Entertainment news
മമ്മൂട്ടി ഓക്കെ പറഞ്ഞ കഥ ഒടുവിൽ മോഹൻലാൽ ചെയ്ത് സൂപ്പർ ഹിറ്റാക്കി, പക്ഷെ കഥയിൽ ആ മാറ്റങ്ങൾ വരുത്തി: രഞ്ജൻ പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 23, 04:11 am
Friday, 23rd August 2024, 9:41 am

മോഹൻലാൽ – ജോഷി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ്‌ ചിത്രമായിരുന്നു നരൻ. മോഹൻലാൽ മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ കഥ ഒരുക്കിയത് രഞ്ജൻ പ്രമോദ് ആയിരുന്നു. ഏറെ ആരാധകരുള്ള ഒരു കഥാപാത്രമായിരുന്നു മുള്ളൻകൊല്ലി വേലായുധൻ.

എന്നാൽ നരൻ എന്ന സിനിമ ആദ്യം മമ്മൂട്ടിക്ക് വേണ്ടി തീരുമാനിച്ച ഒരു കഥയായിരുന്നുവെന്നും ചില കാരണങ്ങളാൽ അത് മുടങ്ങിപോയെന്നും രഞ്ജൻ പ്രമോദ് പറയുന്നു. മമ്മൂട്ടി കഥയോട് ഓക്കെ പറഞ്ഞതാണെന്നും ആ പ്രൊജക്റ്റ്‌ കുറച്ച് മുന്നോട്ട് പോയിരുന്നുവെന്നും രഞ്ജൻ പ്രമോദ് പറയുന്നു.

എന്നാൽ പിന്നീട് മോഹൻലാലിലേക്ക് എത്തിയപ്പോൾ കഥ പൂർണമായി മാറിയെന്നും മോഹൻലാൽ ഫാൻസിനെല്ലാം വേണ്ടി കഥയിൽ ചില മാറ്റങ്ങൾ താൻ വരുത്തിയിട്ടുണ്ടെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു. ദി ഫോർത്തിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നരൻ എന്ന സിനിമക്ക് ആദ്യത്തെ ഒരു ഫോം ഉണ്ടായിരുന്നു. അത് മമ്മൂക്കയുടെ അടുത്തായിരുന്നു പറഞ്ഞിരുന്നത്. മമ്മൂക്ക അത് ചെയ്യാമെന്ന് പറഞ്ഞതുമാണ്. പിന്നെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അതങ്ങനെ മാറിപോയി.

പിന്നെയത് ലാലേട്ടനെ വെച്ച് ചെയ്യാമെന്ന് തീരുമാനിച്ചപ്പോൾ അതിന്റെ കഥയും കഥാപാത്രങ്ങളുമെല്ലാം പൂർണമായി മാറി. മമ്മൂക്കയായിരുന്നു ശരിക്കും അതിലെ നായകൻ. എന്റെ മനസിൽ അപ്പോൾ ഉണ്ടായിരുന്നത് മമ്മൂക്കയെ വെച്ചൊരു സിനിമയെന്നായിരുന്നു.

ആ ചിത്രം കെ.ടി.സി പ്രൊഡ്യൂസ് ചെയ്യുന്ന വിധത്തിൽ തീരുമാനിച്ച് കുറച്ച് മുന്നോട്ട് പോവുകയും ചെയ്തു. അത് കഴിഞ്ഞ് ആ പ്രൊജക്റ്റ്‌ ഡ്രോപ്പായതിന് ശേഷം പിന്നീട് ഈ കഥ തന്നെ ആലോചിക്കുമ്പോൾ അത് പൂർണമായി മറ്റൊരു കഥയായി മാറി.

മോഹൻലാൽ വരുമ്പോൾ അദ്ദേഹത്തിന്റെ ഫാൻസിനെയും പരിഗണിക്കണമല്ലോ. ഞാൻ കുറച്ച് കോമേഴ്‌ഷ്യലി ചിന്തിക്കുന്ന ആളാണ്. എന്റെ സിനിമയ്ക്ക് അവാർഡ് കിട്ടുന്നതിനേക്കാൾ, എന്റെ സിനിമക്ക് എനിക്ക് പോലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ഏറ്റവും ഇഷ്ടം,’രഞ്ജൻ പ്രമോദ് പറയുന്നു.

 

Content Highlight: Ranjan Pramod Says That They Firstly approach Mammooty For Naran Movie