നരന്‍ റിലീസാകുന്നതിന്റെ തലേദിവസം വരെ ആന്റണി എന്നോട് ദേഷ്യപ്പെട്ടു, ഈ പടം പൊട്ടുമെന്ന് അയാള്‍ പറഞ്ഞു: രഞ്ജന്‍ പ്രമോദ്
Entertainment
നരന്‍ റിലീസാകുന്നതിന്റെ തലേദിവസം വരെ ആന്റണി എന്നോട് ദേഷ്യപ്പെട്ടു, ഈ പടം പൊട്ടുമെന്ന് അയാള്‍ പറഞ്ഞു: രഞ്ജന്‍ പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th September 2024, 4:26 pm

തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് രഞ്ജന്‍ പ്രമോദ്. രണ്ടാം ഭാവം എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ട് സിനിമാലോകത്തേക്ക് കടന്നുവന്ന രഞ്ജന്‍ പ്രമോദ് അഞ്ച് സിനിമകള്‍ രചിക്കുകയും മൂന്ന് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട ഓ ബേബി സംവിധാനം ചെയ്തതും രഞ്ജന്‍ പ്രമോദാണ്.

മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത് 2005ല്‍ റിലീസായ നരന്റെ തിരക്കഥയെഴുതിയത് രഞ്ജന്‍ പ്രമോദാണ്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു നരനിലെ മുള്ളന്‍കൊല്ലി വേലായുധന്‍. ഒരേസമയം മാസും ക്ലാസുമായ കഥാപാത്രത്തെ ഇന്നു ആരാധകര്‍ ആഘോഷിക്കുന്നുണ്ട്. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി നരന്‍ മാറി.

എന്നാല്‍ സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേദിവസം വരെ ആന്റണി തന്നെ ചീത്തവിളിച്ചെന്നും നരന്‍ പരാജയമാകുമെന്ന് പറയുകയും ചെയ്‌തെന്ന് രഞ്ജന്‍ പ്രമോദ് പറഞ്ഞു. തനിക്ക് ഈ സിനിമ വേണ്ട എന്നുവരെ ആന്റണി പറഞ്ഞുവെന്നും അദ്ദേഹത്തിന് ആ സിനിമയില്‍ യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നുവെന്നും രഞ്ജന്‍ പ്രമോദ് കൂട്ടിച്ചേര്‍ത്തു.

അതുവരെ കണ്ടുശീലിച്ച കണ്‍വെന്‍ഷണല്‍ മാസ് സിനിമകളിലുള്ള ഒരു കാര്യവും നരനില്‍ ഇല്ലായിരുന്നുവെന്നും രഞ്ജന്‍ പ്രമോദ് പറഞ്ഞു. സിനിമാപ്രാന്തനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മാസ് സിനിമകള്‍ ഉണ്ടാക്കുക എന്നത് വളരെ പാടുള്ള പണിയാണ്. നരന്‍ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് വരെ അട്ടര്‍ ഫ്‌ളോപ്പായിരുന്നു. ആ സിനിമയുടെ പ്രൊഡക്ഷന്‍ മുതല്‍ ആര്‍ക്കും അതില്‍ പ്രതീക്ഷയില്ലായിരുന്നു. ജോഷി സാര്‍ ആ സിനിമ മൊത്തം എഡിറ്റ് ചെയ്ത് കഴിഞ്ഞ് തിയേറ്ററിലെത്തിയപ്പോഴാണ് പടം ഹിറ്റാണെന്ന് പലര്‍ക്കും മനസിലായത്.

ആന്റണി അതിന്റെ കട്ട് കണ്ടിട്ട് വല്ലാതെ ചൂടായി എന്നെ തെറിവിളിച്ചു. അദ്ദേഹം കണ്ടത് ഫൈനല്‍ കട്ടല്ല, ഡബ്ബിങ് പൂര്‍ത്തിയായതിന് ശേഷമുള്ള വേര്‍ഷനാണ്. അതില്‍ അവിടവിടായി ചെറിയ ലാഗുണ്ടായിരുന്നു. എനിക്ക് ഈ സിനിമ വേണ്ട എന്നുവരെ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. കാരണം, അതുവരെ കണ്ടുശീലിച്ച കണ്‍വെന്‍ഷണല്‍ മാസ് സിനിമകളിലെ യാതൊരു എലമെന്റും നരനിലുണ്ടായിരുന്നില്ല. പക്ഷേ, തിയേറ്ററില്‍ സിനിമ ഹിറ്റായി,’ രഞ്ജന്‍ പ്രമോദ് പറഞ്ഞു.

Content Highlight: Ranjan Pramod shares Antony Perumbavoor’s opinion about Naran movie before release