ങൾ കിട്ടിയിട്ടില്ല. അദ്ദേഹത്തെ പോലെ സിനിമകൾ ചെയ്തിട്ടുള്ളവർ വളരെ കുറവാണ്,’രഞ്ജൻ പ്രമോദ് പറയുന്നു.

Content Highlight: Ranjan Pramod Talk About State Awards And K.g.George

We use cookies to give you the best possible experience. Learn more