മോഹൻലാൽ – ജോഷി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു നരൻ. മോഹൻലാൽ മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ കഥ ഒരുക്കിയത് രഞ്ജൻ പ്രമോദ് ആയിരുന്നു. ഏറെ ആരാധകരുള്ള ഒരു കഥാപാത്രമായിരുന്നു മുള്ളൻകൊല്ലി വേലായുധൻ.
ഇന്നും ഏറെ ആരാധകരുള്ള ചിത്രത്തിലെ പാട്ടുകളും വലിയ രീതിയിൽ ഹിറ്റായി മാറിയിരുന്നു. നരൻ മോഹൻലാലിനെ നായകനാക്കി ആദ്യം താൻ സംവിധാനം ചെയ്യേണ്ട ചിത്രമായിരുന്നുവെന്ന് പറയുകയാണ് രഞ്ജൻ പ്രമോദ്. മോഹൻലാൽ തനിക്ക് ഡേറ്റ് തന്നിരുന്നുവെന്നും എന്നാൽ ചില പ്രശ്നങ്ങൾ കാരണം ആ സിനിമ മുടങ്ങിയെന്നും രഞ്ജൻ പ്രമോദ് പറയുന്നു.
പിന്നീട് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിന്റെ കഥ എഴുതുമ്പോഴാണ് ജോഷി തന്നെ കാണാൻ വരുന്നതെന്നും അങ്ങനെയാണ് നരൻ അദ്ദേഹം സംവിധാനം ചെയ്യാൻ തീരുമാനിക്കുന്നതെന്നും രഞ്ജൻ പ്രമോദ് പറയുന്നു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു രഞ്ജൻ പ്രമോദ്.
‘ജോഷി സാർ അതിലേക്ക് വരുന്നത് കുറെ കഴിഞ്ഞിട്ടാണ്. അത് ഞാൻ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയും അങ്ങനെ മുന്നോട്ട് പോവുകയും ചെയ്ത പ്രൊജക്ടാണ്. പിന്നീടാണ് അത് ജോഷി സാറിലേക്ക് പോവുന്നത്. കുറെ കഴിഞ്ഞിട്ടാണത്.
അച്ചുവിന്റെ അമ്മ എന്ന സിനിമയ്ക്ക് മുമ്പ് ഞാൻ സംവിധാനം ചെയ്യേണ്ട ചിത്രമായിരുന്നു നരൻ. നിർമാതാക്കളും ലാലേട്ടനുമായിട്ടുള്ള ചില പ്രശ്നങ്ങൾ കാരണം അത് നടക്കാതെ വന്നു. അച്ചുവിന്റെ അമ്മ ഞാൻ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ജോഷി സാർ വന്ന് എന്നോട് നമുക്കൊരു പടം ചെയ്താലോയെന്ന് ചോദിക്കുന്നത്.
അങ്ങനെയാണ് നരൻ ഉണ്ടാവുന്നത്. ലാലേട്ടൻ ആദ്യം മുതലേ ആ പ്രൊജക്ടിൽ ഉണ്ട്. ഞാൻ ഡയറക്ട് ചെയ്യാൻ വേണ്ടി ലാലേട്ടൻ എനിക്ക് ഡേറ്റ് തന്നതായിരുന്നു,’രഞ്ജൻ പ്രമോദ് പറയുന്നു.
ഫോട്ടോഗ്രാഫർ, രക്ഷധികാരി ബൈജു, ഈയിടെ ശ്രദ്ധ നേടിയ ഒ. ബേബി എന്നീ ചിത്രങ്ങളെല്ലാം സംവിധാനം ചെയ്തത് രഞ്ജൻ പ്രമോദ് ആയിരുന്നു.
Content Highlight: Ranjan Pramod Talk About Naran Movie And Director Joshy