ആ നടൻ ക്ലോസപ്പ് ഷോട്ട് മാത്രമേ അഭിനയിക്കുള്ളൂ, ബാക്കിയൊക്കെ ഡ്യൂപ്പാണ്: രഞ്ജൻ പ്രമോദ്
Entertainment
ആ നടൻ ക്ലോസപ്പ് ഷോട്ട് മാത്രമേ അഭിനയിക്കുള്ളൂ, ബാക്കിയൊക്കെ ഡ്യൂപ്പാണ്: രഞ്ജൻ പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th August 2024, 11:30 am

മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാകൃത്താണ് രഞ്ജൻ പ്രമോദ്. ഫോട്ടോഗ്രാഫർ, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനായും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രമായിരുന്നു ഓ.ബേബി.

മലയാള സിനിമയിലെ ഒരു സമയത്തെ ഷൂട്ടിങ് സ്റ്റൈലിനെ കുറിച്ച് പറയുകയാണ് രഞ്ജൻ പ്രമോദ്. ക്ലോസ് അപ്പ്‌ ഷോട്ടുകൾ എടുത്ത് കഴിഞ്ഞാൽ തിരക്കുള്ള അഭിനേതാക്കളെ വിടുമായിരുന്നുവെന്നും മറ്റ് വൈഡ് ആംഗിൾ ഷോട്ടുകൾ പലപ്പോഴും ഡ്യൂപിനെ വെച്ചായിരുന്നു പൂർത്തിയാക്കാറുണ്ടായിരുന്നതെന്നും രഞ്ജൻ പറയുന്നു. തമിഴ് സിനിമയിലെ ഒരു ഹാസ്യ നടൻ ഇപ്പോഴും അങ്ങനെയാണെന്നും ഓർഡറിൽ ഷൂട്ട്‌ ചെയ്ത ആദ്യ മലയാള ചിത്രം മഹേഷിന്റെ പ്രതികാരമാണെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു തുടർച്ചയും ഇല്ലതെയാണ് പണ്ടൊക്കെ മലയാള സിനിമകൾ എടുത്തിരുന്നത്. വൈഡ് ഷോട്ടുകളൊക്കെ ആദ്യം എടുക്കും. പിന്നെ ക്ലോസ് അപ്പ്‌ ഷോട്ട് എടുത്തിട്ട് ആർട്ടിസ്റ്റുകളെ വിടും. മീശ മാധവനൊക്കെ എടുക്കുന്ന സമയത്ത് അങ്ങനെയാണ്.

സിനിമക്കകത്ത് അങ്ങനെയൊരു സമ്പ്രദായമായിരുന്നു ഉണ്ടായിരുന്നത്. ജഗതി ചേട്ടനൊക്കെ ഒരുപാട് സിനിമകൾ ചെയ്യുന്ന സമയമായിരുന്നു അത്. അപ്പോൾ മാത്രമല്ല. ഇപ്പോഴും തമിഴ് സിനിമയിലൊക്കെ അതുണ്ട്.

തമിഴ് സിനിമയിലെ വളരെ പ്രശസ്തനായ കോമഡിയനായ ഒരു നടനുണ്ട്. അയാൾ ക്ലോസപ്പ് മാത്രമേ അഭിനയിക്കുകയുള്ളൂ. ബാക്കിയൊക്കെ ഡ്യൂപ്പാണ്. വൈഡ് ഷോട്ടിലൊക്കെ ഡ്യുപ്പാണ്. ക്ലോസ് കാണിക്കുന്ന ഷോട്ടിന് മാത്രമേ അയാൾ വരുകയുള്ളൂ. പുള്ളി വരുമ്പോൾ ആ ക്ലോസ് അപ്പ്‌ ഷോട്ട് മാത്രമെടുത്ത് പുള്ളിയെ വിടണം.

അങ്ങനെയായിരുന്നു ഇവിടെ സിനിമ ചെയ്തുകൊണ്ടിരുന്നത്. സീൻ ഓർഡറിൽ തന്നെ ആദ്യമായി സിനിമ ചെയ്തത് മഹേഷിന്റെ പ്രതികാരത്തിലൂടെ ദിലീഷ് പോത്തനാണെന്ന് തോന്നുന്നു,’രഞ്ജൻ പ്രമോദ് പറയുന്നു.

Content Highlight: Ranjan Pramod Talk About Shooting Style In Malayalam Cinema