ശ്രീനാഥ് ഭാസിയെക്കുറിച്ച് അയാൾ വന്ന നാൾ മുതൽ കേൾക്കുന്നതാണ്, ഷെയ്ൻ ആയാലും, ഇതറിഞ്ഞുകൊണ്ട് വിളിക്കേണ്ട കാര്യമില്ല: രഞ്ജൻ പ്രമോദ്
Entertainment
ശ്രീനാഥ് ഭാസിയെക്കുറിച്ച് അയാൾ വന്ന നാൾ മുതൽ കേൾക്കുന്നതാണ്, ഷെയ്ൻ ആയാലും, ഇതറിഞ്ഞുകൊണ്ട് വിളിക്കേണ്ട കാര്യമില്ല: രഞ്ജൻ പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th June 2023, 10:28 pm

ശ്രീനാഥ് ഭാസി സിനിമയിൽ വന്നപ്പോൾ മുതൽ വൈകിയാണ് എത്തിയിരുന്നതെന്ന് നടൻ രഞ്ജൻ പ്രമോദ്. അത് അദ്ദേഹത്തിന്റെ രീതികൾ ആണെന്നും വളരെ നേരത്തെ സിനിമ സെറ്റിൽ വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമ പ്രാന്തൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാ അഭിനേതാക്കൾക്കും സെറ്റുകളിൽ പ്രഷർ ഉണ്ടാകും. അവർ വൈകി വരുന്നു, ലഹരി ഉപയോഗിക്കുന്നു എന്നൊക്കെ പറയുന്നത് പൊളിറ്റിക്കലി കറക്ട് അല്ല. എല്ലാ കലാകാരന്മാർക്കും അല്ലെങ്കിൽ എല്ലാ മനുഷ്യർക്കും അവരുടേതായ രീതികൾ ഉണ്ട്, അവരുടെ താളങ്ങൾ ഉണ്ട്. ശ്രീനാഥ് ഭാസി വൈകിയേ വരൂ എന്ന് അയാൾ സിനിമയിൽ വന്ന കാലം മുതൽ ഞാൻ കേൾക്കുന്നതാണ്. എന്നാൽ അദ്ദേഹം നേരത്തെ സെറ്റിൽ വന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുമുണ്ട്. രാവിലെ വന്നില്ലെങ്കിൽ ചീത്ത കേൾക്കും എന്നോർത്ത് പുള്ളി എല്ലാം മാറ്റിവെച്ചിട്ടുമുണ്ട് സ്ട്രഗിൾ ചെയ്ത് നേരത്തെ വന്നിട്ടുമുണ്ട്, ഷെയ്‌നിന്റെ കാര്യമായാലും. ശ്രീനാഥിന്റെ കാര്യം മാത്രമല്ല എല്ലാവരും അങ്ങനെയാണ്.

കലാകാരൻ എന്ന് വെച്ചാൽ ഇമോഷൻ കൊണ്ട് കളിക്കുന്ന ആളുകളാണ്. അവരുടെ ഇമോഷൻ വളരെ പ്രധാനപെട്ടതാണ്. അവരുടെ ഇമോഷനുകൾക്ക് നമ്മൾ പ്രാധാന്യം കൽപ്പിക്കണം. എനിക്ക് വേണ്ട കഥാപാത്രങ്ങൾ ജീവൻവെച്ച്‌ അവരിലൂടെ വരികയാണ്. അപ്പോൾ അവരെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അവർ നമുക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്,’ രഞ്ജൻ പ്രമോദ് പറഞ്ഞു.

താരങ്ങൾ ഒരിക്കലും മനഃപൂർവം വൈകി വരില്ലെന്നും വൈകി വന്നാൽ അവർക്ക് തന്നെയാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

‘താരങ്ങൾക്ക് ഒരിക്കലും ഒരു ഷോട്ടെടുക്കാൻ വൈകി വരേണ്ട കാര്യമില്ല. നാളെയായാലും അവർ ഈ ഷോട്ട് ചെയ്യണം. വൈകി വന്നാൽ അവർക്ക് തന്നെയാണ് പണി. അല്ലെങ്കിൽ ഇത്തരത്തിൽ സ്വഭാവങ്ങൾ ഉള്ള ആളാണെന്ന് അറിഞ്ഞുകൊണ്ട് അയാളെ വർക്കിന് വിളിക്കരുത്. ശ്രീനാഥ് ഭാസി ഒരു സിനിമക്ക് മാത്രമല്ലല്ലോ വൈകിയത്. എല്ലാ സിനിമകളിലും അങ്ങനെ അല്ലെ. അപ്പോൾ ഇതറിഞ്ഞുകൊണ്ട് ഇവർ വിളിക്കേണ്ട കാര്യമില്ല. ഇയാൾക്ക് മാർക്കറ്റ് ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെ വർക്കിന്‌ വിളിക്കുന്നത്. അപ്പോൾ അയാളുടെ സൗകര്യങ്ങളെ മാനിക്കണം. എല്ലാവരും ഇത് ഇത്ര വലിയ പ്രശ്നമാക്കേണ്ട ആവശ്യമില്ല,’ രഞ്ജൻ പ്രമോദ് പറഞ്ഞു.

Cointent GHighlights: Ranjan Pramod on Sreenath Bhasai and Shane Nigam