പ്രേക്ഷകരുടെ ശ്രദ്ധ തിരിഞ്ഞുപോകാതിരിക്കാൻ നിർമാണത്തിൽ പുതിയ ടെക്‌നിക്കുകൾ ഉപയോഗിക്കണമെന്ന് തനിക്ക് ഷാജി കൈലാസ് പറഞ്ഞുതന്നിട്ടുണ്ടെന്ന് പറയുകയാണ് രഞ്ജൻ പ്രമോദ്. മീശമാധവൻ എന്ന ചിത്രത്തിൽ നല്ലവനായ കള്ളന്റെ കഥപറയണമെന്നായിരുന്നു തന്റെ ചിന്ത എന്നും സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘ഞാൻ സിനിമ ജീവിതം തുടങ്ങിയ സമയത്ത് സംവിധായകൻ ഷാജി കൈലാസിനെ പരിചയപ്പെട്ടു. എന്തുകൊണ്ടാണ് ചില ഒബ്ജക്റ്റുകളുടെ ക്ലോസ് അപ്പും, സിഗരറ്റ് കത്തുന്ന സീനൊക്കെ വ്യത്യസ്തമായ ടെക്‌നിക്കുകളിലൂടെ കാണിക്കുന്നതെന്നും ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഒരു സീൻ തുടങ്ങുന്നതിന് മുൻപ് ആളുകളുടെ തലക്ക് ഒരു അടി കൊടുക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. അത് വളരെ ബ്രില്യന്റ് ആയിട്ടുള്ള ഒരു ഫോർമുലയാണ്. പ്രേക്ഷകരെ മറ്റൊന്നും ശ്രദ്ധിക്കാൻ അനുവദിക്കാതെ ഓരോ തവണയും അവരുടെ ശ്രദ്ധ ആകർഷിക്കാനാണ് അദ്ദേഹം പറഞ്ഞത്. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി പല സംവിധായകരും പല വഴികളാണ് സ്വീകരിക്കുന്നത്,’ രഞ്ജൻ പ്രമോദ് പറഞ്ഞു.
അഭിമുഖത്തിനിടയിൽ മീശ മാധവൻ എന്ന ഹിറ്റ് ചിത്രത്തിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അന്ന് ആ ചിത്രത്തെപ്പറ്റി ആലോചിച്ചപ്പോൾ നല്ലവനും നാട്ടിലുള്ളവർക്ക് പ്രീയപെട്ടവനുമായ കള്ളന്റെ കഥ പറയണമെന്നായിരുന്നു തന്റെ ചിന്തയെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു.
‘മറ്റുള്ളവർ മാധവൻ എന്ന കഥാപാത്രത്തെ കള്ളൻ മാധവൻ ആയിട്ടേ കാണൂ. നാടിനോട് സ്നേഹമുള്ള ആൾ ആയതുകൊണ്ട് അയാൾ രാത്രിയിൽ ഉണർന്നിരിക്കുകയാണ്. അയാൾ നാടിന്റെ കാവൽക്കാരനുമാണ്.
നാടിന് എന്തെങ്കിലും ആപത്ത് സംഭവിക്കുകയാണെങ്കിൽ ഉണർന്ന് ഓടിന്റെ മുകളിൽ ഇരിക്കുന്ന കള്ളനാകും ആദ്യം കാണുക, ഇതാണ് ഞാൻ ആദ്യം ചിന്തിച്ചത്.
മീശമാധവൻ ഞാൻ ചെയ്യുമ്പോൾ നല്ലവനായ, നാട്ടുകാർക്ക് ഇഷ്ട്ടമുള്ള കള്ളൻ ഉണ്ടാകുമോ എന്ന ചോദ്യം വന്നിരുന്നു. അപ്പോൾ ഞാൻ പറഞ്ഞത് അങ്ങനെ ഒരു കള്ളൻ ഉണ്ട്. അത് ശ്രീകൃഷ്ണൻ ആണ്. മാധവൻ അങ്ങനെ ഒരു കള്ളനാണ്. അയാളുടെ നായികയുടെ പേര് രുക്മിണി എന്നാണ്. പക്ഷെ അത് കൃഷ്ണന്റെ കഥയൊന്നും അല്ല. ‘കണ്ണാ നീ ഇതിൽ ഉണ്ടായിരിക്കണം’ എന്ന പ്രാർഥനയാണത്,’ അദ്ദേഹം പറഞ്ഞു.
Content Highlights: Ranjan Pramod on Shaji Kailas