നരൻ എന്ന ചിത്രത്തിന് താൻ ആദ്യം ആലോചിച്ചുവച്ചിരുന്ന പേര് താപ്പാന എന്നായിരുന്നെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജൻ പ്രമോദ്.
മമ്മൂട്ടിയെയാണ് ആ ചിത്രത്തിൽ നായകൻ ആയി തീരുമാനിച്ചിരുന്നതെന്നും ചിത്രത്തിന്റെ കഥ ഇങ്ങനെ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആ ചിത്രം നടക്കാതെ വന്നപ്പോൾ പിന്നീടാണ് അത് നരൻ എന്ന ചിത്രം ആകുന്നതെന്നും
സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘നരൻ എന്ന ചിത്രത്തിന് ഞാൻ ആദ്യം ആലോചിച്ചിരുന്ന പേര് താപ്പാന എന്നായിരുന്നു. ആ സമയത് ചിത്രം മറ്റൊരു രൂപത്തിൽ ആയിരുന്നു. അതിൽ മമ്മൂക്കയെക്കൊണ്ട് അഭിനയിപ്പിക്കാനായിരുന്നു. പിന്നീട് ആ പ്രൊജക്റ്റ് നടക്കാത്ത സാഹചര്യത്തിലാണ് നരൻ എന്ന സിനിമ ആകുന്നതും അത് ലാലേട്ടനിലേക്ക് എത്തുന്നതും.
ലാലേട്ടനിലേക്ക് ചിത്രം എത്തുമ്പോൾ ആ കഥ അങ്ങനെ ഒന്നും അല്ലായിരുന്നു. അത് വേറൊരു ട്രീറ്റ്മെന്റ് ആയിരുന്നു. അത് മാറി ലാലേട്ടൻ ആണെന്ന് അറിയുന്ന സമയത്ത് അത് അടിമുടി മാറി. അല്ലാതെ മമ്മൂക്കക്ക് എഴുതിയ ഒരു കഥാപാത്രം ലാലേട്ടൻ ചെയ്തതല്ല.
നടൻ രഞ്ജി പണിക്കർ ആദ്യം ലാലേട്ടനെ വെച്ച് അനൗൺസ് ചെയ്ത ചിത്രമായിരുന്നു. അത് പക്ഷെ ഈ അർഥത്തിലുള്ള നരൻ അല്ലായിരുന്നു. അത് ഒരു കഥാപാത്രത്തിന്റെ പേരായിരുന്നു.
താപ്പാന എന്ന പേര് വേണ്ടെന്നും മറ്റൊരു പേര് ആലോചിക്കാമെന്നും തീരുമാനിച്ച സമയത് ആന്റണി ആണ് നരൻ എന്ന പേര് പറഞ്ഞത്. ജോഷി സാറും പറഞ്ഞു ഈ പേര് സ്യുട്ടാണെന്ന്. അദ്ദേഹം മുൻകൈ എടുത്ത് വിളിച്ച് സംസാരിച്ചാണ് നരൻ എന്ന പേരിട്ടത്,’ അദ്ദേഹം പറഞ്ഞു.
ഇത്രയും കാലംകൊണ്ട് ജനങ്ങളുടെ മനസ്സിലൂടെ പോയ ചിത്രമായതുകൊണ്ട് ഒരിക്കലും നരൻ എന്ന ചിത്തത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും അത് വളരെ റിസ്‌ക്കാണെന്നും അദ്ദേഹം പറഞ്ഞു.
‘നരൻ രണ്ടാം ഭാഗം ചെയ്യുന്നത് വളരെ റിസ്‌ക്കാണ്. കാരണം അത് ഇത്രയും കാലം ജനങ്ങളുടെ മനസിലൂടെ സഞ്ചരിച്ച് ആ സിനിമക്ക് ആളുകളുടെ മനസ്സിൽ ഒരു സ്ഥാനമുണ്ട്. അതിന്റെ വാലിൽകെട്ടി മറ്റൊരു സിനിമ ഉണ്ടാക്കാൻ നോക്കുന്നത് വളരെ റിസ്‌ക്കാണ്. അതേപോലെ തന്നെ ആ ചിത്രം ഒരിക്കലും ചെയ്യാൻ കഴിയില്ല. കാരണം കാലം ഒരുപാട് മുന്നോട്ട് വന്നു, ആളുകളൊക്കെ മാറി. പലരും ഇന്നില്ല. അതുപോലൊരു മുള്ളൻകൊല്ലി ഇനി ഉണ്ടാക്കാനും പറ്റില്ല. അതുകൊണ്ട് ഇന്ന് നമുക്ക് തികച്ചും ഒരു പുതിയ ചിത്രമാണ് ചെയ്യാൻ കഴിയൂ. എനിക്ക് തോന്നുന്നത് നരൻ 2 ഇനി സംഭവിക്കില്ലെന്നാണ്,’ രഞ്ജൻ പറഞ്ഞു.