മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാകൃത്താണ് രഞ്ജൻ പ്രമോദ്. ഫോട്ടോഗ്രാഫർ, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനായും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്.
ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി എത്തിയ മികച്ച ചിത്രമാണ് രക്ഷാധികാരി ബൈജു. ഒരു നാടിന് കളിസ്ഥലം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനോഹരമായി പറഞ്ഞ ചിത്രത്തിൽ ബിജു മേനോൻ ഒരു ക്രിക്കറ്റ് പ്ലെയർ കൂടിയാണ്.
എന്നാൽ റിയൽ ലൈഫിൽ ബിജു മേനോൻ ഒരു ക്രിക്കറ്ററാണെന്ന് തനിക്ക് സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് അറിയില്ലായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ രഞ്ജൻ പ്രമോദ്. ഈയിടെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ബിജു മേനോൻ ക്രിക്കറ്റ് കളിക്കുമെന്ന് താൻ തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു രഞ്ജൻ പ്രമോദ്.
‘സഞ്ജു പോസ്റ്റ് ഇട്ടപ്പോഴാണ് ഞാനും ആ സത്യം അറിഞ്ഞത്. എനിക്കറിയില്ലായിരുന്നു ബിജു ക്രിക്കറ്ററാണെന്ന്. ഷൂട്ടിന്റെ സമയത്തൊന്നും പുള്ളി ഒന്നും പറഞ്ഞിട്ടില്ലായിരുന്നു. സഞ്ജുവിന്റെ പോസ്റ്റ് കണ്ടപ്പോഴാണ് ഞാൻ അത് തിരിച്ചറിഞ്ഞത്.
സഞ്ജു പോസ്റ്റ് ചെയ്തത് കൊണ്ടാണ് ഞാൻ വിശ്വസിച്ചത്. അല്ലെങ്കിൽ ഞാൻ അത് ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്തതാണ് എന്ന് കരുതിയേനെ. പിന്നെ ഞാൻ കരുതിയത്, പുള്ളി പണ്ടൊരു ക്രിക്കറ്റ് ഫിലിം ചെയ്തിട്ടുണ്ട് മാൻ ഓഫ് ദി മാച്ച് എന്ന് പറഞ്ഞിട്ട്.
ആ സിനിമയ്‌ക്ക് വേണ്ടി ഇവർ ചെയ്ത ഐ. ഡി കാർഡ് എന്തെങ്കിലുമാണോയെന്നും സംശയിച്ചു. ആ സിനിമ ഞാൻ കണ്ടിട്ടില്ല. അപ്പോഴാണ് ഞാൻ ബിജുവിന്റെ അടുത്ത് ചോദിച്ചത്.
ഞാൻ ക്രിക്കറ്റ് കളിക്കുന്ന ആളാണെന്ന് നിങ്ങൾക്ക് അറിയില്ലേയെന്ന് പുള്ളി തിരിച്ച് ചോദിച്ചു. മറ്റേത് വെറും അഭിനയമാണെന്ന് പറഞ്ഞു. അപ്പോഴാണ് സത്യം ഞാൻ തിരിച്ചറിയുന്നത്. എനിക്കറിയില്ലായിരുന്നു,’ രഞ്ജൻ പ്രമോദ് പറയുന്നു.
ബിജു മേനോന്റെ പഴയ ഒരു ഐഡന്റിറ്റി കാർഡിന്റെ ചിത്രം ഒരു ടൈമിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തൃശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആ ഐ.ഡി കാർഡിന്റെ ഫോട്ടോ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണായിരുന്നു തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തത്.
Content Highlight: Ranjan Pramod Talk About Biju Menon And Sanju Samson